മഹാരാഷ്ട്ര സര്‍ക്കാര്‍ രൂപീകരണത്തില്‍ 50: 50 ഫോര്‍മുല: തിരഞ്ഞെടുപ്പിന് മുമ്പേ ധാരണയെന്ന് ശിവസേന
മുംബൈ: മഹാരാഷ്ട്ര തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ഫിനിഷിംഗ് പോയിന്റിലേക്ക് നീങ്ങുമ്പോള്‍ സര്‍ക്കാര്‍ രൂപീകരണത്തെക്കുറിച്ച് ശിവസേന. സര്‍ക്കാര്‍ രൂപീകരണത്തില്‍ ബിജെപിയുമായി തിരഞ്ഞെടുപ്പിന് മുമ്പുതന്നെ 50: 50 ഫോര്‍മുലയെക്കുറിച്ച് ധാരണയിലെത്തിയെന്നാണ് ശിവസേന നേതാവ് സഞ്ജയ് റൗട്ട് പ്രതികരിച്ചത്. സംസ്ഥാനത്തെ 288 നിയമസഭാ സീറ്റുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ ശിവസേന 124 സീറ്റുകളിലും ബിജെപി 150 സീറ്റുകളിലുമാണ് മത്സരിച്ചത്. അവശേഷിക്കുന്ന 14 സീറ്റുകള്‍ ചെറു കക്ഷികള്‍ക്ക് വിഭജിച്ച് നല്‍കുകയായിരുന്നു.
മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഫലം പുറത്തുവരുമ്പോള്‍ ബിജെപി- ശിവസേന സഖ്യത്തിന് തന്നെ മഹാരാഷ്ട്രയില്‍ ഭരണത്തുടര്‍ച്ചയുണ്ടാകുമെന്ന് വ്യക്തമായിക്കഴിഞ്ഞു. ബിജെപി അവകാശപ്പെട്ടതുപോലെ തന്നെ സര്‍ക്കാരിന്റെ ഭരണനേട്ടങ്ങള്‍ ബിജെപിയെ വീണ്ടും അധികാരത്തിലെത്തിക്കുകയാണെന്നും വിലിയിരുത്തേണ്ടിവരും. മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിലെ ബിജെപിയുടെ താര പ്രചാരണവും പ്രചാരണത്തിലെ ദേശീയ നേതാക്കളുടെ സാന്നിധ്യവും അനകൂലമായി ഭവിച്ചു.

മഹാരാഷ്ട്രയില്‍ 50:50 ഫോര്‍മുല
മഹാരാഷ്ട്രയില്‍ അധികാരത്തില്‍ വരുന്നത് ബിജെപി- ശിവസേന സര്‍ക്കാരായിരിക്കും. അക്കാര്യത്തില്‍ രണ്ടാമതൊരു അഭിപ്രായമില്ലെന്നാണ് ശിവസേന നേതാവ് സഞ്ജയ് റൗട്ട് പ്രതികരിച്ചത്. ശിവസേനക്ക് അനുകൂലമായിരിക്കും ജനവിധി, തിരഞ്ഞെടുപ്പില്‍ സീറ്റുകള്‍ കൂടിയോ കുറഞ്ഞോ വരാം. ഞങ്ങള്‍ ഉദ്ധവ്താക്കറെയുമായി സംസാരിച്ചെന്നും അദ്ദേഹം മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസുമായി സംസാരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. സര്‍ക്കാര്‍ രൂപീകരിക്കുമ്പോള്‍ 50:50 എന്ന ഫോര്‍മുലയാണ് അംഗീകരിക്കപ്പെടുക എന്ന് തിരഞ്ഞെടുപ്പിന് മുമ്പ് തന്നെ ധാരണയിലെത്തിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ബിജെപി- ശിവസേന സഖ്യം
നിരവധി ചെറുകക്ഷികള്‍ക്കൊപ്പം ശിവസേന- ബിജെപി സഖ്യമാണ് കഴിഞ്ഞ 25 വര്‍ഷമായി മഹാരാഷ്ട്രയില്‍ തുടര്‍ന്നുവരുന്നത് . എന്നാല്‍ 2014ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ സീറ്റ് വിഭജനം സംബന്ധിച്ച അസ്വാരസ്യങ്ങള്‍ ഉടലെടുത്തതോടെ സഖ്യത്തില്‍ ധാരണയായിരുന്നില്ല. തുടര്‍ന്ന് ഇരു പാര്‍ട്ടികളും ഒറ്റക്ക് മത്സരിക്കുകയും ചെയ്തുു.

വൈകിയ സഖ്യം
നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം ഇരു പാര്‍ട്ടികള്‍ക്കും വ്യക്തമായ ഭൂരിപക്ഷം നേടാന്‍ കഴിയാതായതോടെ തിരഞ്ഞെടുപ്പിന് ശേഷം സഖ്യം രൂപീകരിക്കുകയായിരുന്നു. ബിജെപി അധിക സീറ്റുകള്‍ ആവശ്യപ്പെട്ടതാണ് പ്രശ്നങ്ങളിലേക്ക് നയിച്ചത്. 144 സീറ്റുകള്‍ ആവശ്യപ്പെട്ട ബിജെപി പിന്നീട് 130 സീറ്റുകളായി കുറച്ചു. എന്നാല്‍ 119 സീറ്റുകള്‍ നല്‍കാമെന്നാണ് ശിവസേന സമ്മതിച്ചത്. 151 സീറ്റുകളില്‍ ശിവസേന മത്സരിക്കുമെന്നും വ്യക്തമാക്കി. ഇതോടെ സഖ്യം ഫലവത്തായിരുന്നില്ല.

സഖ്യം തിരഞ്ഞെടുപ്പിന് ശേഷം
മഹാരാഷ്ട്രയിലെ 288 നിയമസഭാ സീറ്റുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ 260 സീറ്റുകളില്‍ മത്സരിച്ച ബിജെപി 122 സീറ്റുകളിലും 282 സീറ്റുകളില്‍ മത്സരിച്ച ശിവസേന 63 സീറ്റുകളിലും മാത്രമാണ് വിജയിച്ചത്. ഇതോടെയാണ് തിരഞ്ഞെടുപ്പിന് ശേഷം ബിജെപിയും ശിവസേനയും സഖ്യം രൂപീകരിച്ച് സംസ്ഥാനത്ത് അധികാരത്തിലെത്തിയത്. റിപ്പബ്ലക്കന്‍ പാര്‍ട്ടി ഓഫ് ഇന്ത്യ ( അഥ് വാല), സ്വാഭിമാനി ഷേഠ്കാരി സംഘട്ടന, രാഷ്ട്രീയ സമാജ് പക്ഷ എന്നീ പാര്‍ട്ടികളാണ് സഖ്യത്തിലുള്ള ചെറു കക്ഷികള്‍.












Click it and Unblock the Notifications