പവാറുമായുള്ള ചര്‍ച്ചയ്ക്ക് പിന്നാലെ ഔദ്യോഗിക മന്ദിരം ഒഴിഞ്ഞ് ഉദ്ധവ് താക്കറെ; നീക്കമിങ്ങനെ
മുംബൈ: മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ മുഖ്യമന്ത്രി മന്ദിരം ഒഴിഞ്ഞു. സ്വന്തം വീടായ മാതോശ്രീയിലേക്ക് മടങ്ങുമെന്നാണ് ഉദ്ധവ് അറിയിച്ചത് എന്നാണ് റിപ്പോര്‍ട്ടുകള്‍. രാജി വെയ്ക്കാന്‍ താന്‍ ഒരുക്കമാണെന്ന് വ്യക്തമാക്കിയതിന് പിന്നാലെയാണ് ഉദ്ധവ് മുഖ്യമന്ത്രിയുടെ വസതി ഒഴിഞ്ഞിരിക്കുന്നത്. ഇതോടെ ഉദ്ധവ് മുഖ്യമന്ത്രിസ്ഥാനം ഒഴിയുമെന്നാണ് സൂചന. ശിവസേനയും കോണ്‍ഗ്രസും എന്‍സിപിയും നിര്‍ണായക കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് ഉദ്ധവ് മുഖ്യമന്ത്രിയുടെ മന്ദിരം ഒഴിഞ്ഞതെന്ന് കൂടി ശ്രദ്ധേയമാണ്.
മഹാരാഷ്ട്രയില്‍ സഖ്യകക്ഷി സര്‍ക്കാരിനെ എങ്ങനെയും സംരക്ഷിക്കണമെന്നാണ് മുഖ്യമന്ത്രി ഉദ്ധവ് താക്കറെയോട് ശരദ് പവാറാവശ്യപ്പെട്ടത്. ഷിന്‍ഡെയെ മുഖ്യമന്ത്രിയാക്കുന്നത് പരിഗണിക്കാമെന്നും ആവശ്യമെങ്കില്‍ മന്ത്രിസഭ പുനഃസംഘടിപ്പിക്കാമെന്നും ശരദ് പവാര്‍ അറിയിച്ചു. ശരദ് പവാര്‍, മകളും എംപിയുമായ സുപ്രിയ സുലെ, മന്ത്രി ജിതേന്ദ്ര അവ്ഹാദ് എന്നിവര്‍ ആണ് ഉദ്ധവിനെ നേരിട്ട് കാണാനെത്തിയത്.

തങ്ങൾ വിമത നേതാവ് ഏകനാഥ് ഷിൻഡെക്ക് ഒപ്പം ആണെന്ന് കാണിച്ച് 34 പാർട്ടി എംഎൽഎമാർ മഹാരാഷ്ട്ര ഗവർണർ ഭഗത് കോശ്യാരിക്ക് കത്തയച്ചിരുന്നു. ഷിൻഡെയെ പാർട്ടിയുടെ സഭാ കക്ഷി നേതാവായി പിന്തുണയ്ക്കുന്നു എന്നായിരുന്നു കത്തിൽ. ഇതിന് പിന്നാലെയാണ് ഫേസ്ബുക്ക് ലൈവിൽ സംസാരിക്കുമെന്ന് ഉദ്ധവ് താക്കറെ പറഞ്ഞത്. ഫേസ്ബുക്ക് ലൈവിലായിരുന്നു അദ്ദേഹം രാജിവെയ്ക്കാൻ ഒരുക്കമാണെന്ന് അറിയിച്ചത്.
ശിവസേനയില്‍ നിന്ന് ആര്‍ക്ക് വേണം എങ്കിലും മുഖ്യമന്ത്രി ആവാം എന്നും ഭരണപരിചയം ഇല്ലാതെയാണ് മുഖ്യമന്ത്രി ആയതെന്നും ഉദ്ധവ് പറഞ്ഞിരുന്നു. കോവിഡ് അടക്കം പല പ്രതിസന്ധികളെയും നേരിട്ടു. രാജ്യത്തെ മികച്ച അഞ്ച് മുഖ്യമന്ത്രിമാരില്‍ ഒരാളായി. കഴിഞ്ഞ രണ്ടര വര്‍ഷമായി നിങ്ങള്‍ നല്‍കിയ പിന്തുണയ്ക്ക് നന്ദിയുണ്ട്.
'നിങ്ങള്‍ സംസാരിക്കുമ്പോള്‍ ഉദ്ധവ് ജി ഞങ്ങളുടെ കുടുംബത്തിലെ ഒരാളായി തോന്നുന്നു എന്ന് നിരവധി പേര്‍ പറഞ്ഞിട്ടുണ്ട്. ആകസ്മികമായാണ് മുഖ്യമന്ത്രിസ്ഥാനം എന്നില്‍ എത്തിയത്. അത് ഞാന്‍ ആഗ്രഹിച്ച ഒന്നല്ല. മുഖ്യമന്ത്രിയായി എന്നെ വേണ്ടെന്ന് ഒരു എംഎല്‍എ പറഞ്ഞാല്‍ ഞാന്‍ രാജിവെയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു.


Click it and Unblock the Notifications