കോൺഗ്രസിന്റെ കുരുക്ക് മുറുകുന്നു; വീണ്ടും ആദായ നികുതി നോട്ടീസ്, 1700 കോടി അടയ്ക്കണമെന്ന് നിർദ്ദേശം
ന്യൂഡൽഹി: കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽപെട്ട് വലയുന്ന കോൺഗ്രസിന് കൂനിന്മേൽ കുരുവായി വീണ്ടും ആദായനികുതി വകുപ്പിന്റെ നോട്ടീസ്. ആദായ നികുതി വകുപ്പ് കോൺഗ്രസിന് 1700 കോടി രൂപയുടെ നോട്ടീസ് അയച്ചിരിക്കുകയാണ് വീണ്ടും. നികുതി പുനർനിർണയ നടപടിക്കെതിരായ പാർട്ടിയുടെ ഹർജി ഡൽഹി ഹൈക്കോടതി തള്ളി മണിക്കൂറുകൾക്കകമാണ് പുതിയ നോട്ടീസ് വന്നിരിക്കുന്നത് എന്നതാണ് ശ്രദ്ധേയം.
കോൺഗ്രസ് നേതാവ് വിവേക് തൻഖയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. 2017-18, 2020-21 മൂല്യനിർണ്ണയ വർഷങ്ങളിലെ പിഴയും പലിശയും ഉൾപ്പെടുത്തിയാണ് നോട്ടീസ് നൽകിയതെന്നാണ് വിവരം. നികുതി അധികാരികൾ നാല് വർഷത്തേക്ക് നികുതി പുനർനിർണയ നടപടികൾ ആരംഭിച്ചതിനെ ചോദ്യം ചെയ്‌ത് കോൺഗ്രസ് സമർപ്പിച്ച ഹർജികൾ കഴിഞ്ഞ ദിവസമാണ് ഡൽഹി ഹൈക്കോടതി തള്ളിയത്.

2014-15 മുതൽ 2016-17 വരെയുള്ള പുനര്‍നിർണയം ചോദ്യം ചെയ്‌തുള്ള ഹർജി ഹൈക്കോടതി നേരത്തേ തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് അടുത്ത മൂല്യ നിർണായ വർഷങ്ങളിലെ നടപടികൾക്കും അനുമതി നൽകിയത്. പുനർമൂല്യനിർണയം ഒരു വർഷത്തേക്ക് കൂടി നേടുന്നതിൽ ഇടപെടാൻ വിസമ്മതിച്ച മുൻ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് ഹർജികൾ തള്ളുന്നതെന്ന് ജസ്‌റ്റിസുമാരായ യശ്വന്ത് വർമ്മ, പുരുഷൈന്ദ്ര കുമാർ കൗരവ് എന്നിവരടങ്ങിയ ബെഞ്ച് അറിയിച്ചിരുന്നു.
പ്രചാരണത്തിന് പോലും പണം കണ്ടെത്താൻ കഴിയാതെ ബുദ്ധിമുട്ടുന്ന കോൺഗ്രസിന് എങ്ങനെ ഈ പണം അടയ്ക്കാൻ കഴിയുമെന്ന കാര്യമാണ് ഇനി കണ്ടറിയേണ്ടത്. പ്രചാരണ സമയത്ത് ചായ കുടിക്കാൻ പോലും പണമില്ലെന്നാണ് കോൺഗ്രസ് പറയുന്നത്. എന്നാൽ ഇതൊന്നും കാര്യമാക്കാതെ നടപടിയുമായി മുന്നോട്ട് പോവുകയാണ് ആദായ നികുതി വകുപ്പ്.
നേരത്തെ 2014 മുതല്‍ 17വരെയുള്ള സാമ്പത്തിക വര്‍ഷത്തില്‍ 520 കോടിയില്‍ അധികം രൂപയുടെ നികുതി കോൺഗ്രസ് പാർട്ടി അടക്കാനുണ്ടെന്ന് ആദായ നികുതി വകുപ്പ് കോടതിയെ അറിയിച്ചിരുന്നു. റിട്ടേണ്‍ നല്‍കുന്നതില്‍ വീഴ്‌ച വരുത്തി, അനുവദനീയമായതിലും കൂടുതല്‍ തുക സംഭാവനയായി കൈപ്പറ്റി എന്നീ കുറ്റങ്ങളാണ് കോണ്‍ഗ്രസിനെതിരെ ആരോപിക്കുന്നത്. ഇതിന് പിന്നാലെ നാല് ബാങ്കുകളിലായി 11 അക്കൗണ്ടുകൾ മരവിപ്പിക്കുകയും ചെയ്‌തിരുന്നു.












Click it and Unblock the Notifications