മണിപ്പൂരിൽ ബിജെപിക്ക് മുന്നേറ്റം.. 10 സീറ്റുകളിൽ ലീഡ് നേടി എൻപിപി..ചെറുപാർട്ടികൾ നിർണായകം
ദില്ലി; കോൺഗ്രസ് പ്രതീക്ഷകളെ അസ്ഥാനത്താക്കി മണിപ്പൂരിൽ ബി ജെ പിക്ക് വൻ ലീഡ്. 23 സീറ്റുകളിലാണ് പാർട്ടി മുന്നേറുന്നത്. കോൺഗ്രസിന് 13 സീറ്റുകളിലാണ് ലീഡ് ചെയ്യുന്നത്. അതേസമയം മുൻ ബി ജെ പി സഖ്യകക്ഷിയായ എൻ പി പി 10 സീറ്റുകളിൽ മുന്നിട്ട് നിൽക്കുകയാണ്. മറ്റ് പാർട്ടികളും 10 സീറ്റുകളിൽ ലീഡ് ചെയ്യുന്നുണ്ട്. ഇതോടെ ചെറുപാർട്ടികളുടെ നിലപാടും ഇവിടെ നിർണായകമായേക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്.

2017 ൽ സംസ്ഥാനത്ത് കോൺഗ്രസ് ആയിരുന്നു ഏറ്റവും വലിയ ഒറ്റകക്ഷി. 60 അംഗ സഭയിൽ 28 സീറ്റായിരുന്നു കോൺഗ്രസിന് ലഭിച്ചത്. ഇതോടെ കോൺഗ്രസ് അധികാരത്തിലേക്ക് എന്ന് ഉറപ്പിച്ചിരിക്കേയാണ് പ്രാദേശിക കക്ഷികളുടെ സഹായത്തോടെ ബി ജെ പി തന്ത്രപരമായി അധികാരം പിടിച്ചെടുത്തത്. അന്ന് നാഷ്ണൽ പീപ്പിൾസ് പാർട്ടി (എൻ പി പി), നാഗാ പീപ്പിൾസ് ഫ്രണ്ട് (എൻ പി എഫ്), ലോക് ജനശക്തി പാർട്ടി (എൽ ജെ പി) എന്നിവരുടെ പിന്തുണയോടെയായിരുന്നു ബി ജെ പി ഭരണം നേടിയത്. അതേസമയം ഇത്തവണ നാഷ്ണൽ പീപ്പിൾസ് പാർട്ടി (എൻ പി പി), നാഗാ പീപ്പിൾസ് ഫ്രണ്ട് (എൻ പി എഫ്)എന്നിവർ ബി ജെ പിക്കൊപ്പം ഇല്ല. ഇവർ തനിച്ചാണ് മത്സരിച്ചത്.
കേവല ഭൂരിപക്ഷത്തിന് 31 സീറ്റുകളാണ് വേണ്ടത്. തൂക്കുസഭ ഉണ്ടായാൽ കഴിഞ്ഞ തവണത്തേതിന് സമാനമായി പ്രാദേശിക കക്ഷികളുടെ നിലപാടായിരിക്കും നിർണായകമാകുക. എൻ പി പിയുടെ നിലപാടാകും കൂടുതൽ ഉറ്റുനോക്കപ്പെടുന്നത്. ഇത്തവണ ബി ജെ പി സഖ്യം ഉപേക്ഷിച്ച് തിരഞ്ഞെടുപ്പിനെ നേരിട്ട എൻ പി പി ഫലത്തിന് ശേഷം ബി ജെ പിയുമായി കൈകോർക്കുമോയെന്നാണ് ഉറ്റുനോക്കപ്പെടുന്നത്. തിരഞ്ഞെടുപ്പ് ഫലത്തിന് ശേഷം അപ്പോഴത്തെ സാഹചര്യങ്ങൾക്ക് അനുസരിച്ചാകും ആരെ പിന്തുണയ്ക്കണമെന്ന് തിരുമാനിക്കുകയെന്നാണ് നേതൃത്വം വ്യക്തമാക്കിയത്. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ സഖ്യത്തിൽ കടുത്ത അവഗണനയാണ് നേരിടേണ്ടി വന്നതെന്ന ്നേരത്തേ എൻ പി പി നേതാവ് കോൺറാഡ് സാങ്മ പ്രതികരിച്ചിരുന്നു.
ബിഹാറിൽ ബി ജെ പിയുടെ സഖ്യകക്ഷിയായ ജെ ഡി യുവും ഇത്തവണ തനിച്ചാണ് തിരഞ്ഞെടുപ്പിനെ നേരിട്ടത്. ജെ ഡി യുവും ബി ജെ പിയ്ക്കൊപ്പം ചേരുമോയെന്ന് കാത്തിരുന്ന് കാണാം.












Click it and Unblock the Notifications