മനീഷ് സിസോദിയയെ തിങ്കളാഴ്ച്ച കോടതിയില്‍ ഹാജരാക്കും, രാത്രി സിബിഐ ആസ്ഥാനത്ത് തുടരും
ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും, പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്നും സിസോദിയയുടെ കുടുംബത്തെ അറസ്റ്റിന് പിന്നാലെ സന്ദര്‍ശിച്ചു. അറസ്റ്റിനെതിരെ ജനങ്ങള്‍ പ്രതികരിക്കുമെന്നും കെജ്രിവാള്‍ പറഞ്ഞു.

ദില്ലി: എഎപി നേതാവും ദില്ലി ഉപമുഖ്യമന്ത്രിയുമായ മനീഷ് സിസോദിയയെ സിബിഐ നാളെ കോടതിയില്‍ ഹാജരാക്കും. ഇന്ന് രാത്രി അദ്ദേഹം ദില്ലിയിലെ സിബിഐ ആസ്ഥാനത്ത് ചെലവിടേണ്ടി വരും. പുതിയ മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ടാണ് അദ്ദേഹം അറസ്റ്റിലാവുന്നത്.
അതേസമയം നാളെ സിബിഐ കോടതിയില്‍ ഹാജരാക്കും മുമ്പ് അദ്ദേഹത്തെ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കും. രാവിലെ പതിനൊന്ന് മണിയോടെയാണ് ചോദ്യം ചെയ്യലിനായി സിസോദിയ സിബിഐ ആസ്ഥാനത്തെത്തിയത്.വൈകീട്ട് 7.15നാണ് അറസ്റ്റ് രേഖപ്പെടുത്തുന്നത്. അദ്ദേഹത്തെ ഞായറാഴ്ച്ച തന്നെ കോടതിയില്‍ ഹാജരാക്കുമെന്ന് കരുതിയെങ്കിലും അതുണ്ടായില്ല.
അതേസമയം സിബിഐ അദ്ദേഹത്തെ വിശദമായ ചോദ്യം ചെയ്യലിനായി കസ്റ്റഡിയില്‍ വിട്ടുകിട്ടണമെന്ന് കോടതിയില്‍ ആവശ്യപ്പെടാനാണ് സാധ്യത. കസ്റ്റഡി അനുവദിച്ചാല്‍ വീണ്ടുമൊരു ചോദ്യം ചെയ്യലിനെയും സിസോദിയ നേരിടേണ്ടി വരും.

കസ്റ്റഡി അപേക്ഷ കോടതി തള്ളിയാല്‍ സിസോദിയയെ റിമാന്‍ഡ് ചെയ്യും. അങ്ങനെയാണെങ്കില്‍ നേരെ ജയിലിലേക്കാവും എത്തുക. സിസോദിയ പല ചോദ്യങ്ങള്‍ക്കും കൃത്യമായ ഉത്തരം നല്‍കാതെ ഒഴിഞ്ഞുമാറുകയാണെന്നും, ചോദ്യം ചെയ്യലിനോട് സഹകരിക്കുന്നില്ലെന്നും സിബിഐ പറഞ്ഞു. തെളിവുകള്‍ നിരത്തിയിട്ടും സഹകരിക്കാത്തത് കൊണ്ടാണ് അറസ്റ്റ് ചെയ്തതെന്നും സിബിഐ വ്യക്തമാക്കി.
ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും, പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്നും സിസോദിയയുടെ കുടുംബത്തെ അറസ്റ്റിന് പിന്നാലെ സന്ദര്‍ശിച്ചു. അറസ്റ്റിനെതിരെ ജനങ്ങള്‍ പ്രതികരിക്കുമെന്നും കെജ്രിവാള്‍ പറഞ്ഞു.
മനീഷ് നിരപരാധിയാണ്. ഇത് വൃത്തികെട്ട രാഷ്ട്രീയത്തിന്റെ ഭാഗമാണ്. ജനങ്ങള്‍ ഇതില്‍ രോഷാകുലരാണ്. ജനങ്ങള്‍ക്ക് അറിയാം എന്താണ് നടക്കുന്നതെന്ന്. അവര്‍ തീര്‍ച്ചയായും പ്രതികരിക്കും. ഞങ്ങളുടെ ആവേശം ഇതിലൂടെ ഇരട്ടിയാവുകയേയുള്ളൂ. ഞങ്ങളുടെ പോരാട്ടം ശക്തമാകുമെന്നും കെജ്രിവാള്‍ പറഞ്ഞു.
ഏതൊരു പാവപ്പെട്ട വീട്ടിലെ കുട്ടിക്കും സ്‌കൂളില്‍ പഠനം ലഭ്യമാവുമെന്ന് ഉറപ്പാക്കിയ നേതാവാണ് മനീഷ്. സത്യസന്ധനായ അദ്ദേഹത്തെയാണ് ബിജെപി അറസ്റ്റ് ചെയ്യിപ്പിച്ചത്. അവരുടെ സുഹൃത്തുക്കള്‍ കോടികള്‍ ബാങ്കില്‍ നിന്ന് കൊള്ളയടിക്കുകയാണെന്നും കെജ്രിവാള്‍ പറഞ്ഞു.
സിബിഐ കേന്ദ്രത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്നത്. മനീഷ് സിസോദിയ അറസ്റ്റിലാവുമെന്ന് ഞങ്ങള്‍ക്ക് നേരത്തെ അറിയാം. ഇവര്‍ ശരിക്കും എന്ത് ചെയ്യുമെന്ന് ഇപ്പോള്‍ നേരത്തെ തന്നെ മനസ്സിലാക്കാന്‍ സാധിക്കുന്നുണ്ടെന്ന് എഎപി എംഎല്‍എ സൗരഭ് ഭരദ്വാജ് പറഞ്ഞു.
പതിനായിരം കോടിയുടെ അഴിമതി നടന്നുവെന്നാണ് ബിജെപിയും കേന്ദ്ര ഏജന്‍സികളും ആരോപിക്കുന്നത്. എന്നാല്‍ ആ പണമെവിടെ, സിസോദിയയുടെ വീട് അടക്കം എല്ലായിടത്തും സിബിഐ പരിശോധിച്ചതാണ്. ഇതുവരെ കണ്ടെത്തിയിട്ടില്ല. ഈ കേസ് വെറും വ്യാജമാണെന്നും എഎപി നേതാവ് അതീഷി ആരോപിച്ചു.












Click it and Unblock the Notifications