'ആ 3 വയസുകാരന്‍ തിരിയാന്‍ പോലും കഴിയാതെ കിടക്കുന്നത് കണ്ടപ്പോള്‍ കണ്ണുനിറഞ്ഞുപോയി'; റോഷിന്‍ ജേക്കബ് ഐഎഎസ്
ലഖ്നൗ: ഉത്തർപ്രദേശിൽ അപകടത്തിൽ പെട്ട് ചികിത്സയിൽ കഴിയുന്ന കുട്ടിയുടെ മാതാവിനോട് സംസാരിക്കുന്നതിനിടെ കണ്ണുകൾ നിറഞ്ഞൊഴുകുന്ന മലയാളി ഐഎഎസ് ഓഫീസർ റോഷിൻ ജേക്കബിന്റെ വീഡിയോ സാമൂഹികമാധ്യമങ്ങളിൽ വൈറലായിരുന്നു. ഇപ്പോൽ എന്തുകൊണ്ടാണ് താൻ കരഞ്ഞതെന്ന് തുറന്നുപറയുകയാണ് റോഷിൻ ജേക്കബ് ഐഎസ്.
അപകടം നടന്നത് അറിഞ്ഞപ്പോൾ താൻ നേരിട്ടു ചെന്നു പറഞ്ഞാൽ അവരുടെ ചികിത്സയും മറ്റു കാര്യങ്ങളും വേഗത്തിൽ ആക്കാൻ കഴിയുമല്ലോ എന്നു കരുതിയാണ് ആശുപത്രിയിലേക്ക് പോയത്തെന്നാണ് റോഷിൻ പറഞ്ഞത്. മൂന്നു വയസ്സുള്ള ഒരു കുട്ടി തിരിയാൻ പോലും കഴിയാതെ കിടക്കുന്നതു കണ്ടപ്പോൾ തനിക്ക് വല്ലാതെ വിഷമം തോന്നിയെന്നും അതാണ് കണ്ണു നിറഞ്ഞു പോയതെന്നും റോഷിൻ പറഞ്ഞു. മനോരമ ന്യൂസ് ആണ് വാർത്ത റിപ്പോർട്ട് ചെയ്യുന്നത്.
റോഷിൻ ജേക്കബിന്റെ പ്രതികരണം ഇങ്ങനെ:

'ഡിവിഷനൽ കമ്മീഷണറെന്ന നിലയിൽ ഒരു റിവ്യൂ മീറ്റിങ്ങിന് പോയതാണ് ഞാൻ. ഇവിടെ ആറു ജില്ലകൾ എനിക്ക് കീഴിലാണ്. അപകടം നടന്നത് അറിഞ്ഞപ്പോൾ ഞാൻ നേരിട്ടു ചെന്നു പറഞ്ഞാൽ അവരുടെ ചികിത്സയും മറ്റു കാര്യങ്ങളും വേഗത്തിലാക്കാൻ കഴിയുമല്ലോയെന്ന് കരുതിയാണ് ആശുപത്രിയിലേക്ക് പോയത്.

അപകടത്തിൽ പരുക്കേറ്റവരെ കണ്ടുകൊണ്ടു നടക്കുകയായിരുന്നു. അതിൽ കൊച്ചുകുട്ടികളും സ്ത്രീകളും ഒക്കെഉണ്ടായിരുന്നു. അവരുടെ ചികിത്സാ കാര്യങ്ങൾ ചോദിച്ചറിയുന്നതിന് ഇടയിലാണ് അവിടെ ഉണ്ടയിരുന്ന ഒരാൾ മൂന്നു ദിവസമായി ചികിത്സ ലഭിക്കാതെ ഒരു കുട്ടി അവിടെ ഉണ്ടെന്നു പറഞ്ഞത്. അതു കേട്ടാണ് ആ കുട്ടിയുടെ അടുത്തെത്തുന്നത്.

അവിടെ കട്ടിലിൽ കമഴ്ന്നു കിടക്കുന്ന കുട്ടിയേയും അവന്റെ അമ്മയേയും ആയിരുന്നു കണ്ടത്. ഒരു മതിൽ വീണ് ഒരമ്മയുടെ മൂന്നു കുട്ടികൾ മരിച്ചിരുന്നു. അവരുടെ നാലാമത്തെ കുട്ടിയാണ് ഇത്. അവന്റെ നട്ടെല്ല് തകർന്നിരുന്നു. അവിടെ നട്ടെല്ലിന്റെ പരുക്കിന് ചികിത്സ ഇല്ലാത്തതിനാൽ ഡോക്ടർ മറ്റെവിടെയെങ്കിലും കൊണ്ടുപോകാൻ പറഞ്ഞിരിക്കണം. എന്നാൽ വളരെ പാവപ്പെട്ട കുടുംബമായതിനാൽ അവർക്ക് അതിനു കഴിഞ്ഞില്ല . മൂന്നു വയസ്സുള്ള ഒരു കുട്ടി തിരിയാൻ പോലും കഴിയാതെ കിടക്കുന്നതു കണ്ടപ്പോൾ എനിക്ക് വല്ലാതെ വിഷമം തോന്നി. അതാണ് കണ്ണു നിറഞ്ഞു പോയത്, റോഷിൻ പറയുന്നു.

ആ കുഞ്ഞിന്റെ കരച്ചിൽ തനിക്ക് സഹിക്കാൻ കഴിഞ്ഞില്ലെന്നും ഓഫീസർ എന്നതിന് അപ്പുറം എല്ലാവരും മനുഷ്യരാണല്ലോ എന്നും റോഷിൻ പറഞ്ഞു. അവർക്ക് വേണ്ട ഭക്ഷണവും ധനസഹായവും ഒക്കെ കൊടുത്ത് ലക്നൗവിൽ എത്തിച്ചിട്ടുണ്ടെന്നും കെജിഎംഒഎയിലെ സീനിയർ ഡോക്ടർമാരോടു പറഞ്ഞ് സ്കാനിങ് ഒക്കെ നടത്തി വേണ്ട ചികിത്സ നൽകിയെന്നും റോഷിൻ ജേക്കബ് ഐഎഎസ് പറഞ്ഞു.












Click it and Unblock the Notifications