മണിപ്പൂര്‍ കലാപം; ലോക്‌സഭയില്‍ കേന്ദ്രസര്‍ക്കാരിനെതിരെ അവിശ്വാസപ്രമേയ നോട്ടീസ് നല്‍കി പ്രതിപക്ഷം
ന്യൂദല്‍ഹി: മണിപ്പൂര്‍ വിഷയത്തില്‍ കേന്ദ്രസര്‍ക്കാരിനെതിരെ അവിശ്വാസപ്രമേയ നോട്ടീസ് നല്‍കി പ്രതിപക്ഷം. കോണ്‍ഗ്രസും ബി ആര്‍ എസും ആണ് ലോക്‌സഭയില്‍ നോട്ടീസ് നല്‍കിയിരിക്കുന്നത്. അതേസമയം മണിപ്പൂര്‍ വിഷയത്തില്‍ പാര്‍ലമെന്റ് ഇന്നും സ്തംഭിച്ചിരിക്കുകയാണ്. ലോക്‌സഭയില്‍ കേന്ദ്ര സര്‍ക്കാരിന് മൃഗീയ ഭൂരിപക്ഷമുള്ളതിനാല്‍ അവിശ്വാസ പ്രമേയം പരാജയപ്പെടുമെന്ന് ഉറപ്പാണ്.
ലോക്സഭയില്‍ 332 എം പിമാരുടെ പിന്തുണയുള്ള നരേന്ദ്ര മോദി സര്‍ക്കാരിന് ഉണ്ട്. എന്നാല്‍ ഇത് സംബന്ധിച്ച ചര്‍ച്ചയ്ക്കിടെ മണിപ്പൂര്‍ വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരിനെ പ്രതിരോധത്തിലാക്കുക എന്നതാണ് പ്രതിപക്ഷം ഉദ്ദേശിക്കുന്നത്. ലോകശ്രദ്ധ നേടിയ നിര്‍ണായക വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കൊണ്ട് പാര്‍ലമെന്റില്‍ സംസാരിപ്പിക്കുക എന്നാണ് പ്രതിപക്ഷത്തിന്റെ ലക്ഷ്യം.

എന്നാല്‍ വിഷയത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ മറുപടി പറയും എന്നാണ് കേന്ദ്രത്തിന്റെ നിലപാട്. ഇന്ന് രാവിലെ ചേര്‍ന്ന പ്രതിപക്ഷ ഐക്യനിരയായ 'ഇന്ത്യ'യുടെ യോഗത്തില്‍ സര്‍ക്കാരിനെതിരെ ലോക്‌സഭയില്‍ അവിശ്വാസ പ്രമേയം അവതരിപ്പിക്കാനുള്ള നിര്‍ദ്ദേശം പാര്‍ട്ടി നേതാക്കള്‍ ചര്‍ച്ച ചെയ്തിരുന്നു. മണിപ്പൂരിലെ കൂട്ടബലാത്സംഗത്തിന്റെ വീഡിയോ പുറത്ത് വന്നപ്പോഴല്ലാതെ പ്രധാനമന്ത്രി ഈ വിഷയത്തില്‍ പ്രതികരിച്ചിട്ടില്ല.
അതേസമയം പ്രധാനമന്ത്രി തന്റെ ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞ് മാറുകയാണ് എന്ന് ശിവസേന (യുബിടി) എം പി പ്രിയങ്ക ചതുര്‍വേദി പറഞ്ഞു. മണിപ്പൂരിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുക്കുന്നില്ല. എന്തുകൊണ്ടാണ് പ്രധാനമന്ത്രി പാര്‍ലമെന്റിലേക്ക് വരാത്തതെന്ന് ആളുകള്‍ ആശ്ചര്യപ്പെടുന്നു, പ്രിയങ്ക ചതുര്‍വേദി പറഞ്ഞു. അതേസമയം പ്രധാനമന്ത്രിയിലും ബിജെപിയിലും ജനങ്ങള്‍ക്ക് വിശ്വാസമുണ്ടെന്ന് പാര്‍ലമെന്ററി കാര്യ മന്ത്രി പ്രഹ്ലാദ് ജോഷി പറഞ്ഞു.
'കഴിഞ്ഞ തവണയും അവര്‍ അവിശ്വാസ പ്രമേയം കൊണ്ടുവന്നു. ഈ രാജ്യത്തെ ജനങ്ങള്‍ അവരെ ഒരു പാഠം പഠിപ്പിച്ചു,' പ്രഹ്ലാദ് ജോഷി കൂട്ടിച്ചേര്‍ത്തു. അതിനിടെ പ്രതിപക്ഷ സഖ്യത്തിനെതിരെ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗും രംഗത്തെത്തി. ഇന്ത്യ എന്ന് പേരിട്ടതിന്റെ പേരില്‍ അവരുടെ മുന്‍ പ്രവര്‍ത്തനങ്ങള്‍ പൊതുബോധത്തില്‍ നിന്ന് മറഞ്ഞ് പോകില്ലെന്ന് രാജ്‌നാഥ് സിംഗ് പറഞ്ഞു.
പ്രതിപക്ഷത്തിന്റെ കുപ്രചരണങ്ങള്‍ ജനങ്ങള്‍ തിരിച്ചറിയുമെന്നും അടുത്ത വര്‍ഷം നടക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ അവരുടെ സഖ്യത്തിനെതിരെ വോട്ട് ചെയ്യുമെന്നും രാജ്‌നാഥ് സിംഗ് കൂട്ടിച്ചേര്‍ത്തു. നമ്മുടെ രാജ്യത്തെ പൗരന്മാര്‍ക്ക് ഇത് മനസ്സിലാക്കാനുള്ള വിവേകമുണ്ട് എന്നും രാജ്‌നാഥ് സിംഗ് ട്വീറ്റ് ചെയ്തു.












Click it and Unblock the Notifications