മഹാരാഷ്ട്രയില്‍ ട്വിസ്റ്റ് തുടരുന്നു; ബിജെപി വക്താവ് ശിവസേനയുടെ സ്ഥാനാര്‍ത്ഥി!
മുംബൈ: മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സീറ്റ് വിഭജനത്തില്‍ ട്വിസ്റ്റ് തുടരുന്നു. ശിവസേന (യുബിടി) സീറ്റില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചത് ഇന്നലെയായിരുന്നു. ഇപ്പോഴിതാ ഇതിന് പിന്നാലെ ഏകനാഥ് ഷിന്‍ഡെയുടെ ശിവസേനയുടെ സ്ഥാനാര്‍ത്ഥി പട്ടികയില്‍ ബിജെപി വക്താവ് ഷൈന എന്‍സി സ്ഥാനം പിടിച്ചിരിക്കുകയാണ്. സീറ്റ് വിഭജനത്തില്‍ ഇരുമുന്നണികളിലും നിലനില്‍ക്കുന്ന അസ്വാരസ്യത്തെയാണ് ഇത് പ്രതിഫലിപ്പിക്കുന്നത്.
മുംബാദേവി മണ്ഡലത്തിലെ ശിവസേന സ്ഥാനാര്‍ത്ഥിയായാണ് ഷൈന ഇടം പിടിച്ചിരിക്കുന്നത്. നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന ദിവസമായ ഇന്ന് ഉച്ചയ്ക്ക് ഷൈന പത്രിക സമര്‍പ്പിക്കും. മുംബൈ ലോക്സഭാ സീറ്റിന്റെ ഭാഗമായ മുംബാദേവി മണ്ഡലത്തെ 2009 മുതല്‍ കോണ്‍ഗ്രസ് ആണ് പ്രതിനിധീകരിക്കുന്നത്. നേരത്തെ ശിവസേനയുടെ മിലിന്ദ് ദിയോറയ്ക്ക് ലഭിച്ച വോര്‍ളി സീറ്റില്‍ മത്സരിക്കാന്‍ ഷൈന ആഗ്രഹിച്ചിരുന്നു.

ഇത്തവണ വോര്‍ളിയില്‍ ഹൈ വോള്‍ട്ടേജ് മത്സരമാണ് നടക്കുന്നത്. ആദിത്യ താക്കറെയാണ് ദിയോറയ്‌ക്കെതിരെ മത്സരിക്കുന്നത്. അതേസമയം തന്റെ സ്ഥാനാര്‍ത്ഥിത്വം സഖ്യത്തിന്റെ തീരുമാനമാണ് എന്ന് ആദ്യ ഘട്ടത്തില്‍ പ്രഖ്യാപിച്ച ഷൈന തിങ്കളാഴ്ച ശിവസേനയില്‍ ചേര്‍ന്നു. മുംബൈക്കാരെ സേവിക്കാനുള്ള അവസരമാണിതെന്നും നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുന്നതിന് മുമ്പ് ചൊവ്വാഴ്ച രാവിലെ മുംബാ ദേവി ക്ഷേത്രം സന്ദര്‍ശിക്കുമെന്നും ഫാഷന്‍ ഡിസൈനര്‍ കൂടിയായ ഷൈന പറഞ്ഞു.
തിങ്കളാഴ്ച രാത്രിയാണ് ഷൈന ശിവസേനയില്‍ ചേര്‍ന്നതെന്ന് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ അവസരം നല്‍കിയതിന് പ്രധാനമന്ത്രി നരേന്ദ്ര മോദി, ഏകനാഥ് ഷിന്‍ഡെ, ദേവേന്ദ്ര ഫഡ്നാവിസ്, അജിത് പവാര്‍ എന്നിവര്‍ക്ക് ഷൈന എന്‍സി നന്ദി പറഞ്ഞു.
'എവിടെ നിന്ന് ഏത് സ്ഥാനാര്‍ത്ഥിയെ നിര്‍ത്തണമെന്ന് എപ്പോഴും തീരുമാനിക്കുന്നത് മഹായുതി നേതൃത്വമാണ്. എനിക്കൊരു എംഎല്‍എ ആകാന്‍ ആഗ്രഹമില്ല. പക്ഷേ അവരുടെ ശബ്ദമാകാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. എനിക്ക് പേഴ്സണല്‍ അസിസ്റ്റന്റ് ഇല്ല. എന്റെ എല്ലാ കോളുകള്‍ക്കും ഞാന്‍ തന്നെ മറുപടി നല്‍കും. എന്റെ പൗരന്മാര്‍ക്കും എന്റെ എല്ലാ വോട്ടര്‍മാര്‍ക്കും ഞാന്‍ എപ്പോഴും ആക്സസ് ചെയ്യാവുന്ന ആളായിരിക്കും,' ഷൈന വ്യക്തമാക്കി.
മുന്‍ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ റാവുസാഹേബ് ദന്‍വെയുടെ മകള്‍ സഞ്ജന ജാദവും ബിജെപി ടിക്കറ്റില്‍ കന്നഡ അസംബ്ലി സീറ്റില്‍ നിന്ന് നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ പിന്നീട് സഞ്ജനയും ശിവസേനയില്‍ ചേര്‍ന്നു. മഹാരാഷ്ട്രയിലെ വോട്ടെടുപ്പ് നവംബര്‍ 20 ന് നടക്കും. വോട്ടെണ്ണല്‍ നവംബര്‍ 23 നാണ്.












Click it and Unblock the Notifications