വഴങ്ങാതെ ശിവസേന; ഗോവയിൽ നിന്നും പാഠം പഠിച്ച് മുന്നോട്ട്, ശ്രദ്ധയോടെ വീക്ഷിച്ച് ജെഡിയു
മുംബൈ: നിയമസഭ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് പ്രതീക്ഷിച്ച വിജയം കൈവരിക്കാൻ സാധിക്കാത്ത സംസ്ഥാനമാണ് ഹരിയാണ. ലോക്സഭ തിരഞ്ഞെടുപ്പിൽ പത്തിൽ പത്ത് സീറ്റുകളും നേടാൻ സാധിച്ചെങ്കിലും നിയമസഭ തിരഞ്ഞെടുപ്പിൽ കേവല ഭൂരിപക്ഷം കടക്കാൻ ബിജെപിക്ക് സാധിച്ചില്ല. എങ്കിലും ജെജെപിയുടെയും സ്വതന്ത്ര എംഎൽഎമാരുടെയും പിന്തുണയോടെ തിരഞ്ഞെടുപ്പ് ഫലം വന്ന് 72 മണിക്കൂറിനുള്ളിൽ സർക്കാർ രൂപികരിക്കാൻ ബിജെപിക്ക് സാധിച്ചു.
രാഹുൽ ഗാന്ധിയുടെ യാത്രകൾക്കായി മാത്രം 40 കോടി; കോൺഗ്രസിന്റെ തിരഞ്ഞെടുപ്പ് ചെലവുകൾ ഇങ്ങനെ
മഹാരാഷ്ട്രയിൽ സ്ഥിതി വ്യത്യസ്ഥമാണ്. സഖ്യകക്ഷിയായ ശിവസേനയും ബിജെപിയും ചേർന്ന് കേവല ഭൂരിപക്ഷം കടന്നെങ്കിലും സർക്കാർ രൂപീകരിക്കാൻ സാധിച്ചില്ല, മുഖ്യമന്ത്രി പദം പങ്കിടണമെന്ന ശിവസേനയുടെ ആവശ്യത്തോട് ബിജെപി അനുകൂലമായി പ്രതികരിക്കാത്തതാണ് പ്രതിസന്ധിക്ക് കാരണം. മഹാരാഷ്ട്രയിൽ ശിവസേനയുടെ നിലപാടാകും നിർണായകമാകുക.

സർക്കാർ രൂപീകരണം നീളുന്നു
മഹാരാഷ്ട്രയിൽ നവംബർ എട്ടിനാണ് കാവൽ സർക്കാരിന്റെ കാലാവധി അവസാനിക്കുന്നത്. ശിവസേനയും ബിജെപിയും വിട്ടു വീഴ്ചകൾക്ക് തയ്യാറായില്ലെങ്കിൽ സംസ്ഥാനം രാഷ്ട്രപതി ഭരണത്തിലേക്ക് പോയേക്കും. പ്രതിപക്ഷ പാർട്ടികളെ ഒപ്പം നിർത്താനുള്ള ശിവസേനയുടെ നീക്കത്തോടും അനുകൂല പ്രതികരണം ലഭിച്ചിരുന്നില്ല. മുഖപത്രങ്ങളിലൂടെ പരസ്പരം നടത്തുന്ന ആക്രമണങ്ങൾ പ്രതിസന്ധി വർദ്ധിപ്പിക്കുകയാണ്.

വഴങ്ങാതെ ബിജെപി
ശിവസേനയുടെ ആവശ്യങ്ങൾ അംഗീകരിക്കാൻ കഴിയില്ലെന്ന നിലപാടിൽ ഉറച്ച് നിൽക്കുകയാണ് ബിജെപിയെന്നാണ് സൂചന. ലോക്സഭ തിരഞ്ഞെടുപ്പ് അടുത്തതോടെ ഇടഞ്ഞു നിന്ന സേനയെ ബിജെപി അനുനയിപ്പിച്ചാണ് സഖ്യം രൂപീകരിച്ചത്. നിയമസഭ തിരഞ്ഞെടുപ്പിൽ സഖ്യം തുടരുന്നതിനേക്കുറിച്ചും മുഖ്യമന്ത്രിപദം, മന്ത്രിമാരുടെഎണ്ണം തുടങ്ങിയ കാര്യങ്ങളിലും ലോക്സഭ തിരഞ്ഞെടുപ്പ് ഘട്ടത്തിൽ തന്നെ തീരുമാനം എടുത്തിരുന്നു. ഈ ധാരണകൾ പാലിക്കാൻ ബിജെപി തയ്യാറാകണമെന്നാണ് ശിവസേനയുടെ ആവശ്യം.

സഖ്യം വേണം
അതേസമയം ബിജെപിയുമായി അധികാരം പങ്കിടാൻ ശിവസേന ആഗ്രഹിക്കുന്നുണ്ടെന്ന് തന്നെയാണ് വിലയിരുത്തലുകൾ. പാർട്ടിയുടെ ആധിപത്യം അണികളെ ബോധ്യപ്പെടുത്തേണ്ടതും അത്യാവശ്യമാണ്. ആര്, എങ്ങനെ സർക്കാർ രൂപീകരിക്കും എന്നതിലുപരി ഉദ്ധവ് താക്കറെ സംബന്ധിച്ചിടത്തോളം വലിയ രാഷ്ട്രീയ പരീക്ഷ കൂടിയാണിത്. കഴിഞ്ഞ 5 വർഷത്തിനിടയിൽ മഹാരാഷ്ട്രയിൽ പാർട്ടിയുടെ അടിത്തറ ശക്തമാക്കാൻ ബിജെപിക്ക് സാധിച്ചിട്ടുണ്ട്.

ഗോവയിലെ ഉദാഹരണം
ശിവസേനയെ സംബന്ധിച്ചിടത്തോളം തൊട്ടടുത്ത സംസ്ഥാനമായ ഗോവ നൽകുന്ന ഉദാഹരണം പ്രസ്കതമാണ്. ഒരു കാലത്ത് സംസ്ഥാനം ഭരിച്ചിരുന്ന മഹാരാഷ്ട്രവാദി ഗോമാന്തക് പാർട്ടി ഇന്ന് ചുരുങ്ങിയ സീറ്റുകളിലേക്ക് ഒതുങ്ങിയിരിക്കുകയാണ്. ബ്രാഹ്മണേതര സമുദായത്തിനിടയിൽ എംജിപിക്ക് ശക്തമായ സ്വാധീനം ഉണ്ടായിരുന്നു. എന്നാൽ രണ്ട് പതിറ്റാണ്ടുകൊണ്ട് എംജിപിയുടെ സ്വാധീനം ക്ഷയിച്ചിരിക്കുന്നു. തുടർച്ചയായ രണ്ട് തവണ സംസ്ഥാനം ഭരിക്കാനും ബിജെപിക്ക് സാധിച്ചു. സഖ്യകക്ഷിയായിരുന്ന എംജെപിയിൽ നിന്ന് നിരവധി നേതാക്കൾ ബിജെപിയിൽ എത്തുകയും ചെയ്തു. അടുത്ത 5 വർഷം ബിജെപി നയിക്കുന്ന സർക്കാരിന്റെ ഭാഗമായി നിൽക്കുകയാണെങ്കിൽ സംസ്ഥാനത്തെ തങ്ങളുടെ സ്വാധീനം നിലനിർത്താൻ കഴിയുമെന്ന് ശിവസേനയ്ക്ക് ഉറപ്പിക്കേണ്ടതുണ്ട്.

താക്കറെ തീരുമാനിക്കും
ബിജെപിക്കൊപ്പം തുടരണമോ വേണ്ടയോ എന്ന കാര്യത്തിൽ ഉദ്ധവ് താക്കറേയുടേതാണ് അന്തിമ തീരുമാനം. തീരുമാനം എന്തായാലും മഹാരാഷ്ട്രയിലും മറ്റ് സംസ്ഥാനങ്ങളിലും അതിന്റെ പ്രതിഫലനം ഉണ്ടായേക്കാം. ബീഹാറിൽ ബിജെപിയുടെ സഖ്യകക്ഷിയായ ജെഡിയുവും മഹാരാഷ്ട്രയിലെ സാഹചര്യങ്ങൾ ശ്രദ്ധയോടെ നിരീക്ഷിക്കുകയാണ്. ബിജെപി- ജെഡിയു ബന്ധത്തിൽ വിള്ളൽ വീഴുന്നതായുള്ള റിപ്പോർട്ടുകളും പുറത്ത് വരുന്നുണ്ട്.