മണിപ്പൂരിൽ സ്ത്രീകളെ നഗ്നരാക്കി നടത്തിച്ച സംഭവം; കാരണം വ്യാജ വാർത്ത പ്രചരിച്ചതെന്ന് പോലീസ്
ഇംഫാൽ: മണിപ്പൂരിൽ കുക്കി വിഭാഗക്കാരായ രണ്ട് സ്ത്രീകളെ നഗ്നരാക്കി നടത്തിയ സംഭവത്തിന് കാരണം വ്യാജവാർത്ത പ്രചരിച്ചതെന്ന് പോലീസ്. ഡൽഹിയിൽ നടന്ന പീഡനത്തിന്റെ ദൃശ്യങ്ങൾ മണിപ്പൂരിൽ നടന്നതാണെന്ന രീതിയിൽ പ്രചരിച്ചതാണ് ക്രൂരതയിലേക്ക് നയിച്ചതെന്ന് പോലീസ് പറയുന്നു.
പീഡനത്തിന് ഇരയായി പ്ലാസ്റ്റിക് ഷീറ്റിൽ പൊതിഞ്ഞ സ്ത്രീയുടെ ചിത്രമാണ് മണിപ്പൂരിലെ മെയ്തെയ് വിഭാഗക്കാരിയായ യുവതിയുടേതെന്ന പേരിൽ പ്രചരിച്ചത്. ഇതോടെ ആൾക്കൂട്ടം കുക്കി വിഭാഗത്തിലെ അഞ്ച് പേരടങ്ങുന്ന കുടുംബത്തെ തട്ടിക്കൊണ്ട് പോകുകയായിരുന്നു. മണിപ്പൂരിൽ സംഘർഷം പൊട്ടിപുറപ്പെട്ടതിന്റെ തൊട്ടടുത്ത ദിവസമായ മെയ് നാലിനായിരുന്നു സംഭവം നടന്നത്.

വ്യാജ വാർത്ത പ്രചരിച്ചതോടെ ആയിരം പേരടങ്ങുന്ന ആൾക്കൂട്ടം ആയുധങ്ങളുമായി കുക്കികൾ താമസിക്കുന്ന ബി ഫൈനോം ഗ്രാമങ്ങളിലേക്ക് ഇരച്ചു കയറി. ഇവിടെ വീടുകൾക്ക് തീയിടുകയും ആളുകളെ ആക്രമിക്കുകയും ചെയ്തു. ഇതിനിടയിൽ പ്രാണരക്ഷാർത്ഥം അഞ്ച് പേരടങ്ങുന്ന കുക്കി കുടുംബം സമീപത്തെ കാട്ടിലേക്ക് രക്ഷപ്പെട്ടു. ഇവരെ പിന്നീട് നോങ്പോകിൽ നിന്നുള്ള പോലീസ് സംഘം രക്ഷപ്പെടുത്തിയിരുന്നു. ഇവരെ സ്റ്റേഷനിലേക്ക് എത്തിച്ചെങ്കിലും ആൾക്കൂട്ടം സ്റ്റേഷനിൽ കയറി ഇവരെ തട്ടിക്കൊണ്ടുപോകുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്.
കുടുംബത്തിൽ നിന്നുള്ള പുരുഷനെ ആദ്യമേ തന്നെ ആൾക്കൂട്ടം ആക്രമിച്ച് കൊലപ്പെടുത്തി. തുടർന്ന് 3 സ്ത്രീകളെ നഗ്നരാക്കി. ഇതിൽ 21 കാരിയെ സഹോദരിയെ ആക്രമിക്കാൻ ആൾക്കൂട്ടം ശ്രമിച്ചപ്പോൾ തടയാൻ ശ്രമിച്ച പത്തൊൻപതുകാരനെ ആക്രമികൾ മർദ്ദിച്ച് കൊലപ്പെടുത്തിയിരുന്നു.
മെയ് നാലിന് കാൻഗ്പോക്പി ജില്ലയിലായിരുന്നു രാജ്യത്തെ ഞെട്ടിക്കുന്ന സംഭവം നടന്നത്. രണ്ട് കുക്കി വിഭാഗക്കാരായ സ്ത്രീകളെ ആൾക്കൂട്ടം നഗ്നരാക്കി റോഡിലൂടെ നടത്തുകയായിരുന്നു. ഇതിന്റെ 26 സെക്കന്റ് ദൈർഘ്യമുള്ള വീഡിയോ കഴിഞ്ഞ ദിവസമായിരുന്നു സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചത്. ഇതോടെ രാജ്യത്താകമാനം വലിയ പ്രതിഷേധമായിരുന്നു ഉയർന്നത്. സംഭവത്തിൽ സുപ്രീം കോടതി സ്വമേധയാ കേസെടുത്തിരുന്നു. ഇത്രയും ക്രൂരമായ സംഭവം നടന്നിട്ടും എന്ത് നടപടിയാണ് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ സ്വീകരിച്ചതെന്ന ചോദ്യമായിരുന്നു കോടതി ഉയർത്തിയത്.
അതേസമയം മെയ് 4 ന് നടന്ന സംഭവമായിട്ടും ജൂൺ 16 ന് മാത്രമാണ് പോലീസ് കേസിൽ എഫ് ഐ ആർ രജിസ്റ്റർ ചെയ്തത്. നഗ്നരാക്കി നടത്തിയതിന് ശേഷം യുവതികളെ ക്രൂരമായി ബലാത്സംഗത്തിനിരയാക്കിയതായി ആരോപണം ഉണ്ട്.
അതേസമയം സംഭവത്തിൽ ഇതുവരെ ആസൂത്രകൻ അടക്കം നാല് പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. തൗബാൽ ജില്ലയിലെ ഹുയ്റോ ഹേരാദാസ് എന്ന മെയ്തെയ് വിഭാഗക്കാരനായ 32 കാരനാണ് അറസ്റ്റിലായ ഒരാൾ. ഇയാൾ സ്ത്രീകളെ അധിക്ഷേപിക്കുകയും ആക്രമിക്കുകയും ചെയ്യുന്നത് വീഡിയോയിൽ ഉണ്ട്. കേസിലെ മറ്റ് പ്രതികളെ കണ്ടെത്താനുള്ള അന്വേഷണം ഊർജിതമാക്കിയതായി പോലീസ് അറിയിച്ചു.












Click it and Unblock the Notifications