മണിപ്പൂരില്‍ ബിജെപി തന്നെ വലിയ കക്ഷി; ഭരണം പിടിക്കുമെന്ന് എക്‌സിറ്റ് പോളുകള്‍
ഇംഫാല്‍: മണിപ്പൂര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി ഏറ്റവും വലിയ കക്ഷിയാകുമെന്ന് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ സൂചിപ്പിക്കുന്നു. 60 അംഗ നിയമസഭയില്‍ 31 സീറ്റ് ലഭിക്കുന്ന പാര്‍ട്ടിക്ക് ഭരണം നടത്താം. 2017ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ 28 സീറ്റുകള്‍ നേടി കോണ്‍ഗ്രസ് ആയിരുന്നു വലിയ കക്ഷി. എന്നാല്‍ പ്രാദേശിക പാര്‍ട്ടികളായ എന്‍പിപി, എന്‍പിഎഫ്, ജെഡിയു എന്നീ കക്ഷികളെ ചേര്‍ത്ത് ബിജെപി സര്‍ക്കാരുണ്ടാക്കുകയായിരുന്നു. രണ്ട് ഘട്ടങ്ങളായിട്ടായിരുന്നു മണിപ്പൂരില്‍ ഇത്തവണ നിയമസഭാ തിരഞ്ഞെടുപ്പ്. ബിജെപി വലിയ കക്ഷിയാകുമെന്നാണ് പ്രവചനങ്ങള്‍. ഒരു എക്‌സിറ്റ് പോള്‍ ഫലങ്ങളും മണിപ്പൂരില്‍ കോണ്‍ഗ്രസ് ഭരണം പിടിക്കുമെന്ന് പറയുന്നില്ല.
എബിപി മജ-സിവോട്ടര്‍, ഇന്ത്യ ന്യൂസ്, ഇന്ത്യ ടിവി-ഗ്രൗണ്ട് സീറോ റിസര്‍ച്ച്, ഇന്ത്യ ടുഡെ, ന്യൂസ് 18 പഞ്ചാബ്-പി മാര്‍ക്യു, സീ ന്യൂസ് എന്നീ എക്‌സിറ്റ് പോളുകളെല്ലാം ബിജെപിക്കാണ് മുന്‍തൂക്കം പ്രവചിക്കുന്നത്. എന്നാല്‍ ചില എക്‌സിറ്റ് പോളുകള്‍ മാത്രമാണ് കേവല ഭൂരിപക്ഷം മറികടക്കുമെന്ന് പറയുന്നത്. കൂടുതല്‍ സീറ്റ് കിട്ടുമെന്ന പ്രവചനങ്ങള്‍ ബിജെപിക്ക് ആശ്വാസമാണ്. 2017ല്‍ കോണ്‍ഗ്രസിനേക്കാള്‍ കുറഞ്ഞ സീറ്റ് ലഭിച്ചിട്ടും സര്‍ക്കാരുണ്ടാക്കാന്‍ ബിജെപിക്ക് സാധിച്ചിരുന്നു.

സൈനികര്‍ക്ക് പ്രത്യേക അധികാരം നല്‍കുന്ന അഫ്‌സ്പ നിയമമായിരുന്നു ഇത്തവണ മണിപ്പൂരിലെ പ്രധാന തിരഞ്ഞെടുപ്പ് ചര്‍ച്ചാ വിഷയം. അധികാരത്തിലെത്തിയാല്‍ അഫ്‌സ്പ പിന്‍വലിക്കുമെന്ന് എല്ലാ പാര്‍ട്ടികളും പ്രഖ്യാപിച്ചിരുന്നു. അഫ്‌സ്പ പിന്‍വലിക്കാനുള്ള സാഹചര്യം ഒരുക്കുകയാണ് ബിജെപി ഇതുവരെ ചെയ്തത് എന്നായിരുന്നു ബിജെപിയുടെ പ്രതികരണം. അധികാരത്തിലെത്തിയാല്‍ എല്ലാ വിമതരുമായും കേന്ദ്ര സര്‍ക്കാരുമായും ചര്‍ച്ച നടത്തി അഫ്‌സ്പ പിന്‍വലിക്കാനുള്ള നീക്കങ്ങള്‍ നടത്തുമെന്നും ബിജെപി പ്രഖ്യാപിച്ചിരുന്നു. മാര്‍ച്ച് 10നാണ് ഔദ്യോഗിക ഫല പ്രഖ്യാപനം. 5 മണ്ഡലങ്ങളിലെ 12 ബൂത്തുകളില്‍ പോളിങ് തടസപ്പെട്ടിരുന്നു. ഇവിടെ ചൊവ്വാഴ്ച പോളിങ് നടക്കും. മാര്‍ച്ച് പത്തിന് ഫലം പ്രഖ്യാപിക്കുമ്പോള്‍ എല്ലായിടത്തെ വോട്ടുകളും ഒരുമിച്ചാകും എണ്ണുക.
മണിപ്പൂരിന് പുറമെ, ഉത്തര്‍ പ്രദേശ്, ഉത്തരാഖണ്ഡ്, പഞ്ചാബ്, ഗോവ എന്നീ സംസ്ഥാനങ്ങളിലും നിയമസഭാ തിരഞ്ഞെടുപ്പ് നടന്നിരുന്നു. കോണ്‍ഗ്രസ് ഭരിച്ചിരുന്ന പഞ്ചാബില്‍ ഇത്തവണ എഎപി ജയിക്കുമെന്നാണ് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍. യുപിയില്‍ സീറ്റ് കുറയുമെങ്കിലും ബിജെപി അധികാരം നിലനിര്‍ത്തും. ഉത്തരാഖണ്ഡില്‍ കോണ്‍ഗ്രസും ബിജെപിയും തമ്മില്‍ ഇഞ്ചോടിഞ്ച് മല്‍സരം നടക്കുമെന്നും പറയപ്പെടുന്നു. ഗോവയില്‍ ബിജെപിക്കോ കോണ്‍ഗ്രസിനോ വ്യക്തമായ വിജയം ലഭിക്കില്ലെന്നും തൂക്കുസഭയ്ക്കാണ് സാധ്യതയെന്നും എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ സൂചിപ്പിക്കുന്നു.












Click it and Unblock the Notifications