'വനിത എംപിയോട് ചോദിക്കാൻ പാടില്ലാത്ത ചോദ്യങ്ങൾ'; എത്തിക്സ് കമ്മിറ്റിയിൽ നിന്നും മഹുവ ഇറങ്ങിപ്പോയി
ഡൽഹി: പാർലമെന്റിൽ ചോദ്യം ചോദിക്കാൻ കോഴ വാങ്ങിയെന്ന ആരോപണത്തിൽ പാർലമെൻറ് എത്തിക്സ് കമ്മിറ്റിക്ക് മുമ്പിൽ ഹാജരായ തൃണമൂൽ കോൺഗ്രസ് എം പി മഹുവ മൊയ്ത്ര നടപടി പൂർത്തിയാകും മുമ്പ് ഹിയറിംഗ് ഇറങ്ങിപ്പോയി.
ഗൂഢലക്ഷ്യത്തോടെയുള്ള ചോദ്യങ്ങളാണ് എത്തിക്സ് കമ്മിറ്റിയുടെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നതെന്നും അംഗമായ ഭരണപക്ഷ എം പി മാധ്യമങ്ങൾക്ക് വിവരം ചോർത്തിയെന്നും മഹുവ മൊയ്ത്ര പറഞ്ഞു.

ഒരു വനിത എം പിയോട് ചോദിക്കാൻ പാടില്ലാത്ത ചോദ്യങ്ങൾ ആണ് ചോദിച്ചത് എന്ന് മഹുവ പറഞ്ഞു. എത്തിക്സ് കമ്മിറ്റിക്കെതിരെ പ്രതിഷേധിച്ചു. കമ്മിറ്റി ചെയർമാൻ പക്ഷപാതിത്വപരമായാണ് പെരുമാറിയതെന്ന് മഹുവ പറഞ്ഞു.
അദാനിയുമായി ബന്ധപ്പെടുത്തി പ്രധാനമന്ത്രിയുടെ പ്രതിച്ഛായ തകർക്കാൻ രണ്ട് കോടി രൂപ ഹിരാനന്ദാനി ഗ്രൂപ്പിൽ നിന്ന് കോഴ വാങ്ങി, തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി കണക്കിൽപ്പെടാത്ത 75 ലക്ഷം രൂപ കൈപ്പറ്റി, ലാപ്ടോപ്പുകൾ, ഡയമണ്ട് നെക്ലേസുമടക്കം വില കൂടിയ ഉപഹാരങ്ങൾ കൈപ്പറ്റി തുടങ്ങിയ ആരോപണങ്ങളാണ് ഉയർന്നത്. ഇതൊക്കെ മഹുവ കമ്മിറ്റിയുടെ മുന്നിൽ നിഷേധിച്ചു.
പണം കൈപ്പറ്റിയതിന് പരാതിക്കാർ നൽകിയ തെളിവ് എന്താണെന്ന് മഹുവ ചോദിച്ചു. വിവിധ മന്ത്രാലയങ്ങൾ തനിക്കെതിരെ നൽകിയ റിപ്പോർട്ടുകൾ കാണണമെന്നും മഹബവ പറഞ്ഞു. പരാതിക്കാരനായ ആനന്ദ് ദെഹദ്രായിയേയും, ഹിരനന്ദാനി ഗ്രൂപ്പ് സി ഇ ഒ ദർശൻ നന്ദാനിയേയും വിസ്തരിക്കാൻ അനുവദിക്കണമെന്ന മഹുവയുടെ ആവശ്യം കമ്മിറ്റി പരിഗണിച്ചില്ല എന്നാണ് റിപ്പോർട്ടുകൾ
പരാതിക്കാരിയുടെ മൊഴിയും, മന്ത്രാലയങ്ങളുടെ റിപ്പോർട്ടും ഹിരാനന്ദാനി ഗ്രൂപ്പിന്റെ സത്യവാങ്മൂലവും മഹുവയുടെ വിശദീകരണവുമായി സമിതി ഒത്ത് നോക്കും, ഒരു മാസത്തിനുള്ളിൽ എത്തിക്സ് കമ്മിറ്റി സ്പീക്കർക്ക് റിപ്പോർട്ട് നൽകും. പദവി ദുരപയോഗം ചെയ്തുവെന്ന് തെളിഞ്ഞാൽ മഹുവയെ അയോഗ്യയാക്കാനോ സസ്പെൻഡ് ചെയ്യാനോ ഉള്ള ശുപാർശ കമ്മിറ്റിക്ക് നൽകാം ശൈത്യകാല സമ്മേളനത്തിന് മുൻപ് തീരുമാനം വരും.












Click it and Unblock the Notifications