പ്രധാനമന്ത്രിയെ കൊണ്ട് പ്രതികരിപ്പിക്കണം; അവിശ്വാസപ്രമേയനീക്കവുമായി ടീം 'ഇന്ത്യ'
ന്യൂദല്‍ഹി: മണിപ്പൂര്‍ കലാപത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ അവിശ്വാസപ്രമേയം കൊണ്ടുവരാന്‍ പ്രതിപക്ഷ സഖ്യമായ ഇന്ത്യയുടെ നീക്കം. വര്‍ഷകാല സമ്മേളനത്തിന് ചേര്‍ന്ന പാര്‍ലമെന്റിന്റെ ഇരുസഭകളിലും മണിപ്പൂര്‍ കലാപത്തെ ചൊല്ലി ബഹളമാണ്. വിഷയത്തില്‍ പ്രധാനമന്ത്രി പ്രതികരിക്കണം എന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം. എന്നാല്‍ വിഷയത്തില്‍ ചര്‍ച്ചയാകാമെന്ന് സര്‍ക്കാര്‍ പറഞ്ഞിട്ടുണ്ടെങ്കിലും പ്രതിപക്ഷത്തിന്റെ ആവശ്യം അംഗീകരിക്കാന്‍ തയ്യാറല്ല.
ഈ അവസരത്തില്‍ ലോക്സഭയില്‍ സര്‍ക്കാരിനെതിരെ അവിശ്വാസ പ്രമേയം അവതരിപ്പിക്കാന്‍ ഇന്ത്യന്‍ നാഷണല്‍ ഡെവലപ്മെന്റല്‍ ഇന്‍ക്ലൂസീവ് അലയന്‍സ് (ഇന്ത്യ) ഒരുങ്ങുന്നു എന്നാണ് റിപ്പോര്‍ട്ട്. ഇന്ത്യ ഘടകകക്ഷികളുടെ യോഗത്തില്‍ അവിശ്വാസപ്രമേയം അവതരിപ്പിക്കാനുള്ള് നോട്ടീസ് സമര്‍പ്പിക്കാനുള്ള നിര്‍ദ്ദേശം ചര്‍ച്ച ചെയ്തു എന്നാണ് തൃണമൂല്‍ കോണ്‍ഗ്രസ് വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

മണിപ്പൂരിലെ സ്ഥിതിഗതികള്‍ പാര്‍ലമെന്റില്‍ സംസാരിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ നിര്‍ബന്ധിതനാക്കുന്നതിനുള്ള ഫലപ്രദമായ മാര്‍ഗമാണിതെന്നാണ് പ്രതിപക്ഷത്തിന്റെ കണക്കുകൂട്ടല്‍. മണിപ്പൂര്‍ വിഷയത്തില്‍ സര്‍ക്കാരിനെ സമ്മര്‍ദ്ദത്തിലാക്കാനുള്ള പ്രതിപക്ഷ തന്ത്രം രാജ്യസഭയിലും തുടരുമെന്ന് വൃത്തങ്ങള്‍ അറിയിച്ചു. അതേസമയം രാജ്യസഭയില്‍ പ്രതിപക്ഷത്തിന്റെ എംപിമാര്‍ റൂള്‍ 267 പ്രകാരം നല്‍കിയ നോട്ടീസ് ചെയര്‍മാന്‍ ജഗ്ദീപ് ധന്‍ഖര്‍ അംഗീകരിച്ചിട്ടുണ്ട്.
പ്രധാനമന്ത്രി തന്നെ പ്രതികരിക്കണം എന്ന ശാഠ്യം പ്രതിപക്ഷം ഉപേക്ഷിക്കുകയാണെങ്കില്‍ രാജ്യസഭയില്‍ ഇന്ന് മണിപ്പൂര്‍ വിഷയം ചര്‍ച്ചയാകാന്‍ സാധ്യതയുണ്ട്. വിഷയത്തില്‍ സമയപരിധിയില്ലാതെ സംസാരിക്കാന്‍ എംപിമാരെ അനുവദിക്കണം എന്നാണ് പ്രതിപക്ഷം ആവശ്യപ്പെടുന്നത്. അതിനാല്‍ സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണം എന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം. എന്നാല്‍ മോദി പാര്‍ലമെന്റില്‍ സംസാരിക്കണമെന്ന ആവശ്യത്തില്‍ നിന്ന് പ്രതിപക്ഷം പിന്നോട്ടുപോകുമെന്ന് സര്‍ക്കാര്‍ കരുതുന്നില്ല.
അതിനിടെ ഇന്ന് രാവിലെ ചേര്‍ന്ന ബി ജെ പിയുടെ പാര്‍ലമെന്ററി യോഗത്തില്‍ പ്രധാനമന്ത്രി പ്രതിപക്ഷത്തെ രൂക്ഷമായി വിമര്‍ശിച്ചു. ഇത്രയും ദിശാബോധമില്ലാത്ത പ്രതിപക്ഷത്തെ താന്‍ കണ്ടിട്ടില്ല എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഒരു പേരില്‍ 'ഇന്ത്യ' എന്ന് ഉപയോഗിക്കുന്നത് കൊണ്ട് ഒന്നും അര്‍ത്ഥമാക്കുന്നില്ലെന്നും ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെയും ഇന്ത്യന്‍ മുജാഹിദ്ദീനിന്റെയും പേരില്‍ ഇന്ത്യ ഉണ്ടെന്നും മോദി പറഞ്ഞിരുന്നു.
മണിപ്പുര്‍ കലാപത്തില്‍ പ്രധാനമന്ത്രി സഭയില്‍ പ്രസ്താവന നടത്തണമെന്ന ആവശ്യത്തില്‍ പ്രതിപക്ഷം ഉറച്ചുനിന്നതോടെ ചൊവ്വാഴ്ചയും സഭ പ്രക്ഷുബ്ധമായിരുന്നു. തുടര്‍ന്ന് ലോക്‌സഭ ഉച്ചയ്ക്ക് രണ്ട് മണിവരേയും രാജ്യസഭ 12 മണി വരേയും നിര്‍ത്തിവെക്കുകയും ചെയ്തു. മണിപ്പൂര്‍ കലാപം ചര്‍ച്ച ചെയ്യാമെന്ന് കഴിഞ്ഞ ദിവസം അമിത് ഷാ അറിയിച്ചിരുന്നു. പ്രതിപക്ഷം സഹകരിക്കാത്തതിനാലാണ് ചര്‍ച്ച നടക്കാത്തത് എന്നും അദ്ദേഹം കുറ്റപ്പെടുത്തിയിരുന്നു.


Click it and Unblock the Notifications