ബിജെപിയെ കടന്നാക്രമിച്ച് മമത; വംശഹത്യ നടന്നത് ഗോധ്രയിലും ഡല്‍ഹിയിലും
കൊല്‍ക്കത്ത: ബിജെപിക്കെതിരെ ശക്തമായ ഭാഷയില്‍ പ്രതികരിച്ച് ബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷയുമായ മമത ബാനര്‍ജി. സംസ്ഥാനങ്ങളുടെ അവകാശങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ കവരുകയാണെന്നും മമത ആരോപിച്ചു. കേന്ദ്ര സര്‍ക്കാരിന്റെ അവഗണനയ്‌ക്കെതിരെ കൊല്‍ക്കത്തയില്‍ തൃണമൂല്‍ കോണ്‍ഗ്രസ് സംഘടിപ്പിച്ച ദ്വിദിന ധര്‍ണയില്‍ സംസാരിക്കുകയായിരുന്നു മമത ബാനര്‍ജി.
ബിജെപി ഫ്യൂഡല്‍ പ്രഭുക്കളെ പോലെയാണ് മറ്റു പാര്‍ട്ടിക്കാരോട് പെരുമാറുന്നത്. അവരെ വിമര്‍ശിക്കുന്നവരെ ജയിലില്‍ അയക്കുകയാണ്. ബംഗാളില്‍ വംശഹത്യ നടക്കുന്നു എന്ന് അവര്‍ പ്രചരിപ്പിക്കുന്നു. എന്താണ് വംശഹത്യ എന്ന് നിങ്ങള്‍ക്ക് അറിയുമോ. അതാണ് ഗുജറാത്തിലെ ഗോധ്രയില്‍ നടന്നത്. ബില്‍ക്കീസ് ബാനു നേരിട്ടത് അതാണ്. എന്‍ആര്‍സി, സിഎഎ സമരത്തിനിടെ നടന്നത് അതാണ്. എന്താണ് ഡല്‍ഹിയില്‍ സംഭവിച്ചത് എന്നും മമത ചോദിച്ചു.

ആരെങ്കിലും ബിജെപിക്കെതിരെ സംസാരിച്ചാല്‍ അവരെ ജയിലില്‍ അടയ്ക്കുകയാണ്. ബിജെപിക്കെതിരെ സംസാരിക്കുന്നവരെ വീട്ടില്‍ നിന്ന് പുറത്താക്കുകയാണ്. ഇഡിയും സിബിഐയും പിന്നാലെ വരും. ബിജെപിക്ക് മര്യാദയില്ല. ബിബിസി പോലും ഇക്കാര്യം പറഞ്ഞു. ഞങ്ങള്‍ രാജ്യത്തോടൊപ്പമാണെന്നും മമത ബാനര്‍ജി പറഞ്ഞു. ഫെഡറല്‍ സംവിധാനം പൂര്‍ണമായി തകര്‍ക്കുകയാണ് ബിജെപി ചെയ്യുന്നെതന്നും മമത കുറ്റപ്പെടുത്തി.
ബിജെപി ഇതര പാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളെ വരിഞ്ഞുമുറുക്കുന്നു. ബംഗാളിന് ലഭിക്കേണ്ട ജിഎസ്ടി വിഹിതം അവര്‍ കവരുകയാണ്. അവര്‍ നമ്മെ രാജ്യവിരുദ്ധരെന്ന് വിളിക്കുന്നു. അവര്‍ മാത്രമാണ് ദേശീയവാദികള്‍ എന്ന് അവര്‍ വാദിക്കുന്നു. ഞങ്ങളെല്ലാം രാജ്യസ്‌നേഹികളല്ലെന്നും അവര്‍ പറയുന്നു. ആ രീതിയിലാണ് അവര്‍ ചിന്തിക്കുന്നത്. എന്നാലും ഞങ്ങള്‍ പോരാട്ടം തുടരുമെന്നും മമത ബാനര്‍ജി പറഞ്ഞു.
ബിജെപിക്കെതിരെ നടക്കുന്ന പ്രതിഷേധങ്ങള്‍ വാര്‍ത്തയാക്കരുത് എന്ന് ചാനകളുകളോട് അവര്‍ നിര്‍ബന്ധിക്കുകയാണ്. ധര്‍ണ റിപ്പോര്‍ട്ട് ചെയ്യരുതെന്നാണ് ചാനലുകള്‍ക്ക് അവര്‍ നല്‍കിയ നിര്‍ദേശം. ജനാധിപത്യത്തിന്റെ നാലാം തൂണ്‍ ആണ് മാധ്യമങ്ങള്‍. ബിജെപി നമ്മുടെ ജനാധിപത്യത്തെ തകര്‍ത്തു. അവര്‍ എല്‍ഐസി അദാനിക്ക് വിറ്റു. വിദേശയാത്ര നടത്തിയപ്പോള്‍ തനിക്കെതിരെ കരിങ്കൊടി കാണിക്കാന്‍ അവര്‍ ആളുകളെ നിയോഗിച്ചുവെന്നും മമത കുറ്റപ്പെടുത്തി.
ദേശീയ തലത്തില്‍ പ്രതിപക്ഷ ഐക്യത്തിന് ശ്രമിക്കുകയാണ് മമത ബാനര്‍ജി. ബിജെപിയെ അധികാരത്തില്‍ നിന്ന് പുറത്താക്കാന്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ ഐക്യപ്പെടണം എന്നാണ് അവരുടെ ആവശ്യം. രാഹുല്‍ ഗാന്ധിക്കെതിരായ കോടതി വിധിയും എംപി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കിയതിനുമെതിരെ മമത രംഗത്തുവന്നിരുന്നു. പാര്‍ലമെന്റിലും കോണ്‍ഗ്രസിനൊപ്പം ചേര്‍ന്നാണ് അവര്‍ ബിജെപിക്കെതിരെ പ്രതിഷേധിച്ചത്.












Click it and Unblock the Notifications