സ്ത്രീകളുടെ വിവാഹപ്രായം ഉയര്‍ത്തല്‍: ബില്ല് തിങ്കളാഴ്ച പാര്‍ലമെന്റില്‍, കോണ്‍ഗ്രസില്‍ ഭിന്നത രൂക്ഷം
ദില്ലി : രാജ്യത്തെ പെണ്‍കുട്ടികളുടെ വിവാഹ പ്രായം 21ലേക്ക് ഉയര്‍ത്താനുള്ള ബില്ല് കേന്ദ്ര സര്‍ക്കാര്‍ നാളെ പാര്‍ലമെന്റില്‍ അവതരിപ്പിക്കുകയാണ് . രണ്ട് ദിവസങ്ങള്‍ക്ക് മുമ്പാണ് വിവാഹ പ്രായം 18 വയസില്‍ നിന്ന് 21 വയസായി ഉയര്‍ത്താനുള്ള നിര്‍ദ്ദേശം കേന്ദ്ര മന്ത്രിസഭ അംഗീകരിച്ചത് . 2020ലെ സ്വാതന്ത്ര്യ ദിനത്തിലാണ് വിവാഹ പ്രായം ഉയര്‍ത്തുന്നതിനെ കുറിച്ച് ആലോചിക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപനം നടത്തിയത് . നാളെ കേന്ദ്രം ഇതുമായി ബന്ധപ്പെട്ട് ബില്ല് പാര്‍ലമെന്റില്‍ അവതരിപ്പിക്കുകയാണ് .

കേന്ദ്രം ബില്ല് അവതരിപ്പിക്കാനിരിക്കെ മുഖ്യപ്രതിപക്ഷമായ കോണ്‍ഗ്രസില്‍ ഭിന്നത രൂക്ഷമാകുകയാണ്. ബില്ല് അജണ്ടയില്‍ വന്ന ശേഷം നിലപാട് പറയാമെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ ഇന്നലെ അറിയിച്ചത്. എന്നാല്‍ ബില്ലിനെ തള്ളുന്ന നിലപടാണ് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ സ്വീകരിച്ചത്. വിവാഹ പ്രായം ഉയര്‍ത്തുന്ന ബിജെപി സര്‍ക്കാരിന് ഗൂഡ ഉദ്ദേശമുണ്ടെന്നാണ് വേണുഗോപാല്‍ പ്രതികരിച്ചത്.

എന്നാല്‍ ബില്ലിനെ അനുകൂലിക്കുന്ന നിലപാടാണ് കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയുമായ പി ചിദംബരം സ്വീകരിച്ചത്. പെണ്‍കുട്ടികള്‍ക്കും ആണ്‍കുട്ടികള്‍ക്കും വിവാഹ പ്രായം 21 ആക്കണമെന്നാണ് ചിദംബരം പറയുന്നത്. ഇതോടൊപ്പം ഒരു നിര്‍ദ്ദേശവും പി ചിദംബരം മുന്നോട്ടുവച്ചു. ഇതിന്റെ ലക്ഷ്യങ്ങളെ കുറിച്ച് ഒരു വര്‍ഷം ജനങ്ങളെ ബോധ്യപ്പെടുത്തണമെന്നും അതിന് ശേഷം 2023 മുതല്‍ ഇത് നടപ്പാക്കണമെന്നാണ് ചിദബരം പറയുന്നത്. ട്വീറ്റിലാണ് ചിദംബരം ഇക്കാര്യം വ്യക്തമാക്കിയത്.

അതേസമയം, വിവാഹ പ്രായം 21 ആക്കുന്നതിന് എതിരെ വിമര്‍ശനവുമായി കഴിഞ്ഞ ദിവസങ്ങളില്‍ സിപിഎമ്മും മുസ്ലീം ലീഗും രംഗത്തെത്തിയിരുന്നു. വിവാഹ പ്രായം 21 ആക്കി ഉയര്‍ത്തുന്നതിനെ പിന്തുണയ്ക്കാനാകില്ലെന്നും പതിനെട്ടാം വയസില്‍ വോട്ട് ചെയ്യാനാകുന്ന പെണ്‍കുട്ടിക്ക് അവളുടെ വിവാഹത്തിനും അവകാശമുണ്ടെന്നും അതിനെതിരാണ് പുതിയ നീക്കമെന്നും സിപിഎം പിബി അംഗം ബൃന്ദ കാരാട്ട് അഭിപ്രായപ്പെട്ടു.

കേന്ദ്രത്തിന്റെ തീരുമാനത്തില്‍ ദുരൂഹതയുണ്ടെന്നാണ് സിപിഎം നേതാവ് പികെ ശ്രീമതിയും അഭിപ്രായപ്പെട്ടത്. വിവാഹ പ്രായം 18 വയസ് ആയി തന്നെ നിലനിര്‍ത്തണമെന്നും പെണ്‍കുട്ടികളുടെ പോഷകാഹാര കുറവ് പരിഹരിക്കാനുള്ള നിയമവും നടപടിക്രമങ്ങളുമാണ് രാജ്യത്തിന് ഇപ്പോള്‍ ആവശ്യമെന്നും പികെ ശ്രീമതി പറയുന്നു.

സ്ത്രീകളുടെ വിവാഹ പ്രായം ഉയര്‍ത്തുന്നതിനെതിരെ സ്ത്രീ സംഘടനകളില്‍ നിന്ന് തന്നെ വിമര്‍ശനം ഉയരുകയാണ്. പങ്കാളിയെ സ്വയം തിരഞ്ഞെടുക്കാനുള്ള സ്ത്രീകളുടെ അവകാശത്തെ കൂടുതല്‍ ഹനിക്കുന്നതാണ് കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനമെന്നാണ് ഇവര്‍ പറയുന്നത്. പരസ്പര സമ്മതത്തോടെയുള്ള ലൈംഗിക ബന്ധത്തിന് പ്രായപരിധി പോലും ആണ്‍കുട്ടികള്‍ക്കെതിരെ അനാവശ്യകേസുകള്‍ക്കും പെണ്‍കുട്ടികളുടെ സ്വകാര്യതയുടെ ലംഘനത്തിനും ഇടയാക്കിയിട്ടുണ്ടെന്ന് വനിത സംഘടനകള്‍ പറയുന്നു.

ഇപ്പോഴത്തെ സാഹചര്യത്തില്‍ ആണ്‍കുട്ടികളുടെ വിവാഹ പ്രായം 18 ആക്കി കുറച്ചു കൊണ്ടു വരണമെന്ന നിലപാടും വനിത സംഘടനകള്‍ മുന്നോട്ടുവയ്ക്കുന്നുണ്ട്. കേന്ദ്ര നീക്കം വിപരീത ഫലമുണ്ടാക്കുമെന്നും ആണ്‍കുട്ടികളുടെ വിവാഹ പ്രായം 18 ആക്കി കുറയ്ക്കുകയാണ് വേണ്ടതെന്നും ജനാധിപത്യ മഹിള അസോസിയേഷന്‍ നിലപാട് വ്യക്തമാക്കി. വിഷയത്തില്‍ കൂടുതല്‍ ചര്‍ച്ച വേണമെന്നാണ് നേതാക്കളുടെ നിലപാട്.

മുസ്ലിം ലീഗിനും വിവാഹപ്രായം ഉയര്‍ത്താനുള്ള നീക്കത്തോട് യോജിപ്പില്ല. മുസ്ലിം വ്യക്തിനിയമത്തിലുളള കടന്നുകയറ്റമെന്ന നിലപാടാണ് മുസ്ലിം ലീഗിന്. ഏകീകൃത സിവില്‍ നിയമത്തിലേക്ക് നയിക്കാനുള്ള നീക്കം എന്നാണ് ലീഗിന്റെ ആരോപണം. ഇത് പ്രതിപക്ഷത്തെ മറ്റു പാര്‍ട്ടികളെയും സ്വാധീനിച്ചേക്കും.
അട്ടിമറി വിജയവുമായി മണിയന്പിള്ള: ഞെട്ടിച്ച് ലാലും വിജയ് ബാബുവും, നിവിന് പോളിക്ക് പരാജയം