മണിപ്പൂരിലെ ഇരട്ട കൊലപാതകം: 48 മണിക്കൂർ ബന്ദ് പുരോഗമിക്കുന്നു, നഷ്ടപരിഹാര പ്രഖ്യാപനവുമായി സർക്കാർ
ഇംഫാല്‍: കുക്കി-സോ സമുദായത്തിൽ നിന്നുള്ള രണ്ട് പേർ കൊല്ലപ്പെട്ടതിനെത്തുടർന്ന് മണിപ്പൂരിലെ കാങ്‌പോക്‌പി ജില്ലയിൽ കനത്ത നിയന്ത്രണങ്ങള്‍. സുരക്ഷാ സേന നടപടി കടുപ്പിച്ചതോടെ പ്രദേശം പൂർണ്ണമായും വിജനമായി. അവശ്യ സർവ്വീസുകള്‍ നടത്തുന്ന വാഹനങ്ങള്‍ മാത്രമാണ് പുറത്തിറങ്ങുന്നത്. കടകള്‍ പൂർണ്ണമായി അടഞ്ഞ് കിടക്കുകയാണ്. ആറാം ഇന്ത്യ റിസർവ് ബറ്റാലിയനിലെ (ഐആർബി) ഉദ്യോഗസ്ഥനും അദ്ദേഹത്തിന്റെ ഡ്രൈവറും കഴിഞ്ഞ ദിവസം കാങ്‌പോക്‌പി ജില്ലയിലെ കാങ്‌ചുപ്പ് പ്രദേശത്ത് അജ്ഞാതരായ സായുധരായ അക്രമികൾ നടത്തിയ ആക്രമണത്തിൽ ക്രൂരമായി കൊല്ലപ്പെടുകയായിരുന്നു.
കൊല്ലപ്പെട്ടവർ കുക്കി-സോ സമുദായത്തിൽപ്പെട്ടവരാണെന്ന് ആദിവാസി സംഘടന അറിയിച്ചു. മലയിടുക്കില്‍ ഒളിച്ചിരുന്ന സംഘം പട്ടാളക്കാരന് നേരെ വെടിയുതിർക്കുകയായിരുന്നു. സംഭവത്തിന് പിന്നിൽ മേയ്തെയി വിഭാഗക്കാരാണെന്ന് കുക്കി സംഘടനകൾ ആരോപിച്ചു. സംഭവത്തിൽ പ്രതിഷേധിച്ച് വിവിധ കുക്കി സംഘടനകൾ പ്രദേശത്ത് 48 മണിക്കൂർ ബന്ദിന് ആഹ്വാനം ചെയ്തിട്ടുണ്ട്. അക്രമികള്‍ക്കായി സേനയും പ്രദേശത്ത് ശക്തമായ തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.

സമ്പൂർണ അടച്ചുപൂട്ടലിന്റെ ആദ്യ ദിവസം വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉൾപ്പെടെ എല്ലാ കടകളും വ്യാപാര സ്ഥാപനങ്ങളും അടഞ്ഞുകിടന്നു. സന്നദ്ധസേവനം നടത്തുന്നവർ ദേശീയപാത 2-ലെ വാഹനങ്ങളുടെ രേഖകൾ നന്നായി പരിശോധിച്ച് അവശ്യ സർവീസുകൾ മാത്രം കടന്നുപോകാൻ അനുവദിക്കുകയും മറ്റുള്ളവരെ തിരിച്ചയക്കുകയും ചെയ്തു.
അതേസമയം മെയ് 3 ന് സംസ്ഥാനത്ത് അക്രമം തുടങ്ങിയതിന് ശേഷം മണിപ്പൂരിൽ ലൈംഗികാതിക്രമങ്ങളും മറ്റ് കുറ്റകൃത്യങ്ങളും നേരിടുന്ന സ്ത്രീകൾക്ക് നഷ്ടപരിഹാരം നൽകുന്നതിന് സമർപ്പിത ബാങ്ക് അക്കൗണ്ടിൽ അഞ്ച് കോടി രൂപ അനുവദിച്ചതായി മണിപ്പൂർ സർക്കാർ കഴിഞ്ഞ ദിവസം സുപ്രീം കോടതിയെ അറിയിച്ചു. എന്നാല്‍ ഈ ഫണ്ടുകൾ മുഖേന എത്ര സ്ത്രീകൾക്ക് നഷ്ടപരിഹാരം നൽകുമെന്ന് സത്യവാങ്മൂലത്തിൽ വ്യക്തമാക്കുന്നില്ല. ഇതുവരെ എത്ര പേർക്ക് നഷ്ടപരിഹാരം ലഭിച്ചുവെന്നും പറയുന്നില്ല.
ജീവൻ നഷ്ടപ്പെട്ടവർക്കും കൂട്ടബലാത്സംഗത്തിന് ഇരയായവർക്കും 5 ലക്ഷം മുതൽ 10 ലക്ഷം രൂപ വരെയാണ് നഷ്ടപരിഹാരം. ബലാത്സംഗം, ലൈംഗികാതിക്രമം, കൈകാലുകൾ അല്ലെങ്കിൽ ശരീരഭാഗങ്ങൾ എന്നിവ നഷ്‌ടപ്പെട്ടതുൾപ്പെടെയുള്ള മറ്റ് കുറ്റകൃത്യങ്ങൾക്ക്, നഷ്ടപരിഹാര തുക 1 ലക്ഷം മുതൽ 9 ലക്ഷം രൂപ വരെയാണെന്നും ഹിന്ദു റിപ്പോർട്ട് ചെയ്യുന്നു. നഷ്ടപരിഹാരം തീരുമാനിക്കുന്നതിൽ സർക്കാർ ഉദ്യോഗസ്ഥർ സ്വീകരിച്ച മാനദണ്ഡത്തെക്കുറിച്ച് ഇതുവരെ വ്യക്തതയില്ല.
പ്രത്യേക ആധാർ ക്യാമ്പുകൾ തുറന്ന് ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നവർക്കായി 3,928 ആധാർ കാർഡുകൾ പുനഃസൃഷ്ടിച്ചതായും മണിപ്പൂരിലെ അക്രമസംഭവങ്ങളെക്കുറിച്ചുള്ള തൽസ്ഥിതി റിപ്പോർട്ടിൽ സംസ്ഥാന സർക്കാർ സുപ്രീം കോടതിയെ അറിയിച്ചു. ആധാർ കാർഡുകളുടെ വീണ്ടെടുക്കൽ നടപടികൾ ഇപ്പോഴും തുടരുകയാണെന്ന് സംസ്ഥാനം അറിയിച്ചു.
സ്റ്റാറ്റസ് റിപ്പോർട്ട് അനുസരിച്ച്, ആഭ്യന്തര വകുപ്പ്, 2023 ജൂൺ 19 ലെ കത്തിൽ, സംസ്ഥാനത്ത് നടന്നുകൊണ്ടിരിക്കുന്ന അക്രമങ്ങളിൽ നഷ്ടപ്പെടുകയോ കത്തിക്കുകയോ ചെയ്ത തിരിച്ചറിയൽ കാർഡുകൾ സൃഷ്ടിക്കുന്നതിന് പ്രത്യേക ആധാർ ക്യാമ്പുകൾ തുറക്കാൻ എല്ലാ ഡെപ്യൂട്ടി കമ്മീഷണർമാർക്കും നിർദ്ദേശം നൽകിയിരുന്നു. 2023 സെപ്തംബർ 25 ലെ ഉത്തരവിലൂടെ സുപ്രീം കോടതി പാസാക്കിയ നിർദ്ദേശങ്ങൾ പാലിച്ചാണ് മണിപ്പൂർ സംസ്ഥാനം തൽസ്ഥിതി റിപ്പോർട്ട് സമർപ്പിച്ചിരിക്കുന്നത്.












Click it and Unblock the Notifications