'മണിപ്പൂരില്‍ സംസ്ഥാന സര്‍ക്കാര്‍ പരാജയം'; നദ്ദക്ക് കത്തയച്ച് ബിജെപി സംസ്ഥാന ഘടകം
ഇംഫാല്‍: മണിപ്പൂരിലെ വംശീയ അക്രമങ്ങള്‍ തടയുന്നതില്‍ ബി ജെ പി നേതൃത്വത്തിലുള്ള സര്‍ക്കാര്‍ പരാജയപ്പെട്ടെന്ന് പാര്‍ട്ടി സംസ്ഥാന ഘടകം. ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദക്ക് ഇത് സംബന്ധിച്ച് ബി ജെ പി സംസ്ഥാന ഘടകം കത്തെഴുതിയിട്ടുണ്ട്. വര്‍ധിച്ച് വരുന്ന ജനങ്ങളുടെ രോഷവും പ്രതിഷേധവും ഭരണകൂടത്തിനെതിരെയാണ് എന്ന മുന്നറിയിപ്പും സംസ്ഥാന നേതൃത്വം നല്‍കി.
സംസ്ഥാന അധ്യക്ഷ എ ശാരദാ ദേവിയുടെ നേതൃത്വത്തില്‍ പാര്‍ട്ടിയുടെ എട്ട് പ്രമുഖ ഭാരവാഹികള്‍ ആണ് ജെ പി നദ്ദക്ക് വെള്ളിയാഴ്ച കത്ത് നല്‍കിയത്. ഇംഫാല്‍ ഈസ്റ്റിലെ മുഖ്യമന്ത്രി എന്‍ ബിരേന്‍ സിങ്ങിന്റെ കുടുംബ വസതിയും ഇംഫാല്‍ വെസ്റ്റിലെ ബി ജെ പി എം എല്‍ എയുടെ വീടും ഒരേസമയം ആക്രമിക്കാന്‍ ആയുധധാരികളായ ജനക്കൂട്ടം ശ്രമിച്ചതിന് തൊട്ടുപിന്നാലെയാണ് നേതാക്കളുടെ കത്ത്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയേ നേരില്‍ കാണണം എന്നും ഇവര്‍ ആവശ്യപ്പെട്ടു. ''പൊതുജന രോഷവും പ്രതിഷേധവും ഇപ്പോള്‍ സാവധാനത്തില്‍ വേലിയേറ്റത്തിലേക്ക് തിരിയുന്നു. ഈ അസ്വസ്ഥതയുടെ ഏക ഉത്തരവാദിത്തം സ്ഥിതിഗതികള്‍ കൈകാര്യം ചെയ്യുന്നതില്‍ പരാജയപ്പെട്ട സര്‍ക്കാരിലാണ്. സംസ്ഥാനത്തെ സാധാരണ നിലയിലേക്ക് കൊണ്ടുവരാന്‍ സര്‍ക്കാരും തങ്ങളും രാവും പകലും പ്രവര്‍ത്തിക്കുന്നുണ്ടെന്ന് അറിയാം,'' കത്തില്‍ പറയുന്നു.
സംസ്ഥാന സര്‍ക്കാരില്‍ വിശ്വാസം തിരികെ കൊണ്ടുവരാന്‍ ആര്‍ട്ടിക്കിള്‍ 355 റദ്ദാക്കാനും മുഖ്യമന്ത്രിയുടെ ഏകീകൃത കമാന്‍ഡ് പുനഃസ്ഥാപിക്കാനും അവര്‍ നദ്ദയോട് ആവശ്യപ്പെട്ടു. ദേശീയ പാതകളില്‍ ഗതാഗതം സാധാരണ നിലയിലാക്കേണ്ടതിന്റെ ആവശ്യകതയും പ്രശ്നമുണ്ടാക്കുന്നവരെ അറസ്റ്റ് ചെയ്യേണ്ടതിന്റെ ആവശ്യകതയും നേതാക്കള്‍ ഊന്നിപ്പറഞ്ഞു. സര്‍ക്കാര്‍ വാഗ്ദാനം ചെയ്തത് പോലെ പരിക്കേറ്റവര്‍ക്കും മരിച്ചവര്‍ക്കും പിന്തുണ ലഭ്യമാക്കണം.
കൂടാതെ മ്യാന്‍മര്‍ ആസ്ഥാനമായുള്ള വിമതരുമായി രാജ്യത്തിനെതിരെ യുദ്ധം ചെയ്യാന്‍ ഗൂഢാലോചന നടത്തി എന്ന് ആരോപിച്ച് അടുത്തിടെ എന്‍ ഐ എ കസ്റ്റഡിയിലെടുത്ത മൊയ്റംഗ്തെം ആനന്ദ് സിംഗിന്റെ മോചനത്തിനും നേതാക്കള്‍ സഹായം തേടി. അതേസമയം മണിപ്പൂരില്‍ ഇടവേളക്ക് ശേഷം വീണ്ടും സംഘര്‍ഷം തുടരുകയാണ്.
ബി ജെ പി മന്ത്രി സുസീന്ദ്രോയുടെ വീടിന് മുന്നില്‍ ഇന്നലെ അര്‍ധരാത്രി സംഘര്‍ഷമുണ്ടായിരുന്നു. അതിനിടെ മുഖ്യമന്ത്രിയുടെ വീട്ടിലേക്ക് മാര്‍ച്ച് നടത്തിയവരെ തടഞ്ഞതില്‍ പ്രതിഷേധിച്ച് പ്രതിഷേധക്കാരും പൊലീസും തമ്മില്‍ ഏറ്റുമുട്ടി. നിരവധി പേര്‍ക്ക് സംഘര്‍ഷത്തില്‍ പരിക്ക് പറ്റി.












Click it and Unblock the Notifications