
യുപിയില്‍ 9 മാസം കൊണ്ട് മണ്ഡലം പിടിച്ച് എസ്പി സഖ്യം; രാംപൂരിലെ ക്ഷീണം മറന്നത് ഇങ്ങനെ
ദില്ലി: ഉത്തര്‍പ്രദേശില്‍ കഴിഞ്ഞ ദിവസം പുറത്തുവന്ന ഉപതിരഞ്ഞെടുപ്പില്‍ സമാജ് വാദി പാര്‍ട്ടി സഖ്യത്തിന്റെ തിരിച്ചുവരവ്. ഒപ്പം ചേര്‍ന്ന രാഷ്ട്രീയ ലോക്ദളിനെ കൈവിടാതെയായിരുന്നു എസ്പിയുടെ മുന്നേറ്റം. നിര്‍ണായകമായ ഒരു കോട്ട കൈവിട്ടെങ്കിലും രണ്ടിടത്ത് മികച്ച മുന്നേറ്റം എസ്പി-ആര്‍എല്‍ഡി സഖ്യത്തിന് സാധ്യമായിരിക്കുകയാണ്. ഇതിലൊരു മണ്ഡലം ഒന്‍പത് മാസം കൊണ്ടാണ് എസ്പി പിടിച്ചെടുത്തത്.
സമാജ് വാദി പാര്‍ട്ടി സഖ്യം രണ്ട് സീറ്റും ബിജെപി ഒരു സീറ്റുമാണ് ഉപതിരഞ്ഞെടുപ്പില്‍ നേടിയത്. ഡിസംബര്‍ അഞ്ചിനായിരുന്നു യുപിയില്‍ തിരഞ്ഞെടുപ്പ് നടന്നത്. മെയിന്‍പുരി, രാംപൂര്‍ സദര്‍, കത്തോലി എന്നിവയായിരുന്നു മണ്ഡലങ്ങള്‍. വിശദമായ വിവരങ്ങളിലേക്ക്....

യുപിയില്‍ വലിയൊരു തിരിച്ചടി എസ്പി സഖ്യത്തിന് ആദ്യം തന്നെ നേരിട്ടിട്ടുണ്ട്. രാംപൂര്‍ സദറില്‍ വലിയ തോല്‍വിയാണ് പാര്‍ട്ടി നേരിട്ടത്. ഈ സീറ്റ് ബിജെപി എസ്പിയില്‍ നിന്ന് പിടിച്ചെടുത്തു. ബിജെപിയുടെ ആകാശ് സക്‌സേന 30000 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ഇവിടെ വിജയിച്ചത്. അസം ഖാന്റെ കോട്ടയായിരുന്നു രാംപൂര്‍. എസ്പിയുടെ സേഫ് സീറ്റായി അറിയപ്പെട്ടിരുന്ന മണ്ഡലം ഇനി അങ്ങനെ അല്ലെന്ന് പറയേണ്ടി വരും. അസം ഖാന്‍ ജയിലിലുമായി. മണ്ഡലത്തില്‍ മറ്റ് നേതാക്കളൊന്നും അസം ഖാനോളം വ്യക്തിപ്രഭാവമുള്ളവരല്ല.

ഹിമാചലില്‍ പഴയ പെന്ഷന് പദ്ധതിയില്‍ വിജയിച്ച് കോണ്‍ഗ്രസ്; എങ്ങനെ നടപ്പാക്കും, ഇതാ പ്രശ്നങ്ങള്‍!!
1980 മുതല്‍ രാംപൂര്‍ സദര്‍ എസ്പിയുടെ കോട്ടയാണെന്ന് പറയാം. അസം ഖാന്‍ ഇതിനിടയില്‍ ഒരിക്കല്‍ പോലും തിരഞ്ഞെടുപ്പ് തോറ്റിട്ടില്ല. 2019ല്‍ രാംപൂരില്‍ നിന്ന് അസം ഖാന്‍ ലോക്‌സഭയിലേക്കും തിരഞ്ഞെടുക്കപ്പെട്ടിരുന്നു. പത്ത് തവണ എംഎല്‍എയായിട്ടുണ്ട് അദ്ദേഹം. 2022ല്‍ ജയിലില്‍ ഇരുന്ന് കൊണ്ട് അസം ഖാന്‍ കരുത്ത് തെളിയിച്ചിരുന്നു. അന്ന് 55000 വോട്ടിനായിരുന്നു ജയം. ഉപതിരഞ്ഞെടുപ്പില്‍ അസം ഖാന്റെ വിശ്വസ്തന്‍ അസിം റാസ ഖാനാണ് മത്സരിച്ചത്. നേരത്തെ ലോക്‌സഭാ ഉപതിരഞ്ഞെടുപ്പില്‍ ബിജെപിയുടെ ഘനശ്യാം ലോധിയോട് പരാജയപ്പെട്ടിരുന്നു.

അതേസമയം രാംപൂരിലെ ക്ഷീണം മെയിന്‍പുരിയിലെ വമ്പന്‍ വിജയത്തിലൂടെ എസ്പി തീര്‍ത്തു. ഇവിടെ അഖിലേഷിന്റെ ഭാര്യ ഡിംപിള്‍ യാദവാണ് മത്സരിച്ചത്. മൂന്ന് ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ഡിംപിള്‍ ഇവിടെ വിജയിച്ചത്. മുലായം സിംഗിന്റെ മരണത്തെ തുടര്‍ന്നുള്ള സഹതാപ തരംഗം മണ്ഡലത്തില്‍ അലയടിച്ചിരുന്നു. ഡിംപിളിന്റെ വിജയം എളുപ്പമാക്കിയതും ഈ തരംഗമാണ്. കനോജില്‍ നിന്ന് രണ്ട് തവണ ഡിംപിള്‍ വിജയിച്ചിട്ടുണ്ട്. മുലായം സിംഗിന് ശേഷം മെയിന്‍പുരിയെ ശക്തമായ കോട്ടയായി നിലനിര്‍ത്താന്‍ ഡിംപിളിന്റെ വരവ് സഹായിക്കും. നേതാക്കളെല്ലാം ഒറ്റക്കെട്ടായി അവര്‍ക്കൊപ്പമാണ്.

മെയിന്‍പുരിയില്‍ ബിജെപി വളരെ സൂക്ഷിച്ചാണ് സ്ഥാനാര്‍ത്ഥിയെ ഇറക്കിയത്. രഘുറാം സിംഗ് ശാഖ്യയായിരുന്നു സ്ഥാനാര്‍ത്ഥി. മണ്ഡലത്തില്‍ യാദവര്‍ കഴിഞ്ഞാല്‍ ഏറ്റവും ആധിപത്യമുള്ള വിഭാഗമാണ് ശാഖ്യകള്‍. ബിജെപി സ്ഥിരം ചെയ്യുന്ന തന്ത്രമാണിത്. എന്നാല്‍ ഇവിടെ അഖിലേഷിന്റെ തന്ത്രം വിജയിക്കുകയായിരുന്നു. മുന്‍ എംഎല്‍എ അലോക് ശാഖ്യയെ മെയിന്‍പുരി ജില്ലാ പ്രസിഡന്റ് ആക്കിയത് തന്ത്രപരമായ നീക്കമായിരുന്നു. ഉപതിരഞ്ഞെടുപ്പിന് ആഴ്ച്ചകള്‍ക്ക് മുമ്പായിരുന്നു ഈ തീരുമാനം. മണ്ഡലത്തിലെ മുസ്ലീങ്ങളും യാദവരും ഒരിക്കല്‍ കൂടി എസ്പിക്കൊപ്പം നില്‍ക്കുകയായിരുന്നു.

കത്തോലി മണ്ഡലം ബിജെപിയില്‍ നിന്ന് എസ്പി സഖ്യം പിടിച്ചെടുക്കുകയായിരുന്നു. ആര്‍എല്‍ഡി അധ്യക്ഷന്‍ ജയന്ത് ചൗധരിയുടെ നിശ്ചയദാര്‍ഢ്യവും കഠിനാധ്വാനവുമാണ് ഇവിടെ ആര്‍എല്‍ഡി സഖ്യത്തെ മണ്ഡലം പിടിച്ചെടുക്കാന്‍ സഹായിച്ചത്. തെരുവോര യോഗങ്ങള്‍ ഗ്രാമങ്ങളില്‍ ചേര്‍ന്ന് വോട്ടര്‍മാരുമായി വ്യക്തി ബന്ധം സ്ഥാപിച്ചാണ് ജയന്ത് ചൗധരി മണ്ഡലത്തിലെ രാഷ്ട്രീയത്തെ അപ്പാടെ മാറ്റിയത്. ആര്‍എല്‍ഡിയുടെ മദന്‍ ഭയ്യ ഇവിടെ 20000 വോട്ടില്‍ അധികം ഭൂരിപക്ഷം നേടി മണ്ഡലം പിടിച്ചെടുക്കുകയായിരുന്നു. രാജ്കുമാരി സെയ്‌നിയാണ് പരാജയപ്പെട്ടത്.

ഹിമാചലില്‍ ഭരണം ഉറപ്പിച്ചു; കോണ്‍ഗ്രസില്‍ ഇനി പ്രിയങ്ക യുഗം; രാഹുലിന് മുകളിലുള്ള ബ്രാന്‍ഡ്!!
കത്തോലിയില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടന്ന് ഒന്‍പത് മാസങ്ങള്‍ക്കുള്ളിലാണ് എസ്പി സഖ്യം രാഷ്ട്രീയത്തെ മാറ്റിമറിച്ച് മണ്ഡലം പിടിച്ചത്. വിക്രം സെയ്‌നിയുടെ അയോഗ്യതയെ തുടര്‍ന്നാണ് ഇവിടെ ഉപതിരഞ്ഞെടുപ്പ് നടന്നത്. സഹതാപ തരംഗം രാജ്കുമാരിക്ക് ലഭിക്കുമെന്ന് കരുതിയെങ്കിലും തെറ്റി. മുസഫര്‍നഗര്‍ ലോക്‌സഭാ മണ്ഡലത്തിന്റെ ഭാഗമാണ് കത്തോലി. ബിജെപിയുടെ സഞ്ജീവ് ബല്യണാണ് ഇവിടെ നിന്ന് ലോക്‌സഭയിലേക്ക് വിജയിച്ചത്. ഇപ്പോള്‍ കേന്ദ്ര മന്ത്രിയാണ് അദ്ദേഹം. 2022ല്‍ വെറും രണ്ട് സീറ്റ് മാത്രമാണ് ഇവിടെ ബിജെപി നേടിയത്. 2017ല്‍ ഒമ്പത് സീറ്റും ബിജെപിയാണ് നേടിയത്.

കത്തോലിയില്‍ ഒന്‍പത് മാസം മുമ്പാണ് ബിജെപി വിജയം നേടിയത്. തൊഴിലില്ലായ്മ, അഗ്നിപഥ് പദ്ധതി, കരിമ്പ് കര്‍ഷകര്‍ക്ക് ഇതുവരെ കിട്ടാത്ത പണം, മതസൗഹാര്‍ദം എന്നിവയാണ് ജയന്ത് ചൗധരി ഉന്നയിച്ചത്. എല്ലാ വിഭാഗങ്ങളെയും ഇത് ഒന്നിപ്പിച്ചു. ചന്ദ്രശേഖര്‍ ആസാദും ഇവര്‍ക്കൊപ്പം ചേര്‍ന്നു. മണ്ഡലത്തില്‍ 50000ത്തില്‍ അധികം ദളിത് വോട്ടര്‍മാരുണ്ട്. അതേസമയം ബിജെപിയെ പരാജയപ്പെടുത്താനുള്ള ഒരു മോഡല്‍ കൂടിയാണ് ജയന്ത് ചൗധരി കത്തോലിയില്‍ പുറത്തെടുത്തത്.