അംബേദ്കര്‍ ജയന്തി ആഘോഷിച്ചു; ദളിത് യുവാവിനെ അടിച്ചുകൊന്നു, സഹോദരന് ഗുരുതര പരിക്ക്
മുംബൈ: ഡോ. ബി ആര്‍ അംബേദ്കറുടെ ജന്മദിനം ആഘോഷിച്ചതിന് ദളിത് യുവാവിനെ കൊലപ്പെടുത്തി. മഹാരാഷ്ട്രയിലെ നന്ദേഡ് ജില്ലയില്‍ ആണ് സംഭവം. അക്ഷയ് ഭലേറാവു എന്ന 24 കാരനാണ് കൊല്ലപ്പെട്ടത്. രണ്ട് ദിവസം മുമ്പ് ബോന്ദര്‍ ഹവേലി ഗ്രാമത്തിലാണ് സംഭവം നടന്നതെന്ന് നാന്ദേഡ് പൊലീസ് ഉദ്യോഗസ്ഥന്‍ അറിയിച്ചു. കൊലപാതകത്തില്‍ ഏഴ് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
സവര്‍ണ ജാതിക്കാരായ ഒരാളുടെ വിവാഹാഘോഷത്തിനിടെയാണ് സംഭവം. പ്രതികള്‍ ഈ വിവാഹാഘോഷത്തില്‍ പങ്കെടുക്കുമ്പോഴാണ് അതുവഴി കടന്ന് പോയ അക്ഷയ് ഭലേറാവുവിനേയും സഹോദരന്‍ ആകാശിനേയും ആക്രമിച്ചത്. അക്ഷയ് ഭലേറാവുവിനേയും ആകാശിനേയും കണ്ട പ്രതികള്‍ അംബേദ്കറുടെ ജന്മദിനം ആഘോഷിച്ച ഇവരെ ജീവനോടെ വിടാന്‍ പാടില്ല എന്ന് ആക്രോശിച്ച് കൊണ്ട് പാഞ്ഞടുക്കുകയായിരുന്നു.

ഇവരില്‍ ചിലരുടെ കൈയില്‍ വാളുകളുണ്ടായിരുന്നു എന്നും ഇത് കൊണ്ടായിരുന്നു ആക്രമണം എന്നും പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.'ഗ്രാമത്തില്‍ ഭീം ജയന്തി ആഘോഷിച്ചതിന് ഇവരെ കൊല്ലണം' എന്നായിരുന്നു പ്രതികള്‍ ആക്രമണത്തിനിടെ വിളിച്ച് പറഞ്ഞത് എന്നും പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഏപ്രില്‍ 14 ന് അക്ഷയ് ഭലേറാവു ഗ്രാമത്തില്‍ നടന്ന അംബേദ്കര്‍ ജയന്തി ആഘോഷത്തില്‍ പങ്കെടുത്തിരുന്നു.
പ്രതികള്‍ അക്ഷയ് ഭലേറാവുവിനെ മര്‍ദിക്കുകയും വാളുകൊണ്ട് കുത്തുകയും ചെയ്തു. തടയാന്‍ ശ്രമിച്ച സഹോദരനും മര്‍ദനമേറ്റു. അക്ഷയ് ഭാലേറാവുവിനെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കൊലപാതകം, കൊലപാതകശ്രമം, കലാപം, ആക്രമണം എന്നീ കുറ്റങ്ങള്‍ ആണ് പ്രതികള്‍ക്ക് എതിരെ ചുമത്തിയിരിക്കുന്നത് എന്ന് പൊലീസ് അറിയിച്ചു.
ഉടനടി എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട് എന്നും പട്ടിക ജാതി-പട്ടിക വര്‍ഗ അതിക്രമങ്ങള്‍ തടയല്) നിയമപ്രകാരമുള്ള വകുപ്പുകള്‍ കൂടി ചേര്‍ത്താണ് ഏഴ് പ്രതികളെയും അറസ്റ്റ് ചെയ്തത് എന്നും പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. കൂടുതല്‍ അന്വേഷണം നടക്കുകയാണെന്നും പൊലീസ് വ്യക്തമാക്കി.












Click it and Unblock the Notifications