ഞങ്ങള്‍ ഷിന്‍ഡെക്കൊപ്പം; 34 എംഎല്‍എമാര്‍ ഗവര്‍ണര്‍ക്ക് കത്തെഴുതി... ശിവസേന പിളരുന്നു
മുംബൈ: ശിവസേനയുടെ പിളര്‍പ്പ് ഉറപ്പായി. തങ്ങള്‍ വിമത നേതാവ് ഏകനാഥ് ഷിന്‍ഡെകൊപ്പമാണെന്ന് കാണിച്ച് 34 പാര്‍ട്ടി എംഎല്‍എമാര്‍ മഹാരാഷ്ട്ര ഗവര്‍ണര്‍ ഭഗത് കോശ്യാരിക്ക് കത്തയച്ചു. ഷിന്‍ഡെയെ പാര്‍ട്ടിയുടെ സഭാ കക്ഷി നേതാവായി പിന്തുണയ്ക്കുന്നു എന്നാണ് കത്തില്‍. തൊട്ടുപിന്നാലെ ഉദ്ധവ് താക്കറെയുടെ പ്രതികരണം വന്നു. ഉടന്‍ ഫേസ്ബുക്ക് ലൈവില്‍ സംസാരിക്കുമെന്നായിരുന്നു പ്രതികരണം.
അസമിലെ ഗുവാഹത്തിയുള്ള ഹോട്ടലിലാണ് ശിവസേനയുടെ വിമത എംഎല്‍എമാര്‍. നേരത്തെ ഇവര്‍ക്കൊപ്പമുണ്ടായിരുന്നു രണ്ടു പേര്‍ ഉദ്ധവ് താക്കറെയുടെ നേതൃത്വം അംഗീകരിച്ച് തിരിച്ചെത്തി. പാര്‍ട്ടിയുടെ നിര്‍ദേശം അംഗീകരിക്കാത്തവരെ പുറത്താക്കുമെന്ന് ഉദ്ധവ് താക്കറെ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ശിവസേന രണ്ടായി മാറുമെന്ന് ഉറപ്പാണ്.

ഇന്ന് വൈകീട്ട് അഞ്ച് മണിക്ക് മുമ്പ് നിലപാട് മാറ്റി സര്‍ക്കാരിനൊപ്പം നില്‍ക്കണം എന്നായിരുന്നു ഉദ്ധവ് താക്കറെയുടെ അന്ത്യശാസനം. ഇത് വിമത എംഎല്‍എമാര്‍ തള്ളിയിരിക്കുകയാണ്. അവര്‍ ഷിന്‍ഡെക്കൊപ്പം അടിയുറച്ച് നില്‍ക്കുമെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്. 20ല്‍ താഴെ എംഎല്‍എമാരുടെ പിന്തുണ മാത്രമാണ് ഉദ്ധവ് താക്കറെക്കുള്ളത്. കൂടുതല്‍ അംഗങ്ങള്‍ ഷിന്‍ഡെക്കൊപ്പമാണ്. ഷിന്‍ഡെയുടെ പിന്തുണ ലഭിച്ചാല്‍ ബിജെപിക്ക് ഭരണം നടത്താന്‍ സാധിക്കും. ചില സ്വതന്ത്ര അംഗങ്ങള്‍ ബിജെപിയെ പിന്തുണയ്ക്കുമെന്നാണ് വിവരം.
ഭാരത് ഗോഗാവ്‌ലെയെ ചീഫ് വിപ്പായി തിരഞ്ഞെടുത്തിരിക്കുകയാണ് വിമതര്‍. ഞങ്ങള്‍ ഇപ്പോഴും ശിവസേനയാണ് എന്ന് വിമതര്‍ പറയുന്നു. ഇരുവിഭാഗവും ഞങ്ങളാണ് യഥാര്‍ഥ ശിവസേന എന്ന് വാദിക്കുകയാണ്. ഇതോടെ വിഷയം നിയമ പോരാട്ടത്തിലേക്ക് എത്തുമെന്നാണ് സൂചന. അതേസമയം, ഉദ്ധവ് താക്കറെ നിയമിച്ച ചീഫ് വിപ്പ് സുനില്‍ പ്രഭുവാണ്. ഇദ്ദേഹത്തിന്റെ നിയമനം അംഗീകരിക്കില്ലെന്ന് വിമതര്‍ പറയുന്നു. മഹാരാഷ്ട്ര നിയമസഭാ ഡെപ്യൂട്ടി സ്പീക്കര്‍ക്കും ഇതേ കത്ത് വിമത എംഎല്‍എമാര്‍ അയച്ചിട്ടുണ്ട്.
ഏകനാഥ് ഷിന്‍ഡെക്കൊപ്പം 34 എംഎല്‍എമാരാണുള്ളത്. ഇതില്‍ നാല് പേര്‍ സ്വതന്ത്രരാണ്. 30 എംഎല്‍എമാര്‍ ശിവസേനയുടേതും. ഏഴ് ശിവസേന അംഗങ്ങള്‍ കൂടി വിമത പക്ഷം ചേര്‍ന്നാല്‍ പാര്‍ട്ടി പിളരും. കൂറുമാറ്റ നിരോധന നിയമം വിമതരെ ബാധിക്കുകയുമില്ല. മൂന്നില്‍ രണ്ട് അംഗങ്ങളുടെ പിന്തുണയുണ്ടെങ്കില്‍ കൂറുമാറ്റ നിരോധന നിയമ പ്രകാരം അയോഗ്യരാകില്ലെന്നാണ് നിയമ വിദഗ്ധര്‍ പറയുന്നത്. അതേസമയം, നാല് ശിവസേന എംഎല്‍എമാര്‍ കൂടി വിമത പക്ഷം ചേര്‍ന്നുവെന്നാണ് ഒടുവിലെ വിവരം. ഇവര്‍ ബിജെപി നേതാക്കള്‍ക്കൊപ്പം ഇന്ന് വൈകീട്ട് മുംബൈയില്‍ നിന്ന് അസമിലേക്ക് പുറപ്പെട്ടു. ബിജെപി സംസ്ഥാന അധ്യക്ഷന്‍ ചന്ദ്രകാന്ത് പാട്ടീലും ഇവര്‍ക്കൊപ്പമുണ്ട്.












Click it and Unblock the Notifications