മണിപ്പൂരില്‍ വീണ്ടും ക്രൂരത; സ്വാതന്ത്ര്യ സമരം സേനാനിയുടെ ഭാര്യയെ ജീവനോടെ ചുട്ടുകൊന്നു
ഇംഫാല്‍: മണിപ്പൂരില്‍ നിന്ന് കൂടുതല്‍ ദാരുണമായ കാര്യങ്ങളുടെ വിവരങ്ങള്‍ പുറത്തുവരുന്നു. സ്വാതന്ത്ര്യ സമര സേനാനിയുടെ ഭാര്യയെ കലാപകാരികള്‍ ജീവനോടെ ചുട്ടുകൊന്നിരിക്കുകയാണ്. കാക്ചിംഗ് ജില്ലയിലെ സിരു ഗ്രാമത്തിലാണ് സംഭവം നടന്നത്. വയോധികയെയാണ് അക്രമികള്‍ ദാരുണമായി കൊലപ്പെടുത്തിയത്. ഇവരെ വീടിന് പുറത്ത് നിന്ന് പൂട്ടിയ ശേഷം, അതേ വീടിന് അക്രമികള്‍ തീയിടുകയായിരുന്നു.
ആയുധമേന്തിയ സംഘമായിരുന്നു ഇവരെന്നാണ് സിരു പോലീസ് സ്‌റ്റേഷനില്‍ നല്‍കിയ പരാതിയില്‍ ഉള്ളത്. ഇവരുടെ ഭര്‍ത്താവ് ചൂരചന്ദ് സിംഗ് നേരത്തെ തന്നെ അന്തരിച്ചതാണ്. മുന്‍ രാഷ്ട്രപതി എപിജെ അബ്ദുള്‍ കലാം അദ്ദേഹത്തെ ആദരിച്ചിരുന്നു. മെയ് 28നാണ് സംഭവം നടന്നത്. സിരൂയില്‍ വലിയ അക്രമസംഭവങ്ങളും, വെടിവെപ്പും അന്ന് നടന്നിരുന്നു. ഇംഫാലില്‍ നിന്ന് 45 കിലോമീറ്റര്‍ അകലെയാണ് സിരൂ ഗ്രാമമുള്ളത്.

മണിപ്പൂരിലെ ഏറ്റവും മനോഹരമായ സ്ഥലങ്ങളിലൊന്നാണിത്. എന്നാല്‍ ഇന്ന് ദാരുണമായ കാഴ്ച്ചകളാണ് അവിടെ കാണാന്‍ സാധിക്കുന്നത്. വീടുകളെല്ലാം കത്തിക്കരിഞ്ഞ നിലയിലാണ്. പലയിടത്തും വെടിയുണ്ടകള്‍ കടന്നുപോയതിന്റെ ദ്വാരങ്ങളാണ് ചുവരുകളില്‍ ഉള്ളത്. എന്‍ഡിടിവി ഇതിന്റെ വിവരങ്ങള്‍ പുറത്തുവിട്ടിട്ടുണ്ട്. മണിപ്പൂരിലെ കലാപം ഏറ്റവും രൂക്ഷമായി ബാധിക്കപ്പെട്ട ഗ്രാമങ്ങളിലൊന്നാണ് സിരൂ. ഇബിതോബി എന്ന വയോധികയാണ് കലാപകാരികള്‍ ചുട്ടെരിച്ച വീട്ടില്‍ ഉണ്ടായിരുന്നതെന്ന് തിരിച്ചറിഞ്ഞതായി എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു.
കലാപകാരികള്‍ ഇവരുടെ ഗ്രാമത്തെ ഒന്നായി ആക്രമിക്കുകയായിരുന്നു. വയോധികയെ വീട് അക്രമികള്‍ പുറത്തുനിന്ന് പൂട്ടുകയായിരുന്നുവെന്നാണ് ആരോപണം. ഇവരുടെ കുടുംബെ രക്ഷിക്കാനായി വന്നപ്പോള്‍ വീട് മൊത്തം കത്തുകയായിരുന്നുവെന്ന് ഇബിതോബിയുടെ പേരമകന്‍ പ്രേമകന്ത പറഞ്ഞു. താന്‍ തലനാരിഴയ്ക്കാണ് മരിക്കാതെ രക്ഷപ്പെട്ടതെന്ന് ഈ യുവാവ് പറഞ്ഞതായി എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു. പ്രേമകന്തയുടെ കൈയ്യിലും, തുടയിലുമെല്ലാം വെടിയുണ്ട തുളച്ചുകയറിയിട്ടുണ്ട്.
മുത്തശ്ശിയെ രക്ഷിക്കാനുള്ള ശ്രമത്തിലാണ് തനിക്ക് ഈ അപകടമുണ്ടായതെന്നും യുവാവ് പറഞ്ഞു. ആക്രമണം നടന്നപ്പോള്‍ മുത്തശ്ശി ഞങ്ങളോട് ഓടിരക്ഷപ്പെടാന്‍ പറഞ്ഞു. കുറച്ച് കഴിഞ്ഞ് അവര്‍ക്ക് വേണ്ടി തിരിച്ചുവരാന്‍ പറഞ്ഞിരുന്നുവെന്നും പ്രേമകന്ത പറഞ്ഞു. മുത്തശ്ശി പറഞ്ഞത് പ്രകാരം ഞങ്ങള്‍ തിരിച്ചുവന്നപ്പോള്‍ വീട് അവര്‍ അഗ്നിക്കിരയാക്കിയിരുന്നുവെന്നും പ്രേമകന്ത വെളിപ്പെടുത്തി. യുവാവിന്റെ മുത്തശ്ശിക്ക് പ്രായമായത് കാരണം ഓടാനാവില്ലായിരുന്നു. ആ സമയം വെടിയുണ്ടകള്‍ വീട്ടിലേക്ക് വന്ന് കൊണ്ടിരിക്കുകയായിരുന്നു. ഇവര്‍ പതിയെ നടക്കുന്നത് കൊണ്ട് വെടിയേല്‍ക്കാനുള്ള സാധ്യതയും ഏറെയായിരുന്നു.
രണ്ട് മാസം കഴിഞ്ഞാണ് പ്രേമകന്ത വീണ്ടും ഈ വീട്ടിലേക്ക് എത്തിയത്. വീടിന്റെ ചാരത്തിനിടയില്‍ ആ യുവാ് എന്തോ തിരയുന്നുണ്ടായിരുന്നു. പൊടിയും ചാരവും മാത്രമായിരുന്നു എല്ലായിടത്തും. മുത്തശ്ശി നിധി പോലെ കാത്തുസൂക്ഷിച്ച ഒരു ചിത്രം ഒടുവില്‍ പ്രേമകന്ത കണ്ടെടുക്കുകയും ചെയ്തു. മുത്തച്ഛന്‍ എപിജെ അബ്ദുള്‍ കലാമിനൊപ്പം നില്‍ക്കുന്ന ചിത്രമായിരുന്നു അത്.
അതേസമയം കത്തിക്കരിഞ്ഞ ഈ വീട്ടില്‍ നിന്ന് ഈ വയോധികയുടെ തലയോട്ടി കണ്ടെത്തിയതായി എന്‍ഡിടിവി റിപ്പോര്‍ട്ടില്‍ പറയുന്നു. പലയിടത്തും അസ്ഥികള്‍ ചിതറികിടക്കുകയാണെന്നും റിപ്പോര്‍ട്ടില്‍ അവകാശപ്പെടുന്നു. ധാരാളം വ്യാപാരം നടന്നിരുന്ന സിരു മാര്‍ക്കറ്റ് ഒരു പ്രേത പട്ടണം പോലെയാണ് ഇന്ന്. ഇവിടെ വ്യാപാര ചെയ്തവരെല്ലാം ജീവനില്‍ പേടിച്ച് രക്ഷപ്പെട്ടിരിക്കുകയാണ്. ഒരു എംഎല്‍എയുടെ വീട്ടിലാണ് തങ്ങള്‍ അഭയം തേടിയതെന്ന് വയോധികയുടെ മരുമകള്‍ പറഞ്ഞു.












Click it and Unblock the Notifications