സമാധാന ഉടമ്പടിയില്‍ ഒപ്പുവെച്ച് മണിപ്പൂരിലെ വിമത സംഘടന; ആയുധം ഉപേക്ഷിച്ചു, 'ചരിത്രപരം'
ഇംഫാല്‍: മണിപ്പൂരിലെ വിമത ഗ്രൂപ്പായ യുണൈറ്റഡ് നാഷണല്‍ ലിബറേഷന്‍ ഫ്രണ്ട് (യുഎന്‍എല്‍എഫ്) കേന്ദ്ര സര്‍ക്കാരുമായി സമാധാന കരാറില്‍ ഒപ്പുവച്ചതായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. യുണൈറ്റഡ് നാഷണല്‍ ലിബറേഷന്‍ ഫ്രണ്ട് സമാധാന ഉടമ്പടിയില്‍ ഒപ്പുവെച്ചതിന് ശേഷം സംഘത്തിലെ കേഡര്‍മാര്‍ ആയുധങ്ങള്‍ കീഴടങ്ങുന്നതിന്റെ വീഡിയോയും അദ്ദേഹം പങ്കുവച്ചു.
'മണിപ്പൂരിലെ ഏറ്റവും പഴയ താഴ്വര ആസ്ഥാനമായുള്ള സായുധ ഗ്രൂപ്പായ യുഎന്‍എല്‍എഫ് അക്രമം ഉപേക്ഷിച്ച് മുഖ്യധാരയില്‍ ചേരാന്‍ സമ്മതിച്ചു. ജനാധിപത്യ പ്രക്രിയകളിലേക്ക് ഞാന്‍ അവരെ സ്വാഗതം ചെയ്യുന്നു, അവരുടെ സമാധാനത്തിന്റെയും പുരോഗതിയുടെയും പാതയിലൂടെയുള്ള യാത്രയില്‍ എല്ലാ ആശംസകളും നേരുന്നു', അമിത് ഷാ എക്‌സില്‍ കുറിച്ചു.

Image Credit: Amit Shah@X
മെയ് 3 ന് സംസ്ഥാനത്ത് വംശീയ കലാപം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം ഇതാദ്യമായാണ് താഴ്വര ആസ്ഥാനമായുള്ള ഒരു നിരോധിത സംഘടന സര്‍ക്കാരുമായി സമാധാന ചര്‍ച്ചകളില്‍ ഏര്‍പ്പെടുന്നത്. നവംബര്‍ 13 ന് യു എ പി എക്ക് കീഴില്‍ എട്ട് മെയ്തേയ് തീവ്രസംഘടനകളുടെ നിലവിലുള്ള നിരോധനം കേന്ദ്ര ആഭ്യന്തര മന്ത്രാലയം നീട്ടുകയും അവയെ നിയമവിരുദ്ധമായ സംഘങ്ങളായി ആയി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.
ഈ നിരോധിത ഗ്രൂപ്പുകളില്‍ യുഎന്‍എല്‍എഫും ഉള്‍പ്പെട്ടിരുന്നു. എന്നാല്‍ നവംബര്‍ 26 ന് മണിപ്പൂര്‍ മുഖ്യമന്ത്രി ബിരേന്‍ സിംഗ്, സംസ്ഥാന സര്‍ക്കാര്‍ യുഎന്‍എല്‍എഫുമായി ഒരു സമാധാന കരാറില്‍ ഒപ്പുവെക്കുന്നതിന്റെ വക്കിലാണ് എന്ന് പ്രഖ്യാപിച്ചിരുന്നു. മണിപ്പൂരിലെ മെയ്‌തേയ് തീവ്രവാദ ഗ്രൂപ്പുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്താന്‍ മതിയായ കാരണമുണ്ടോ എന്നും നിയന്ത്രണങ്ങള്‍ തുടരണമോ എന്നും തീരുമാനിക്കാന്‍ ഒരു ട്രൈബ്യൂണല്‍ രൂപീകരിച്ചതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി, അതിന്റെ രാഷ്ട്രീയ വിഭാഗമായ റെവല്യൂഷണറി പീപ്പിള്‍സ് ഫ്രണ്ട്, പീപ്പിള്‍സ് റെവല്യൂഷണറി പാര്‍ട്ടി ഓഫ് കാംഗ്ലീപാക്, അതിന്റെ സായുധ വിഭാഗമായ 'റെഡ് ആര്‍മി', കംഗ്ലീപാക് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി, സായുധ വിഭാഗമായ 'റെഡ് ആര്‍മി', കംഗ്ലേയ് യോള്‍ കന്‍ബ ലുപ്, കോര്‍ഡിനേഷന്‍ കമ്മിറ്റി, അലയന്‍സ് ഓഫ് സോഷ്യലിസ്റ്റ് യൂണിറ്റി കംഗ്ലീപാക്ക് അവരുടെ മുന്നണി സംഘടനകള്‍ എന്നിവയെയാണ് നിയമവിരുദ്ധ സംഘടനകളായി പ്രഖ്യാപിച്ചത്.
1964ല്‍ അരാംബം സമ്രേന്ദ്ര സിംഗ് സ്ഥാപിച്ച യുഎന്‍എല്‍എഫ് വടക്കുകിഴക്കന്‍ സംസ്ഥാനമായ മണിപ്പൂരിലെ ഏറ്റവും പ്രമുഖ മെയ്‌തേയ് വിമത ഗ്രൂപ്പാണ്. 1990-ല്‍ ഇന്ത്യയില്‍ നിന്ന് മണിപ്പൂരിന്റെ മോചനം നേടുന്നതിനായി സംഘം സായുധ പോരാട്ടം ആരംഭിച്ചിരുന്നു. കൂടാതെ മണിപ്പൂര്‍ പീപ്പിള്‍സ് ആര്‍മി (എംപിഎ) എന്ന പേരില്‍ ഒരു സായുധ വിഭാഗം രൂപീകരിക്കുകയും ചെയ്തിരുന്നു.












Click it and Unblock the Notifications