'ജീവിതം മാറുമെന്ന് പറഞ്ഞാണ് പോയത്, പിന്നെ കണ്ടത് മൃതദേഹം' പൊട്ടിക്കരഞ്ഞ് മസ്‌റേകുലിന്റെ ഭാര്യ
കൊല്‍ക്കത്ത: ജീവിതം ഒന്ന് കരുപ്പിടിപ്പിക്കാന്‍ പുതിയൊരു ലോകം തേടി പോയതാണ് മസ്‌റേക്കുല്‍. പക്ഷേ അത് അവസാനത്തെ യാത്രയായിരുന്നു. ഭാര്യ രുക്‌സാന ഖാത്തൂനിനോട് താന്‍ കൈനിറയെ കാശുമായി മടങ്ങി വരുമെന്ന് പറഞ്ഞാണ് ബംഗാള്‍ സ്വദേശിയായ മസ്‌റേക്കുല്‍ യാത്രയായത്. ബാലസോറിലെ അപകടത്തില്‍ ആ സ്വപ്‌നം കൂടിയാണ് പൊലിഞ്ഞത്.
ഇന്ന് ആരുമില്ലാത്ത അനാഥയുടെ അവസ്ഥയിലാണ് രുക്‌സാന. തന്റെ മക്കളെയും ചേര്‍ത്തുപിടിച്ച് ഇനിയെന്ത് ചെയ്യണമെന്ന് അവര്‍ സ്വയം ചോദിക്കുകയാണ്. രുക്‌സാനയ്ക്ക് തന്റെ എല്ലാമെല്ലാമാണ് നഷ്ടമായിരിക്കുന്നത്. ആരോട് പരാതി പറയണമെന്നും പോലും അറിയാതെ അവര്‍ വിറങ്ങലിച്ച് ഇരിക്കുകയാണ്.

ബംഗാളിലെ മാല്‍ദയില്‍ നിന്നുള്ള 35കാരനായ യുവാവാണ് മസ്‌റേക്കുല്‍. ചെന്നൈയിലേക്ക് കൂടുതല്‍ മികച്ച ജോലി തേടിയാണ് അദ്ദേഹം കോറമണ്ഡല്‍ എക്‌സ്പ്രസ്സില്‍ യാത്ര തിരിച്ചത്. വലിയ സ്വപ്‌നങ്ങളുമായി കയറി ട്രെയിന്‍ തന്റെ ജീവിതത്തിന്റെ നട്ടെല്ല് തന്നെ തകര്‍ക്കുമെന്ന് മസ്‌റേക്കുല്‍ കരുതി കാണില്ല.
അപകടത്തില്‍പ്പെട്ട രണ്ട് ട്രെയിനിലെയും യാത്രക്കാരില്‍ ഭൂരിഭാഗവും പശ്ചിമ ബംഗാളില്‍ നിന്നുള്ളവരാണ്. മസ്‌റേക്കുലിനെ പോലെ കൂലിവേല ചെയ്ത് ജീവിക്കുന്ന നിരവധി പേരുടെ ജീവനാണ് അപകടത്തിലൂടെ നഷ്ടമായത്. ഇവരെല്ലാം റിസര്‍വേഷന്‍ ഇല്ലാത്ത ജനറല്‍ കോച്ചുകളിലായിരുന്നു യാത്ര ചെയ്തത്. അതിലാണ് ദുരന്തം ഏറ്റവുമധികം ബാധിച്ചത്.
വെള്ളിയാഴ്ച്ച ഉച്ചയ്ക്ക് ശേഷം മസ്‌റേക്കുല്‍ തന്റെ പ്രിയപ്പെട്ട കുട്ടികളെ വിളിച്ചിരുന്നു. അവരെവിടെയാണ് ഉള്ളതെന്നും, എന്താണ്് ചെയ്യുന്നതെന്നുമെല്ലാം പിതാവ് ചോദിച്ചറിഞ്ഞിരുന്നു. നമ്മുടെയെല്ലാം ജീവിതം മാറുമെന്നും, താന്‍ നല്ലൊരു ജോലി തന്നെ നേടിയെടുക്കുമെന്നും ഭാര്യയോട് മസ്‌റേക്കുല്‍ പറഞ്ഞിരുന്നു.
ചെന്നൈയില്‍ പുതിയൊരു ജോലിക്കായിട്ടാണ് അദ്ദേഹം പോയത്. ബംഗാളിന് പുറത്തേക്ക് അദ്ദേഹം ആദ്യമായിട്ടാണ് യാത്ര ചെയ്യുന്നത്. ഇത്രയും കാലം ആരോഗ്യപരമായി അത്ര നല്ല അവസ്ഥയിലായിരുന്നില്ല നസ്‌റേക്കുല്‍. അദ്ദേഹത്തിന്റെ കുടുംബം അപകട വിവരം അറിഞ്ഞ് സുഹൃത്തുക്കളെ വിളിച്ചിരുന്നു. എന്നാല്‍ ഒരു ഫോണ്‍ പോലും ആരും എടുത്തില്ല.
പിന്നീട് മരണവിവരങ്ങളുടെ പട്ടിക പരിശോധിച്ചപ്പോഴാണ് നസ്‌റേക്കുല്‍ മരിച്ചുവെന്ന് അറിഞ്ഞത്. അദ്ദേഹത്തിന്റെ കുടുംബം അങ്ങേയറ്റം ദു:ഖത്തിലാണ്. ഏഴംഗങ്ങളുള്ള ഒരു കുടുംബത്തിന്റെ നാഥനാണ് അദ്ദേഹം. അവരുടെ എല്ലാം ജീവിതത്തെ മുന്നോട്ട് കൊണ്ടുപോയിരുന്നതും അദ്ദേഹമായിരുന്നു.
നസ്‌റേക്കുലിന്റെ ഭാര്യ രുക്‌സാനയ്ക്ക് ഇപ്പോഴും കരച്ചില്‍ അടക്കാനായിട്ടില്ല. എന്തിനാണ് നിങ്ങള്‍ വിട്ടുപോയത്. ഇനി ഞങ്ങളെ നോക്കാന്‍ ആരുണ്ടെന്ന് വാവിട്ട് കരയുകയാണ് രുക്‌സാന. മൂന്നും, എഴും വയസ്സുള്ള കുട്ടികളാണ് ഇവര്‍ക്കുള്ളത്. അതേസമയം നസ്‌റേക്കുലിന്റെ അമ്മ ഇപ്പോഴും വിശ്വസിക്കുന്നത്, മകന്‍ തിരിച്ചുവരുമെന്നാണ്.












Click it and Unblock the Notifications