മമതയുടെ കോണ്‍ഗ്രസ് വിമര്‍ശനം: ബിജെപി സഖ്യം ഓര്‍മ്മിപ്പിച്ച് തിരിച്ചടിച്ച് അധീര്‍ രഞ്ജന്‍ ചൗധരി
ദില്ലി: ഗോവയില്‍ കോണ്‍ഗ്രസിനെതിരെ നടത്തിയ പരാമര്‍ശങ്ങളില്‍ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്ക് മറുപടിയുമായി കോൺഗ്രസ് നേതാവ് അധീർ രഞ്ജൻ ചൗധരി. മമത ബാനര്‍ജിയും തൃണമൂല്‍ കോണ്‍ഗ്രസും ബിജെപിയുടെ ഏജന്റായി പ്രവര്‍ത്തിക്കുന്നുണ്ടോയെന്ന് സംശയമുണ്ടെന്നായിരുന്നു അധീര്‍ രഞ്ജന്‍ ചൗധരിയുടെ പ്രതികരണം. പ്രതിപക്ഷ ഐക്യം തകർക്കാൻ ശ്രമിക്കുന്ന ബാനർജി എന്തുകൊണ്ടാണ് മുമ്പ് ബിജെപിയുമായി സഖ്യത്തിലേർപ്പെട്ടതും എന്‍ ഡി എമന്ത്രിയായിരുന്നതെന്നും അറിയണമെന്നും പശ്ചിമ ബംഗാൾ കോൺഗ്രസ് യൂണിറ്റ് പ്രസിഡന്റ് കൂടിയായ അധീര്‍ രഞ്ജന്‍ ചൗധരി പറഞ്ഞു.
"നിങ്ങൾ ഇപ്പോൾ ബിജെപിയുടെ ഏജന്റായി പ്രവർത്തിക്കുന്നില്ലേ എന്ന് ഞാൻ സംശയിക്കുന്നു. മുമ്പ് ബിജെപിയുമായി സഖ്യത്തിലേർപ്പെടുകയും എൻഡിഎ മന്ത്രിസഭയുടെ ഭാഗമാകുകയും ചെയ്തവര്‍ ദയവ് ചെയ്ത അക്കാര്യം ഓര്‍ക്കണം. എന്നിട്ടും എല്ലായ്‌പ്പോഴും നിങ്ങൾക്ക് പിന്തുണയുമായി വരുന്ന കോൺഗ്രസിനെ വിമർശിക്കുന്നു''- അധീര്‍ രഞ്ജന്‍ ചൗധരി പറഞ്ഞു. ഞങ്ങളുടെ എല്ലാ പിന്തുണയും നൽകിയതിന് ശേഷവും കോൺഗ്രസിന് നിങ്ങളെ തൃപ്തിപ്പെടുത്താൻ കഴിയുന്നില്ലെങ്കിൽ, ബംഗാളിലെ ജനങ്ങൾക്ക് അത് സാധിക്കുമോ? തുടർച്ചയായി മൂന്ന് തവണ ടിഎംസിയെ തിരഞ്ഞെടുത്തവരോട് നിങ്ങൾ കോൺഗ്രസുമായി ചെയ്ത അതേ രീതിയിൽ പെരുമാറുമോയെന്നും അദ്ദേഹം ചോദിച്ചു.

അതേസമയം, രാഹുൽ ഗാന്ധിയും ഗോവയിൽ പാർട്ടിയുടെ പ്രചാരണത്തിന് തുടക്കമിട്ട അതേ ദിവസമായിരുന്നു കോണ്‍ഗ്രസിനെതിരേയുള്ള മമത ബാനര്‍ജിയുടെ വിമര്‍ശനം. കോണ്‍ഗ്രസ് പാര്‍ട്ടി രാഷ്ട്രീയത്തിൽ ഗൗരവം കാണിക്കാത്തതിനാൽ പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടുതൽ ശക്തനാകുമെന്നായിരുന്നു മമതയുടെ വിമര്‍ശനം. കോണ്‍ഗ്രസ് പാര്‍ട്ടി ശക്തമായ തീരുമാനങ്ങൾ എടുക്കുന്നില്ലെന്നും തന്റെ ഗോവന്‍ സന്ദര്‍ശനത്തിന്റെ ഭാഗായി നടത്തിയ യോഗത്തില്‍ മമത ആരോപിച്ചു. അവർക്ക് (കോൺഗ്രസിന്) പണ്ട് അവസരം ലഭിച്ചപ്പോള്‍ ബിജെപിക്കെതിരെ പോരാടുന്നതിന് പകരം എന്റെ സംസ്ഥാനത്ത് എനിക്കെതിരെ മത്സരിച്ചെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
കോൺഗ്രസ് എന്ത് തീരുമാനങ്ങളാണ് എടുക്കേണ്ടതെന്നാണ് താങ്കള്‍ കരുതുന്നതെന്ന് ചോദിച്ചപ്പോള്‍ "ഞാൻ കോൺഗ്രസിനെക്കുറിച്ച് ചർച്ച ചെയ്യാൻ ആഗ്രഹിക്കുന്നില്ല, കാരണം അത് എന്റെ പാർട്ടിയല്ല, ഞാൻ എന്റെ പ്രാദേശിക പാർട്ടി സ്ഥാപിച്ചു, ആരുടെയും പിന്തുണയില്ലാതെയാണ് ഞങ്ങൾ രൂപീകരിച്ചത്. എന്നിട്ടും ഞങ്ങള്‍ മൂന്ന് തവണ സര്‍ക്കാര്‍ രൂപീകരിച്ചെന്നും മമത പറഞ്ഞു. അടുത്ത വർഷം ആദ്യം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഗോവയിലെ 40 സീറ്റുകളിലും മത്സരിക്കുമെന്ന് ടി എം സി നേതാക്കള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.












Click it and Unblock the Notifications