ത്രികക്ഷി സഖ്യത്തിന്റെ നിര്‍ണായക ഇടപെടല്‍; കത്ത് നല്‍കി; ഫട്‌നാവിസിന് ഭൂരിപക്ഷമില്ല
ദില്ലി: മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസിന് മതിയായ ഭൂരിപക്ഷമില്ലെന്ന് ത്രികക്ഷി സഖ്യം ഗവര്‍ണറെ കത്തിലൂടെ അറിയിച്ചു. ശിവസേന നിയമസഭാ കക്ഷി നേതാവ് ഏക്‌നാഥ് ഷിന്‍ഡെ, കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ബാലാസാഹിബ് തൊറാട്ട്, എന്‍സിപി കക്ഷി നേതാവ് ജയന്ത് പാട്ടീല്‍ എന്നിവരാണ് കത്തില്‍ ഒപ്പുവച്ചിരിക്കുന്നത്.

ഫട്‌നാവിസിന് ഭൂരിപക്ഷമില്ലെന്നും നിയമസഭയില്‍ വിശ്വാസ വോട്ട് തേടട്ടെ എന്നുമാണ് കത്തിലെ ആവശ്യം. വിശ്വാസ വോട്ട് തേടിയാല്‍ ഫട്‌നാവിസ് പരാജയപ്പെടുമെന്ന് ഉറപ്പാണ്. മൂന്ന് പാര്‍ട്ടികളുടെ സഖ്യമായ തങ്ങള്‍ക്ക് മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ സാധിക്കുമെന്നും ഇവര്‍ ബോധിപ്പിച്ചു.
ത്രികക്ഷി സഖ്യത്തിന്റെ ഹര്‍ജികളില്‍ ഞായറാഴ്ച വാദം കേട്ട സുപ്രീംകോടതി മൂന്നംഗ ബെഞ്ച് തിങ്കളാഴ്ചത്തേക്ക് മാറ്റിവയ്ക്കുകയായിരുന്നു. മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസിന് വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ മുകുള്‍ റോത്തഗിയാണ് ഹാജരാകുന്നത്. ഫട്‌നാവിസിനെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ക്ഷണിച്ച ഗവര്‍ണറുടെ കത്ത് ഹാജരാക്കാന്‍ സുപ്രീംകോടതി ആവശ്യപ്പെട്ടിരുന്നു. സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത കത്ത് കോടതിയില്‍ സമര്‍പ്പിച്ചു. 54 എന്‍സിപി എംഎല്‍എമാര്‍ ഒപ്പിട്ട കത്തും അദ്ദേഹം കോടതിയില്‍ ഹാജരാക്കി. അജിത് പവാര്‍ ഗവര്‍ണര്‍ക്ക് നല്‍കിയ കത്താണിത്.
ജസ്റ്റിസ് എന്‍വി രമണയുടെ അധ്യക്ഷതയിലുള്ള മൂന്നംഗ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. ജസ്റ്റിസുമാരായ അശോക് ഭൂഷണ്‍, സഞ്ജീവ് ഖന്ന എന്നിവരാണ് ബെഞ്ചിലെ അംഗങ്ങള്‍. ഫട്‌നാവിസിന് വേണ്ടി മുകുള്‍ റോത്തഗി ഹാജരായപ്പോള്‍, മുതിര്‍ന്ന അഭിഭാഷകനും മുന്‍ അഡീഷണല്‍ സോളിസിറ്റര്‍ ജനറലുമായ മനീന്ദര്‍ സിങ് ആണ് അജിത് പവാറിന് വേണ്ടി ഹാജരാകുന്നത്. എന്‍സിപിക്ക് വേണ്ടി മനു അഭിഷേക് സിങ്‌വിയും ശിവസേനയ്ക്ക് വേണ്ടി കപില്‍ സിബലും ഹാജരാകുന്നു.












Click it and Unblock the Notifications