മണിപ്പൂരില്‍ നടന്നത് ന്യായീകരിക്കാന്‍ കഴിയില്ല: എഫ്ഐആർ രജിസ്റ്റർ ചെയ്യാന്‍ 14 ദിവസമോ?; സുപ്രീംകോടതി
ഡല്‍ഹി: മണിപ്പൂരിലെ അക്രമ സംഭവങ്ങളില്‍ ശക്തമായ പ്രതികരണവുമായി സുപ്രീംകോടതി. രാജ്യത്തെ മറ്റിടങ്ങളിൽ സ്ത്രീകൾക്കെതിരെ നടക്കുന്ന അതിക്രമങ്ങൾ ചൂണ്ടിക്കാട്ടി മണിപ്പുരിൽ നടന്ന അക്രമങ്ങളെ ന്യായീകരിക്കാന്‍ സാധിക്കില്ലെന്ന് ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഢ് അഭിപ്രായപ്പെട്ടു. "സാമുദായികവും വിഭാഗീയവുമായ അക്രമങ്ങളിൽ സ്ത്രീകൾക്കെതിരായ അഭൂതപൂർവമായ അതിക്രമങ്ങളെയാണ് നമ്മള്‍ കൈകാര്യം ചെയ്യുന്നത്. എന്നാൽ ബംഗാളിലും സ്ത്രീകൾക്കെതിരെയും കുറ്റകൃത്യങ്ങൾ നടക്കുന്നുണ്ടെന്ന് പറയാനാകില്ല, എന്നാൽ ഇവിടെ സ്ഥിതി വ്യത്യസ്തമാണ്. മണിപ്പൂർ കേസിൽ നിങ്ങളുടെ നിർദ്ദേശം എന്താണെന്ന് പറയൂ? മറ്റിടങ്ങളിൽ സ്ത്രീകൾക്കെതിരെ നടക്കുന്ന അതിക്രമങ്ങൾ ചൂണ്ടിക്കാട്ടി മണിപ്പുരിൽ നടന്ന അക്രമങ്ങളെ ന്യായീകരിക്കാന്‍ സാധിക്കില്ല"- ചീഫ് ജസ്റ്റിസ് പറഞ്ഞു.
ജസ്റ്റിസുമാരായ ജെ ബി പർദിവാല, ജസ്റ്റിസ് മനോജ് മിശ്ര എന്നിവരും അടങ്ങിയ ബെഞ്ചാണ് മണിപ്പൂർ വിഷയത്തില്‍ നിരവധിപ്പേർ നല്‍കിയ ഹർജി പരിഗണിച്ചത്. ആദിവാസി സ്ത്രീകളെ നഗ്നരാക്കി നടത്തിച്ച വീഡിയോയെ ഭയാനകം എന്നാണ് കോടതി വിശേഷിപ്പിച്ചത്. സംസ്ഥാനത്ത് എത്രയും പെട്ടെന്ന് തന്നെ സമാധാനം പുനഃസ്ഥാപിക്കണെന്നും കോടതി ആവശ്യപ്പെട്ടു.

മെയ് 4 ന് അക്രമം നടന്നിട്ടും എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ പോലീസ് 14 ദിവസം എടുത്തത് എന്തുകൊണ്ടാണെന്നും കോടതി ചോദ്യം ചെയ്തു. ഇതുവരെ നടന്ന അറസ്റ്റുകളെ കുറിച്ച് അറിയിക്കാൻ സർക്കാരിനോട് ആവശ്യപ്പെട്ടതിന് പുറമെ സുപ്രീം കോടതിയും ഇത് സംബന്ധിച്ച വിവരങ്ങള്‍ തേടി. മെയ് ആദ്യം മുതൽ അക്രമത്തിൽ നാശനഷ്ടം സംഭവിച്ചവർക്കുള്ള പുനരധിവാസത്തെയും സഹായ പാക്കേജുകളെയും കുറിച്ചുള്ള റിപ്പോർട്ടും കോടതി തേടിയിട്ടുണ്ട്. റജിസ്റ്റർ ചെയ്ത 6000 എഫ്ഐആറിൽ എത്രയെണ്ണം സ്ത്രീകൾക്ക് എതിരായ അത്രികമണങ്ങളുടെ പേരിൽ ചുമത്തിയതാണെന്നും കോടതി ചോദിച്ചു.
മണിപ്പൂരിൽ സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ കൈകാര്യം ചെയ്യാൻ വിശാലമായ സംവിധാനം രൂപപ്പെടുത്തണമെന്നും സുപ്രീം കോടതി ആവശ്യപ്പെട്ടു. മണിപ്പൂരിലെ അക്രമസംഭവങ്ങളെക്കുറിച്ചുള്ള അന്വേഷണം സുപ്രീം കോടതി നിരീക്ഷിക്കുകയാണെങ്കിൽ സർക്കാരിന് എതിർപ്പില്ലെന്ന് കേന്ദ്രത്തിന് വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത ബെഞ്ചിനെ അറിയിച്ചു.
നഗ്നരാക്കി അപമാനിക്കപ്പെട്ട സ്ത്രീകൾ സുപ്രീംകോടതിയെ ഇന്നു സമീപിച്ചിരുന്നു. കേസിൽ സുപ്രീം കോടതി സ്വമേധയാ നടപടിയെടുക്കണമെന്നും നിഷ്പക്ഷമായ അന്വേഷണത്തിന് ഉത്തരവിടണമെന്നും ഇവർ ഹർജിയിലൂടെ ആവശ്യപ്പെട്ടു. സ്ത്രീകളെ നഗ്നരാക്കി നടത്തിയ കേസിലെ വിചാരണ മണിപ്പുരിൽനിന്ന് മറ്റൊരു സംസ്ഥാനത്തിലേക്കു മാറ്റണമെന്നും കേന്ദ്ര സർക്കാരും ആവശ്യപ്പെട്ടിട്ടുണ്ട്. മുതിർന്ന അഭിഭാഷകന്‍ കബില്‍ സിബലായിരുന്നു സ്ത്രീകള്‍ക്ക് വേണ്ടി ഹാജരായിരുന്നത്.












Click it and Unblock the Notifications