പ്രതിസന്ധിയുടെ കാലത്ത് രാജ്യം ഒന്നിച്ച് നിന്നു: ഒമൈക്രോണ്‍ സാഹചര്യം നിരീക്ഷിച്ച് വരികയാണ്: മോദി
ദില്ലി: കോവിഡ് പ്രതിസന്ധിയുടെ കാലത്ത് രാജ്യം ഒന്നിച്ച് നിന്നെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രതിമാസ റേഡിയോ പരിപാടിയായ മൻ കി ബാത്തിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ സൃഷ്ടിക്കുന്ന സാഹചര്യം കേന്ദ്ര സർക്കാർ വിശദമായി പരിശോധിച്ച് വരികയാണ്. രാജ്യത്ത് വാക്‌സിനേഷന്‍ 140 കോടി ഡോസ് കടന്നു. വാക്സിനേഷന്‍ മികച്ച രീതിയിലാണ് നടക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഊട്ടിയിലെ കൂന്നൂരില്‍ ഹെലികോപ്ടർ അപകടത്തില്‍ കൊല്ലപ്പെട്ട സംയുക്ത സൈനിക മേധാവി ബിബിന്‍ റാവത്ത് ഉള്‍പ്പടേയുള്ളവരേയും അദ്ദേഹം അനുസ്മരിച്ചു. ഹെലികോപ്റ്റര്‍ അപകടത്തില്‍ ഭാരതത്തിന്റെ ധീര ജവാന്മാരെ നഷ്ടമായെന്നായിരുന്നു പ്രധാനമന്ത്രി പറഞ്ഞു.
ഇപ്പോള്‍ 2021 നോട് വിടപറയാനും 2022 നെ സ്വാഗതം ചെയ്യാനുമുള്ള തയ്യാറെടുപ്പിലാണല്ലോ എല്ലാവരും. പുതുവര്‍ഷത്തില്‍ ഓരോ വ്യക്തിയും, ഓരോ സ്ഥാപനവും വരുന്ന വര്‍ഷത്തില്‍ കുറച്ചുകൂടി നന്നായി പ്രവര്‍ത്തിക്കാനും നല്ല വ്യക്തി ആകാനും ഉള്ള പ്രതിജ്ഞയെടുക്കുന്നു. കഴിഞ്ഞ ഏഴു വര്‍ഷങ്ങളായി ഈ 'മന്‍ കി ബാത്ത്' പരിപാടിയും നമ്മുടെ രാജ്യത്തെ നന്മകളെ ഉയര്‍ത്തിക്കാട്ടി നല്ലതു ചെയ്യുവാനും, നന്നാക്കുവാനും ഉള്ള പ്രേരണ നല്കിക്കൊണ്ടിരിക്കുകയാണല്ലോ. ഇക്കഴിഞ്ഞ ഏഴു വര്‍ഷങ്ങളിലും 'മന്‍ കി ബാത്തി'ല്‍ സര്‍ക്കാരിന്‍റെ നേട്ടങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകളും നടത്താമായിരുന്നു. നിങ്ങള്‍ക്കും അത് ഇഷ്ടപ്പെടും, നിങ്ങളും പ്രശംസിക്കുമായിരിക്കും. എന്നാല്‍ മീഡിയയുടെ തിളക്കങ്ങളില്‍നിന്നും ആഡംബരങ്ങളില്‍ നിന്നും അകന്ന്, വര്‍ത്തമാനപത്രങ്ങളുടെ വാര്‍ത്തകളില്‍പ്പെടാതെ, നന്മ ചെയ്തുകൊണ്ടിരിക്കുന്ന കോടിക്കണക്കിനാളുകള്‍ ഉണ്ടെന്നതാണ് ദശകങ്ങളായുള്ള എന്‍റെ അനുഭവം. -മോദി പറഞ്ഞു
രാജ്യത്തിന്‍റെ നല്ല നാളേക്കുവേണ്ടി അവര്‍ സ്വയം ഇന്ന് ഹോമിക്കുകയാണ്. അവര്‍ നാടിന്‍റെ വരുംതലമുറക്കുവേണ്ടി, ആത്മാര്‍ത്ഥമായി പരിശ്രമിങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുകയാണ്. ഇങ്ങനെയുള്ളവരെക്കുറിച്ചുള്ള കാര്യങ്ങള്‍ സന്തോഷംതരുന്നു. വളരെയധികം പ്രചോദനവും നല്കുന്നു. എന്നെ സംബന്ധിച്ചിടത്തോളം 'മന്‍ കി ബാത്ത്' അങ്ങനെയുള്ള ആള്‍ക്കാരുടെ പ്രയത്നങ്ങള്‍കൊണ്ടു നിറഞ്ഞ, വിടര്‍ന്ന, സുന്ദരമായ, ഭംഗിയാര്‍ന്ന ഒരു ഉദ്യാനം തന്നെയാണ്. മാത്രമല്ല, ഓരോ മാസത്തിലെ 'മന്‍ കി ബാത്തി'ലും ഈ ഉപവനത്തില്‍നിന്ന് ഏത് ദളമാണ് നിങ്ങളുടെ മുമ്പിലേക്ക് കൊണ്ടുവരേണ്ടത് എന്നതിലേക്കാണ് എന്‍റെ പരിശ്രമം. നമ്മുടെ ബഹുരത്നയായ ഭൂമിയുടെ (വസുന്ധരയുടെ) പുണ്യ കര്‍മ്മങ്ങളുടെ നിലക്കാത്ത പ്രവാഹം നിരന്തരമായി ഒഴുകിക്കൊണ്ടിരിക്കുന്നു എന്നത് എനിക്ക് സന്തോഷം തരുന്ന കാര്യമാണ്. ഇന്ന് നമ്മുടെ രാജ്യം 'അമൃത മഹോത്സവം' ആഘോഷി ക്കുന്ന ഈ വേളയില്‍ നമ്മുടെ ജനങ്ങളുടെ ശക്തിയെക്കുറിച്ചും ഓരോ പൗരന്‍റേയും ശക്തിയെക്കുറിച്ചും, അവരുടെ പ്രയത്നങ്ങളെക്കുറിച്ചും പരിശ്രമങ്ങളെക്കുറിച്ചും ഉള്ള സൂചന നല്കുക എന്നത് ഭാരതത്തിന്‍റേയും മാനവീയതയുടേയും ഉജ്ജ്വലമായ ഭാവിക്ക് ഒരു പ്രകാരത്തില്‍ ഉറപ്പ് തരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
നൂറുവര്‍ഷത്തിനിടയില്‍ വന്ന ഏറ്റവും വലിയ മഹാമാരിയോട് നമുക്ക് പോരാടന്‍ കഴിഞ്ഞത് എല്ലാപേരുടേയും കൂട്ടായ പ്രയത്നത്തിന്‍റെ ഫലമായാണ്. നമ്മള്‍ പ്രതിസന്ധിഘട്ടങ്ങളില്‍ പരസ്പരം ഒരു കുടുംബംപോലെ ഒത്തൊരുമയോടെനിന്നു. നമ്മുടെ പ്രദേശത്ത് അല്ലെങ്കില്‍ നമ്മുടെ നഗരത്തില്‍ ആരെയെങ്കിലും സഹായിക്കണമെങ്കില്‍ ഓരോരുത്തരുടേയും കഴിവിനപ്പുറം സഹായിക്കാന്‍ നാം പരിശ്രമിച്ചു. ഇന്ന് ലോകത്ത് വാക്സിനേഷന്‍റെ കണക്കുകള്‍ താരതമ്യപ്പെടുത്തിയാല്‍ നമ്മള്‍ എത്ര അഭൂതപൂര്‍വ്വമായ കാര്യമാണ് ചെയ്തത്, എത്ര വലിയ ലക്ഷ്യമാണ് നേടിയത് എന്ന് വ്യക്തമാകും ! വാക്സിന്‍റെ 140 കോടി ഡോസ് എന്ന കടമ്പകടക്കുന്നത് ഓരോ ഭാരതീയന്‍റേയും നേട്ടമാണ്. ഇത് ഓരോ ഭാരതീയന്‍റേയും നിലവിലെ വ്യവസ്ഥയിലുള്ള വിശ്വാസം സൂചിപ്പിക്കുന്നു, ശാസ്ത്രത്തിലുള്ള വിശ്വാസം സൂചിപ്പിക്കുന്നു, ശാസ്ത്രജ്ഞരിലുള്ള വിശ്വാസം സൂചിപ്പിക്കുന്നു. മാത്രമല്ല, സമൂഹത്തോടുള്ള നമ്മുടെ ഉത്തരവാദിത്വം നിറവേറ്റിക്കൊണ്ടിരിക്കുന്നു.
ഇത് നമ്മുടെ ഇച്ഛാശക്തിയുടെ ഏറ്റവും വലിയ തെളിവുതന്നെ. എന്നാല്‍, കൂട്ടുകാരേ ! കൊറോണയുടെ ഒരു പുതിയ വകഭേദം നമ്മുടെ പടിവാതിലില്‍ മുട്ടിവിളിച്ചുകഴിഞ്ഞു എന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. ഈ ആഗോള മഹാമാരിയെ പരാജയപ്പെടുത്താന്‍വേണ്ടി ഒരു പൗരനെന്നനിലയില്‍ നമ്മുടെ ഓരോരുത്തരുടേയും പരിശ്രമത്തിന് വളരെ പ്രാധാന്യമുണ്ടെന്ന് കഴിഞ്ഞ രണ്ടു വര്‍ഷക്കാലത്തെ അനുഭവം നമ്മെ പഠിപ്പിക്കുന്നു. ഈ പുതിയ 'ഓമിക്രോണ്‍' വകഭേദത്തെക്കുറിച്ചുള്ള പഠനം നമ്മുടെ ശാസ്ത്രജ്ഞര്‍ നിരന്തരമായി ചെയ്തുകൊണ്ടിരിക്കുന്നു. ഓരോ ദിവസവും അവര്‍ക്ക് പുതിയ ഡാറ്റ കിട്ടിക്കൊണ്ടിരിക്കുന്നു. അവരുടെ നിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് കാര്യങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നു. ഇങ്ങനെയുള്ള ഈ അവസരത്തില്‍ രാജ്യത്തിന്‍റെ ഏറ്റവും വലിയ ശക്തി എന്ന് പറയുന്നത് ഈ കൊറോണാവകഭേദത്തിന് എതിരായി സ്വയം ജാഗ്രതയും അച്ചടക്കവും പാലിക്കുകയാണ്. നമ്മുടെ സാമൂഹികമായ ശക്തികൊണ്ട് കൊറോണയെ പരാജയപ്പെടുത്താം എന്ന ഉത്തരവാദിത്വബോധത്തോടുകൂടി നാം 2022 എന്ന പുതുവര്‍ഷത്തിലേക്ക് പ്രവേശിക്കണം.
മഹാഭാരതയുദ്ധം നടന്ന സമയത്ത് ഭഗവാന്‍ കൃഷ്ണന്‍ അര്‍ജുനനോട് - 'നഭ: സ്പൃഷം ദിപ്തം' അതായത് അഭിമാനത്തോടുകൂടി ആകാശത്തെ സ്പര്‍ശിക്കുക. (ഉയരങ്ങള്‍ കീഴടക്കുക) എന്ന് പറഞ്ഞിരുന്നു. ഇത് നമ്മുടെ വായുസേനയുടെ ആപ്തവാക്യവുമാണല്ലോ. ഭാരതമാതാവിനെ സേവിക്കുന്നവരില്‍ പലരും ആകാശത്തിന്‍റെ ഈ ഉയരങ്ങളെ എന്നും അഭിമാനത്തോടെ സ്പര്‍ശിക്കുന്നു, നമ്മളെ പലതും പഠിപ്പിക്കുന്നു. അതുപോലെ ഒരു വ്യക്തിയായിരുന്നു ഗ്രൂപ്പ് ക്യാപ്റ്റന്‍ വരുണ്‍ സിംഗ്. ഈ മാസം തമിഴ്നാട്ടില്‍ അപകടത്തില്‍പ്പെട്ട ഹെലികോപ്ടര്‍ പറത്തുകയായിരുന്നു വരുണ്‍ സിംഗ്. ആ അപകടത്തില്‍ രാജ്യത്തിന്‍റെ പ്രഥമ സിഡിഎസ്സ് ജനറല്‍ ബിപിന്‍ റാവത്തും അദ്ദേഹത്തിന്‍റെ സഹധര്‍മ്മിണിയും ഉള്‍പ്പെടെ പല വീരന്‍മാരെയും നമ്മുക്ക് നഷ്ടമായി. വരുണ്‍ സിംഗ് കുറച്ചു ദിവസങ്ങള്‍ മരണത്തോട് ധീരമായി മല്ലടിച്ചു. പക്ഷേ, അദ്ദേഹവും നമ്മെ വിട്ടു പിരിഞ്ഞു.
വരുണ്‍ ആശുപത്രിയില്‍ ആയിരുന്നപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഞാന്‍ കണ്ട ചില കാര്യങ്ങള്‍ എന്‍റെ മനസ്സിനെ സ്പര്‍ശിച്ചു. ഈ വര്‍ഷം ആഗസ്റ്റിലാണ് അദ്ദേഹത്തിനു ശൗര്യചക്രം സമ്മാനിക്കപ്പെട്ടത്. അതിനുശേഷം അദ്ദേഹം താന്‍ പഠിച്ച സ്കൂളിലെ പ്രിന്‍സിപ്പലിനു ഒരു കത്തയച്ചു. അദ്ദേഹം വിജയത്തിന്‍റെ കൊടുമുടിയില്‍ എത്തയപ്പോഴും തന്‍റെ വേരുകളെ നനയ്ക്കാന്‍ മറന്നില്ലല്ലോ എന്നാണ് ആ കത്ത് വായിച്ചപ്പോള്‍ എന്‍റെ മനസ്സില്‍ ആദ്യം വന്ന വിചാരം. മറ്റൊന്ന്, ആഘോഷിക്കാനുള്ള വേളയില്‍ അദ്ദേഹം വരുംതലമുറയെപറ്റി ചിന്തിച്ചു എന്നുള്ളതാണ്. താന്‍ പഠിച്ച സ്കൂളിലെ വിദ്യാര്‍ത്ഥികളുടെ ജീവിതംകൂടി ഒരാഘോഷമാകട്ടെ എന്നു അദ്ദേഹം ആഗ്രഹിച്ചു. തന്‍റെ കത്തില്‍ വരുണ്‍ സിംഗ് അദ്ദേഹത്തിന്‍റെ പരാക്രമങ്ങളുടെ വീമ്പിളക്കിയില്ല. മറിച്ച് തന്‍റെ പരാജയങ്ങളെപറ്റി പറഞ്ഞു. എങ്ങിനെയാണ് അദ്ദേഹം തന്‍റെ കുറവുകളെ കഴിവുകളാക്കി മാറ്റിയതെന്നു പറഞ്ഞു.
ആ കത്തില്‍ ഒരിടത്ത് അദ്ദേഹം എഴുതി - "പഠനത്തില്‍ ശരാശരിക്കാരനാകുന്നത് കുഴപ്പമില്ല. എല്ലാരും മിടുക്കരാകില്ല, തൊണ്ണൂറു മാര്‍ക്ക് വാങ്ങിക്കാന്‍ കഴിയില്ല. അങ്ങിനെ ആകാന്‍ സാധിച്ചാല്‍ അത് വലിയ ഒരു നേട്ടമാണ്, അതിനെ അഭിനന്ദിയ്ക്കേണ്ടതാണ്. പക്ഷേ, അതിനു സാധിച്ചില്ലെടങ്കില്‍ നിങ്ങള്‍ ഒരു ശരാശരിക്കാരനാകേണ്ടവനാണെന്ന് അര്‍ത്ഥമില്ല. സ്കൂളില്‍ നിങ്ങള്‍ ഒരു ശരാശരിക്കാരനായിരുന്നിരിക്കാം. പക്ഷേ, അതു ഭാവിജീവിതത്തിന്‍റെ അളവുകോല്‍ ആകുന്നില്ല. നിങ്ങളുടെ താത്പര്യം കണ്ടുപിടിക്കൂ. - അത് കല, സംഗീതം, ഗ്രാഫിക് ഡിസൈന്‍, സാഹിത്യം മുതലായ ഏതുമാകാം. നിങ്ങള്‍ എന്തു ചെയ്താലും ആത്മാര്‍ഥമായി ചെയ്യുക. കഴിവിന്‍റെ പരമാവധി ചെയ്യുക. ദുഷ്ചിന്തകളിലേയ്ക്കും പോകാതിരിക്കുക. സുഹൃത്തുക്കളേ ! ശരാശരിക്കാരനില്‍നിന്നു അസാമാന്യനാകാന്‍ അദ്ദേഹം പറഞ്ഞുതന്ന മന്ത്രവും വളരെ പ്രധാനമാണ്. അത കത്തില്‍ അദ്ദേഹം എഴുതി - "പ്രതീക്ഷ കൈവിടരുത്. നിങ്ങള്‍ എന്താകാന്‍ ആഗ്രഹിക്കുന്നുവോ അതില്‍ ശോഭിക്കില്ല എന്ന് ഒരിക്കലും വിചാരിക്കരുത്. ഒന്നും എളുപ്പം നേടാനാകില്ല; സമയവും സൗകര്യങ്ങളും ബലികഴിക്കേണ്ടിവരും. ഞാന്‍ ഒരു ശരാശരിക്കാരനായിരുന്നു. ഞാന്‍ എന്‍റെ കരിയറിലെ പ്രയാസമേറിയ നാഴികക്കല്ലുകള്‍ കീഴടക്കി. ജീവിതത്തില്‍ നിങ്ങള്‍ക്കു എന്തു നേടുവാന്‍ കഴിയുമെന്ന് തീരുമാനിയ്ക്കുന്നത് 12-ാം ക്ലാസ്സിലെ മാര്‍ക്കുകള്‍ ആണെന്നു കരുതരുത്. അവനവനില്‍ വിശ്വസിക്കുക, അതിലേയ്ക്കു എത്താനായി പണിയെടുക്കുക."
ഒരാള്‍ക്കെങ്കിലും പ്രേരണ നല്‍കാനായെങ്കില്‍ അതു വലിയ നേട്ടമാകും എന്ന് വരുണ്‍ എഴുതി. പക്ഷേ, ഞാന്‍ പറയാന്‍ ആഗ്രഹിക്കുന്നു - അദ്ദേഹം ഒരു ദേശത്തിനു മുഴുവന്‍ പ്രേരണ നല്‍കി. അദ്ദേഹത്തിന്‍റെ കത്ത് കുട്ടികളോടാണ് സംസാരിച്ചതെങ്കിലും അതിലൂടെ വാസ്തവത്തില്‍ അദ്ദേഹം ഒരു സമൂഹത്തിനു മുഴുവന്‍ സന്ദേശം നല്‍കിയെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
പ്രധാനമന്ത്രിയുടെ പ്രതിമാസ റേഡിയോ പരിപാടിയായ 'മൻ കി ബാത്തിന്റെ' 84-ാം എപ്പിസോഡായിരുന്നു ഇന്ന് സംപ്രേക്ഷണം ചെയ്തത്. എല്ലാ മാസവും അവസാന ഞായറാഴ്ച സംപ്രേക്ഷണം ചെയ്യുന്ന ഈ പ്രോഗ്രാം ആള്‍ ഇന്ത്യ റേഡിയോ, ദൂരദർശൻ എന്നിവയുടെ മുഴുവൻ നെറ്റ്‌വർക്കിലും കൂടാതെ ആള്‍ ഇന്ത്യ റേഡിയോ വാർത്തകളിലും മൊബൈൽ ആപ്പിലും സംപ്രേക്ഷണം ചെയ്യുന്നു. പ്രക്ഷേപണത്തിന്റെ ഒരു ഇംഗ്ലീഷ് പതിപ്പ് എഫ്എം റെയിൻബോയിലും ആകാശവാണി എഐആറിന്റെ രാജധാനി ചാനലിലും ഇന്ന് രാത്രി 8 മണിക്ക് കേൾക്കാം, അതേസമയം ഇന്ന് രാവിലെ 11 ന് സംപ്രേഷണം ചെയ്ത ഉടൻ തന്നെ എഫ്എം ഗോൾഡിലും ആകാശവാണി എഐആറിന്റെ ഇന്ദ്രപ്രസ്ഥ ചാനലിലും ഒരു സംസ്കൃത പതിപ്പ് ലഭിക്കും.