മഹായുതിയില്‍ കീറാമുട്ടിയായി സീറ്റ് വിഭജനം; 10 സീറ്റ് വേണമെന്ന് ബിജെപിയോട് അത്താവലെ
മുംബൈ: മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സീറ്റ് വിഭജന ചര്‍ച്ചകള്‍ക്കിടെ ബിജെപിക്ക് തലവേദനയായി റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഓഫ് ഇന്ത്യ. മഹായുതി സഖ്യത്തില്‍ സീറ്റ് വിഭജനം കീറാമുട്ടിയായിരിക്കെ പത്ത് സീറ്റുകളില്‍ അവകാശവാദമുന്നയിച്ച് ആര്‍പിഐ രംഗത്തെത്തി. പാര്‍ട്ടി മേധാവിയും കേന്ദ്രമന്ത്രിയുമായ രാംദാസ് അത്താവാലെയാണ് മത്സരിക്കാന്‍ സീറ്റ് വേണം എന്ന ആവശ്യവുമായി രംഗത്തെത്തിയിരിക്കുന്നത്.
എട്ട് മുതല്‍ പത്ത് വരെ സീറ്റുകളില്‍ മത്സരിക്കാനുള്ള താല്‍പര്യം ബിജെപിയെ അറിയിച്ചിട്ടുണ്ട് എന്നാണ് രാംദാസ് അത്താവാലെ പറഞ്ഞത്. മഹായുതി സഖ്യത്തിനുള്ളില്‍ നടന്നുകൊണ്ടിരിക്കുന്ന സീറ്റ് വിഭജന ചര്‍ച്ചകളുടെ ഭാഗമായി മുതിര്‍ന്ന ബിജെപി നേതാവും മഹാരാഷ്ട്ര തിരഞ്ഞെടുപ്പ് ചുമതലയുമുള്ള ഭൂപേന്ദ്ര യാദവിനെ കണ്ട് താന്‍ ഈ ആവശ്യം അറിയിച്ചതായും അത്താവലെ കൂട്ടിച്ചേര്‍ത്തു.

ദളിത് സമുദായങ്ങള്‍ക്കിടയില്‍ സംസ്ഥാനത്ത് തങ്ങള്‍ക്ക് പ്രത്യേക വോട്ട് ബാങ്ക് ഉണ്ടെന്ന് അദ്ദേഹം പറഞ്ഞു. തങ്ങളുടെ പ്രാതിനിധ്യം ശക്തിപ്പെടുത്തുന്നതിന് എട്ട് മുതല്‍ പത്ത് വരെ സീറ്റുകള്‍ വേണം എന്നും ഓരോ മേഖലയിലും ഒന്നോ രണ്ടോ സീറ്റുകള്‍ ലഭിക്കണം എന്നുമാണ് ആര്‍പിഐയുടെ ആവശ്യം. സഖ്യ പങ്കാളികളില്‍ ആത്മവിശ്വാസമുണ്ട് എന്നും രാംദാസ് അത്താവലെ പറഞ്ഞു.
അതിനിടെ ഡിസംബര്‍ ആറിന് ഡോ ബി ആര്‍ അംബേദ്കറുടെ ചരമവാര്‍ഷികത്തിനായുള്ള ഒരുക്കങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ മന്ത്രി ദീപക് കേസാര്‍ക്കറുമായി കൂടിക്കാഴ്ച നടത്തിയതായി അത്താവലെ പറഞ്ഞു. പൗര, റെയില്‍വേ ഉദ്യോഗസ്ഥരുമായി യോഗം ചേര്‍ന്നെന്നും ഈ വര്‍ഷം ഏകദേശം 11 കോടി രൂപ ഇതിനായി അനുവദിച്ചിട്ടുണ്ട് എന്നും അദ്ദേഹം പറഞ്ഞു. ശിവാജി പാര്‍ക്ക്, ചൈത്യഭൂമി എന്നിവിടങ്ങളില്‍ സന്ദര്‍ശകര്‍ക്കായി ക്രമീകരണങ്ങള്‍ ഒരുക്കും എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ബിജെപി, ശിവസേന, എന്‍സിപി എന്നിവ ഉള്‍പ്പെടുന്ന മഹായുതി സഖ്യത്തിന്റെ ഭാഗമാണ് ആര്‍പിഐ (എ). നിലവിലെ നിയമസഭയില്‍ 103 എംഎല്‍എമാരുള്ള ബിജെപിയാണ് ഏറ്റവും വലിയ ഒറ്റകക്ഷി. ശിവസേന 40, എന്‍സിപി 41 എന്നിങ്ങനെയാണ് മഹായുതി സഖ്യത്തിലെ കക്ഷികളുടെ സീറ്റ് നില. പ്രതിപക്ഷമായ മഹാ വികാസ് അഘാഡിയില്‍ കോണ്‍ഗ്രസ് 40, ശിവസേന (യുബിടി) 15, എന്‍സിപി (എസ്പി) 13 എന്നിങ്ങനെയാണ് സീറ്റ് നില.
സ്വതന്ത്രരും മറ്റുള്ളവരും അടക്കം 29 എംഎല്‍എമാര്‍ ഉണ്ട്. ചില സീറ്റുകള്‍ ഒഴിഞ്ഞുകിടക്കുകയാണ്. മഹാരാഷ്ട്രയിലെ 288 നിയമസഭാ സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പ് നവംബറില്‍ നടക്കാനാണ് സാധ്യത.












Click it and Unblock the Notifications