ബംഗാളില്‍ വീണ്ടും മമത മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു, ഇത് ചരിത്രം!
കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ മമതാ ബാനര്‍ജി വീണ്ടും മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. 35 വര്‍ഷം ബംഗാള്‍ അടക്കിഭരിച്ച ഇടതു സര്‍ക്കാരിന് ശേഷം ഇതാദ്യമായിട്ടാണ് ബംഗാളില്‍ ഭരണത്തുടര്‍ച്ചയുണ്ടാകുന്നത്. കോണ്‍ഗ്രസ് - സി പി എം, ബി ജെ പി സഖ്യങ്ങളെ ഒറ്റയ്ക്ക് പൊരുതി തോല്‍പിച്ചാണ് മമത ഇത്തവണ അധികാരത്തിലെത്തിയത്. വികസനവും അടിസ്ഥാന സൗകര്യവുമായിരുന്നു മമതയുടെ മുദ്രാവാക്യം. ബംഗാളിലെ ജനങ്ങള്‍ അത് വിശ്വസിച്ചു.
12.45 ന് മമതാ ബാനര്‍ജിയും പിന്നാലെ മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. കൊല്‍ക്കത്തയിലെ റെഡ് റോഡില്‍ 41 എം എല്‍ എ മാരും മമത ബാനര്‍ജിക്കൊപ്പം സത്യപ്രതിജ്ഞ ചെയ്തു. ഇതില്‍ 18 പേര്‍ ആദ്യമായി നിയമസഭയില്‍ എത്തുന്നവരാണ്. മൂന്ന് തവണയായിട്ടാണ് ഇവര്‍ സത്യപ്രതിജ്ഞ ചെയ്തത്. ഒന്നേകാലോടെ ചടങ്ങുകള്‍ അവസാനിച്ചു.

പ്രൗഡഗംഭീരമായ വേദിയായിരുന്നു സത്യപ്രതിജ്ഞയ്ക്ക് വേണ്ടി ഒരുക്കിയിരുന്നത്. ഭൂട്ടാന്‍ പ്രധാനമന്ത്രി ഷെറിങ് തോങ്ബായ്, കേന്ദ്രമന്ത്രിമാരായ അരുണ്‍ ജെയ്റ്റ്‌ലി, ബാപുല്‍ സുപ്രിയോ എന്നിവര്‍ സത്യപ്രജിജ്ഞാ ചടങ്ങിനെത്തി. ബംഗ്ലാദേശിന്റെ പ്രതിനിധിയായി വ്യവസായ മന്ത്രിയാണ് സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുത്തത്.
മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലി, ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍, ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവ്, ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍, ജമ്മു കാശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഫറൂഖ് അബ്ദുള്ള എന്നിവരും ചടങ്ങ് വീക്ഷിക്കാന്‍ ഉണ്ടായിരുന്നു. പ്രതിപക്ഷ പാര്‍ട്ടികളില്‍ നിന്നുള്ള നേതാക്കളുടെ എണ്ണം ശുഷ്‌കമായിരുന്നു. മുപ്പത്തയ്യായിരത്തോളം ആളുകള്‍ സത്യപ്രതിജ്ഞാ ചടങ്ങുകള്‍ ആഘോഷമാക്കാനെത്തി.












Click it and Unblock the Notifications