മഹാരാഷ്ട്രയിൽ ഞെട്ടിച്ച് കോൺഗ്രസ്; ആർഎസ്എസ് തട്ടകമായ നാഗ്പൂരിൽ കൂറ്റൻ വിജയം..ബിജെപിക്ക് കിട്ടിയത് 6 സീറ്റ്
മുംബൈ; മഹാരാഷ്ട്രയിൽ തദ്ദേശ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് തിരിച്ചടി. ജില്ലാ പരിഷദുകളിലെ 85 വാർഡുകളിലേക്കും പഞ്ചായത്ത് സമിതികളിലെ 144 വാര്‍ഡുകളിലേക്കുമാണ് തിരഞ്ഞെടുപ്പ് നടന്നത്. ഫലം പുറത്തുവന്നപ്പോൾ ജില്ലാ പരിഷത്തിലെ 85 സീറ്റുകളില്‍ മഹാ വികാസ് അഖാഡി സഖ്യം (കോണ്‍ഗ്രസ്-ശിവസേന-എൻ സി പി) 46 സീറ്റുകളും, ബി ജെ പി 23 സീറ്റുകളും, മറ്റുള്ളവർ 16 സീറ്റുകളും നേടി.

നാഗ്പൂര്‍, പാല്‍ഗര്‍, ധുലെ, നന്ദുര്‍ബാര്‍, അകോല, വഷിം എന്നീ ജില്ലാ പരിഷദുകളിലേക്കായിരുന്നു തിരഞ്ഞെടുപ്പ് നടന്നത്. ജില്ല പരിഷദിലേക്ക് 367 സ്ഥാനാർ്ഥികളും പഞ്ചായത്ത് സമിതികളിലേക്ക് 555 സ്ഥാനാർത്ഥികളുമാണ് പോരടിച്ചത്. ജുലൈ 19 നായിരുന്നു നേരത്തേ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. എന്നാൽ പിന്നീട് കൊവിഡിന്റെ പശ്ചാത്തലത്തിൽ തിരഞ്ഞെടുപ്പ് മാറ്റി വെയ്ക്കുകയായിരുന്നു.തുടർന്ന് സപ്റ്റംബർ 9 നാണ് തിരഞ്ഞെടുപ്പ് നടന്നത്.

ഫലം പ്രഖ്യാപിച്ചപ്പോൾ എം വി എ സഖ്യത്തിനാണ് മുന്നേറ്റം.സഖ്യത്തിലെ കോൺഗ്രസിന്റെ പ്രകടനമായിരുന്നു മുന്നിട്ട് നിന്നത്. 85 ജില്ലാ പരിഷദുകളിൽ 17 സീറ്റിലും കോൺഗ്രസ് ആണ് വിജയിച്ചത്. ആർഎസ്എസ് ആസ്ഥാനം സ്ഥിതി ചെയ്യുന്ന നാഗ്പൂരിലും മികച്ച വിജയം നേടാൻ കോൺഗ്രസിന് സാധിച്ചു. ആകെയുള്ള 16 സീറ്റില്‍ മുന്ന് സീറ്റുകളിലായിരുന്നു ബിജെപിയുടെ വിജയം. ഒമ്പത് സീറ്റുകളിലായിരുന്നു കോൺഗ്രസ് വിജയിച്ചത്.

നാഗ്പൂർ പഞ്ചായത്ത് സമിതിയിൽ കോൺഗ്രസിന് 21 സീറ്റായിരുന്നു ലഭിച്ചത്. ബിജെപിക്ക് 5 ഉം എൻസിപിക്ക് രണ്ടും സീറ്റുകൾ ലഭിച്ചു. മറ്റുള്ളവർക്ക് ഒരു സീറ്റും ലഭിച്ചു. അതേസമയം 144 പഞ്ചായത്ത് സമിതികളിൽ 73 സീറ്റുകൾ വിജയിച്ചപ്പോൾ ബിജെപിക്ക് 33 സീറ്റുകളായിരുന്നു ലഭിച്ചത്. ജില്ലാ പരിഷദുകളിൽ ശിവസേന 12 സീറ്റുകളും പഞ്ചായത്ത് സമിതികളിൽ 22 സീറ്റുകളും നേടി. ജ എൻ സി പി തനിച്ച് 17 ജില്ലാ പരിഷദ് സീറ്റുകളും 16 പഞ്ചായത്ത് സമിതി സീറ്റുകളും നേടി.

അകോള ജില്ലാ പരിഷദിൽ പ്രകാശ് അംബേദ്കറിന്റെ വഞ്ചിത് ബഹുജൻ അഘാഡിയാണ് വിജയിച്ചത്.ഇവിടെ 14 സീറ്റുകളിൽ 6 ഉം പാർട്ടിക്ക് ലഭിച്ചു. അതേസമയം ധോല പഞ്ചായത്ത് ഭരണം ബി ജെ പി നിലനിർത്തി. 15 സീറ്റുകളാണ് ബിജെപിക്ക് ഇവിടെ ലഭിച്ചത്. അതേസമയം പാൽഗറിൽ ബിജെപിയും ശിവസേനയും 5 വീതം സീറ്റുകൾ വീതം നേടി.

തദ്ദേശ തിരഞ്ഞെടുപ്പ് വിജയം കോൺഗ്രസിനെ സംബന്ധിച്ച് വലിയ ബൂസ്റ്റായിട്ടാണ് വിലയിരുത്തപ്പെടുന്നത്.വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ കോൺഗ്രസ് തനിച്ച് മത്സരിക്കണമെന്ന നിലപാടിലാണ് സംസ്ഥാന നേതൃത്വം.നേരത്തേ തന്നെ ഇത് സംബന്ധിച്ച് പാർട്ടി സംസ്ഥാന അധ്യക്ഷൻ നാന പട്ടോൾ നിലപാട് വ്യക്തമാക്കിയിരുന്നു. ഈ നീക്കത്തിന് പ്രതീക്ഷ പകരുന്നതാണ് കോൺഗ്രസിന്റെ പ്രകടനം എന്ന് നേതാക്കൾ കരുതുന്നു.

ഭാവിയിൽ കോണ്‍ഗ്രസിന് സംസ്ഥാനത്ത് ഒറ്റയ്ക്ക് അധികാരത്തില്‍ വരാന്‍ കഴിയുന്ന അവസ്ഥയിലേക്ക് നേതൃത്വം മാറണം എന്നാണ് പട്ടോൺ നേരത്തേ വ്യക്തമാക്കിയത്. പാർട്ടി സംസ്ഥാനത്ത് നിർണായക ശക്തിയായി മാറുകയാണെന്നതിന്റെ തെളിവാണ് ഇപ്പോഴത്തെ തിരഞ്ഞെടുപ്പ് ഫലമെന്ന് പട്ടോളെ പറഞ്ഞു.

ഉത്തർപ്രദേശിലെ കർഷകരെ ബിജെപി നേരിട്ട രീതിയും കേന്ദ്ര അന്വേഷണ ഏജൻസികളെ ദുരുപയോഗം ചെയ്യുന്നതും ഉൾപ്പെടെയുള്ള ബിജെപി നടപടികളിൽ മനം മടുത്ത ജനം ബിജെപിയോട് പോരാടിക്കാൻ പ്രാപ്തിയുള്ള പാർട്ടി കോൺഗ്രസ് ആണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ടെന്നാണ് തന്റെ പ്രതീക്ഷയെന്നും പട്ടോൾ വ്യക്തമാക്കി.അതേസമയം, അടുത്ത വർഷം നിർണായകമായ തദ്ദേശ തെരഞ്ഞെടുപ്പിൽ ശിവസേനയുമായോ എൻസിപിയുമായോ സഖ്യത്തിൽ കോൺഗ്രസ് പോരാടുമോ എന്ന കാര്യത്തിൽ പട്ടോൾ പ്രതികരിച്ചില്ല.
ലിജോമോൾ ജോസിന്റെ വിവാഹ ചിത്രങ്ങൾ പുറത്ത്..ക്രിസ്ത്യൻ ആചാര പ്രകാരം അണിഞ്ഞൊരുങ്ങി താരം












Click it and Unblock the Notifications