അഫ്‌സ്പ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് മണിപ്പൂരില്‍ പ്രതിഷേധറാലി; തടഞ്ഞ് പൊലീസ്
ഇംഫാല്‍: മണിപ്പൂരിന്റെ ചില ഭാഗങ്ങളില്‍ സൈനിക നിയമമായ അഫ്സ്പ പുനഃസ്ഥാപിച്ചതില്‍ ജനങ്ങളുടെ പ്രതിഷേധം. കര്‍ഫ്യൂ ലംഘിച്ചായിരുന്നു വിവിധ സിവില്‍ സൊസൈറ്റി അംഗങ്ങള്‍ മണിപ്പൂരിലെ ഇംഫാല്‍ വെസ്റ്റ് ജില്ലയില്‍ റാലി നടത്തിയത്. എന്നാല്‍ കെയ്സാമ്പത്ത് ജംഗ്ഷനില്‍ വെച്ച് പൊലീസ് റാലി തടഞ്ഞു. ക്വാകെയ്തെല്‍ ഏരിയയില്‍ നിന്ന് 3.5 കിലോമീറ്റര്‍ പിന്നിട്ട ശേഷമായിരുന്നു റാലി തടഞ്ഞത്.
ഓള്‍ മണിപ്പൂര്‍ യുണൈറ്റഡ് ക്ലബ്സ് ഓര്‍ഗനൈസേഷന്‍, പൊയ്റി ലെയ്മറോള്‍ മീര പൈബി അപുന്‍ബ മണിപ്പൂര്‍, മറ്റ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവയിലെ അംഗങ്ങള്‍ ആണ് റാലിയില്‍ പങ്കെടുത്തത്. 'ആറ് പോലീസ് സ്റ്റേഷനുകള്‍ക്ക് കീഴിലുള്ള പ്രദേശങ്ങളില്‍ അഫ്‌സ്പ പുനഃസ്ഥാപിച്ചതിനെ ഞങ്ങള്‍ ശക്തമായി അപലപിക്കുന്നു. ജിരിബാമില്‍ അഫ്‌സ്പ വീണ്ടും ഏര്‍പ്പെടുത്തി ഏതാനും ദിവസങ്ങള്‍ക്ക് ശേഷമാണ് വെടിവയ്പ്പ് ഉണ്ടായത്,' പ്രതിഷേധക്കാരിലൊരാള്‍ പറഞ്ഞു.

സംഘര്‍ഷ സാധ്യതയുള്ള പ്രദേശങ്ങളില്‍ സായുധ സേനയ്ക്ക് പൊതു ക്രമസമാധാന പരിപാലനത്തിന് ആവശ്യമെന്ന് തോന്നുകയാണെങ്കില്‍ തിരച്ചില്‍ നടത്താനും അറസ്റ്റ് ചെയ്യാനും വെടിവെയ്പ്പ് നടത്താനുമുള്ള അധികാരമാണ് അഫ്‌സ്പ നിയമം നല്‍കുന്നത്. അക്രമം രൂക്ഷമായ ജിരിബാം ഉള്‍പ്പെടെ മണിപ്പൂരിലെ ആറ് പൊലീസ് സ്റ്റേഷന്‍ പരിധികളില്‍ കേന്ദ്രം അടുത്തിടെ അഫ്‌സ്പ പുനസ്ഥാപിച്ചിരുന്നു.
വംശീയ കലാപം മൂലം തുടരുന്ന അസ്ഥിരമായ സാഹചര്യം കണക്കിലെടുത്താണ് തീരുമാനമെന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇത് സംബന്ധിച്ച് നല്‍കുന്ന വിശദീകരണം. ഇംഫാല്‍ വെസ്റ്റിലെ സെക്മായി, ലംസാംഗ്, ഇംഫാല്‍ ഈസ്റ്റിലെ ലാംലായ്, ജിരിബാം ജില്ലയിലെ ജിരിബാം, കാങ്പോക്പിയിലെ ലെയ്മഖോങ്, ബിഷ്ണുപൂരിലെ മൊയ്റാംഗ് എന്നിവയാണ് അഫ്സ്പ പുനഃസ്ഥാപിച്ച പൊലീസ് സ്റ്റേഷന്‍ മേഖലകള്‍.
2025 മാര്‍ച്ച് 31 വരെ അഫ്‌സ്പ നിലനില്‍ക്കും എന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ഉത്തരവില്‍ വ്യക്തമാക്കിയിരിക്കുന്നത്. അതേസമയം പൊതുജനക്ഷേമം മുന്‍നിര്‍ത്തി വിജ്ഞാപനം പുനഃപരിശോധിച്ച് പിന്‍വലിക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. ദുരിതാശ്വാസ ക്യാംപില്‍ നിന്ന് കാണാതായ ആറ് പേരുടെയും മൃതദേഹങ്ങള്‍ കണ്ടെടുത്തതിന് പിന്നാലെയാണ് സംസ്ഥാനം വീണ്ടും സംഘര്‍ഷഭരിതമായത്.
സംഭവത്തിന് പിന്നാലെ മുഖ്യമന്ത്രി എന്‍ ബിരേന്‍സിംഗിന്റേയും മന്ത്രിമാരുടെയും എംഎല്‍എമാരുടെയും വസതികള്‍ക്ക് നേരെ പ്രതിഷേധക്കാര്‍ ആക്രമണം നടത്തിയിരുന്നു. കഴിഞ്ഞ വര്‍ഷം മേയ് മാസത്തില്‍ കുക്കി, മെയ്തി വിഭാഗക്കാര്‍ തമ്മിലുണ്ടായ സംഘര്‍ഷം കാരണം അശാന്തമാണ് മണിപ്പൂര്‍. 200 ലേറെ പേര്‍ക്കാണ് ഒന്നര വര്‍ഷമായി നീണ്ടുനില്‍ക്കുന്ന കലാപത്തില്‍ ജീവന്‍ നഷ്ടമായി.












Click it and Unblock the Notifications