ഡീസല്‍ കാറുകളുടെ നിര്‍മാണം നിയന്ത്രിക്കണം, അല്ലെങ്കില്‍..; കാര്‍ നിര്‍മാതാക്കള്‍ക്ക് ഗഡ്കരിയുടെ മുന്നറിയിപ്പ്
ന്യൂദല്‍ഹി: ഡീസല്‍ കാറുകളുടെ ഉത്പാദനം അടിയന്തരമായി നിയന്ത്രിക്കണം എന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി. നിര്‍മ്മാതാക്കള്‍ ഉല്‍പ്പാദനം പരിമിതപ്പെടുത്തിയില്ലെങ്കില്‍ ഡീസല്‍ വാഹനങ്ങളുടെ നികുതി വര്‍ധിപ്പിക്കുകയും വില്‍പ്പന പ്രയാസകരമാക്കുകയും ചെയ്യുകയല്ലാതെ സര്‍ക്കാരിന് മറ്റൊരു മാര്‍ഗവുമില്ലെന്ന് നിതിന്‍ ഗഡ്കരി മുന്നറിയിപ്പ് നല്‍കുകയും ചെയ്തു.
ന്യൂദല്‍ഹിയില്‍ നടന്ന 63-ാമത് വാര്‍ഷിക സിയാം കണ്‍വെന്‍ഷനില്‍ സംസാരിക്കവെയാണ് ഗഡ്കരിയുടെ പ്രതികരണം. 'ഡീസലിനോട് വിട പറയൂ. ദയവായി അവയുടെ നിര്‍മ്മാണം നിര്‍ത്തൂ, അല്ലാത്തപക്ഷം ഞങ്ങള്‍ നികുതി വര്‍ധിപ്പിക്കും, നിങ്ങള്‍ക്ക് ഡീസല്‍ കാറുകള്‍ വില്‍ക്കുന്നത് ബുദ്ധിമുട്ടാകും,' നിതിന്‍ ഗഡ്കരി പറഞ്ഞു. എന്നാല്‍ നികുതി വര്‍ധന സംബന്ധിച്ച് നിലവില്‍ നിര്‍ദേശങ്ങളൊന്നും നല്‍കിയിട്ടില്ലെനന്ന് അദ്ദേഹം പിന്നീട് ട്വീറ്റിലൂടെ വ്യക്തമാക്കി.

നിതിന്‍ ഗഡ്കരിയുടെ പ്രതികരണത്തിന് പിന്നാലെ ഡീസല്‍ വാഹനങ്ങളുടെ വില്‍പ്പനയില്‍ 10% അധിക ജിഎസ്ടി ഏര്‍പ്പെടുത്തും എന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു. ഇതാണ് നിതിന്‍ ഗഡ്കരി തള്ളിയത്. നിലവില്‍ സര്‍ക്കാരിന്റെ സജീവ പരിഗണനയില്‍ അത്തരത്തിലുള്ള ഒരു നിര്‍ദേശവുമില്ലെന്ന് ഗഡ്കരി പറഞ്ഞു. 2070 ല്‍ കാര്‍ബണ്‍ നെറ്റ് സീറോ ലക്ഷ്യം നേടേണ്ടതുണ്ട്.
അതിന്റെ ഭാഗമായി ഡീസല്‍ പോലുള്ള അപകടകരമായ ഇന്ധനത്തിന്റെ ഉപയോഗം മൂലമുണ്ടാകുന്ന വായു മലിനീകരണത്തോത് കുറയ്ക്കേണ്ടതുണ്ട് എന്നും വാഹനവില്‍പനയില്‍ ഉണ്ടാകുന്ന വളര്‍ച്ചയ്ക്കൊപ്പം ശുദ്ധ, ഹരിത ഇന്ധനമെന്ന ഇതരമാര്‍ഗം സ്വീകരിക്കുകയും വേണമെന്നും അദ്ദേഹം പറഞ്ഞു. ഡീസല്‍ കാറുകളുടെ എണ്ണം 2014-ല്‍ 53% ആയിരുന്നത് ഇപ്പോള്‍ 18% ആയി കുറഞ്ഞു. ഇത് ഒരു നല്ല സൂചനയാണെന്ന് അദ്ദേഹം പറഞ്ഞു.
പരിസ്ഥിതി സൗഹൃദ ഇന്ധനങ്ങളായ എത്തനോള്‍, ഗ്രീന്‍ ഹൈഡ്രജന്‍ എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിക്കണം എന്നും കാര്‍ നിര്‍മ്മാതാക്കളോട് മന്ത്രി ആവശ്യപ്പെട്ടു. ഇന്ത്യന്‍ നിരത്തുകളില്‍ കൂടുതല്‍ വൈദ്യുത വാഹനങ്ങള്‍ അവതരിപ്പിക്കുന്നതിന് ഇത് സഹായകമാകും. മാരുതി സുസുക്കി, ഹോണ്ട തുടങ്ങിയ കാര്‍ നിര്‍മ്മാതാക്കള്‍ ഡീസല്‍ പാസഞ്ചര്‍ വാഹനങ്ങളുടെ നിര്‍മ്മാണം നിര്‍ത്തിയിട്ടുണ്ട്.
പെട്രോളിയം പ്ലാനിംഗ് & അനാലിസിസ് സെല്ലിന്റെ കണക്കുകള്‍ പ്രകാരം ഇന്ത്യയുടെ പെട്രോളിയം ഉല്‍പന്ന ഉപഭോഗത്തിന്റെ 40% ഡീസല്‍ ആണ്. മൊത്തം ഡീസല്‍ വില്‍പ്പനയുടെ 87% വും ഗതാഗത മേഖലയിലാണ്. രാജ്യത്തെ ഡീസല്‍ വില്‍പ്പനയുടെ 68% വും ഉപയോഗിക്കുന്നത് ട്രക്കുകളിലും ബസുകളിലുമാണ്. ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര, ഹരിയാന എന്നീ സംസ്ഥാനങ്ങളാമ് ഇന്ത്യയില്‍ വില്‍ക്കുന്ന ഡീസലിന്റെ 40% വും ഉപയോഗിക്കുന്നത്.












Click it and Unblock the Notifications