കൊവിഡ് ഭീതി വീണ്ടും; മാസ്‌ക് നിര്‍ബന്ധമാക്കി കര്‍ണാടക, പരിശോധന ശക്തമാക്കി
ബെംഗളൂരു: ചൈനയില്‍ കൊവിഡ് വ്യാപിക്കുന്നു എന്ന റിപ്പോര്‍ട്ടുകള്‍ക്കിടെ, ഇന്ത്യയിലും മുന്‍കരുതല്‍ നടപടികള്‍ ശക്തമാക്കുന്നു. പുതിയ സാഹചര്യം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന വിദഗ്ധരുടെ യോഗം ചര്‍ച്ച ചെയ്തു. കൂടുതല്‍ ശക്തമായ നടപടിക്ക് ഒരുങ്ങിയിരിക്കുകയാണ് കര്‍ണാടക സര്‍ക്കാര്‍. സംസ്ഥാനത്ത് മാസ്‌ക് നിര്‍ബന്ധമാണെന്ന് ആരോഗ്യ മന്ത്രി ഡോ. കെ സുധാകര്‍ പറഞ്ഞു. അടച്ചിട്ട സ്ഥലങ്ങളിലും എസി റൂമുകളിലും മാസ്‌ക് നിര്‍ബന്ധമാണ്. പനി ബാധിച്ചവര്‍ക്ക് കൊവിഡ് ടെസ്റ്റ് നിര്‍ബന്ധമായി നടത്താനും തീരുമാനിച്ചു.

വിദേശത്ത് നിന്ന് വരുന്നവരില്‍ റാന്‍ഡം അടിസ്ഥാനത്തില്‍ പരിശോധന നടത്തുന്നത് തുടരും. പോസിറ്റീവ് ഫലം കാണുന്നവരില്‍ ലാബ് പരിശോധന കൂടി നടത്തും. മുഖ്യമന്ത്രി ബസവരാജ ബൊമ്മൈയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിന് ശേഷമാണ് ആരോഗ്യമന്ത്രി പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ സംബന്ധിച്ച് മാധ്യമങ്ങളോട് പറഞ്ഞത്. മന്ത്രിമാര്‍, ആരോഗ്യ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍, കൊവിഡ് അവലോകന സമിതി അംഗങ്ങള്‍ എന്നിവര്‍ യോഗത്തില്‍ സംബന്ധിച്ചു.
എല്ലാ ജില്ലാ ആശുപത്രികളിലും കൊവിഡ് വാര്‍ഡുകള്‍ തുറക്കും. ഓക്‌സിജന്‍ ലഭ്യത ഉറപ്പാക്കും. അവശ്യം വേണ്ട ഘട്ടത്തില്‍ ഉപയോഗിക്കാന്‍ സ്വകാര്യ ആശുപത്രികളുമായി സര്‍ക്കാര്‍ ധാരണയിലെത്തിയിട്ടുണ്ട്. കൊവിഡ് ബൂസ്റ്റര്‍ ഡോസ് നല്‍കുന്നതിനുള്ള ക്യാമ്പുകള്‍ സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കും. കേന്ദ്രസര്‍ക്കാരുമായി ബന്ധപ്പെട്ട് കൂടുതല്‍ വാക്‌സിനുകള്‍ എത്തിക്കുമെന്നും ആരോഗ്യ മന്ത്രി സുധാകര്‍ പറഞ്ഞു.
അതേസമയം, ഇന്ന് പാര്‍ലമെന്റില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും മറ്റു മന്ത്രിമാരും എത്തിയത് മാസ്‌ക് ധരിച്ചാണ്. എല്ലാ എംപിമാരും മാസ്‌ക് ധരിക്കണമെന്ന് സ്പീക്കര്‍ ഓം ബിര്‍ള നിര്‍ദേശം നല്‍കിയിരുന്നു. ജനങ്ങള്‍ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കണമെന്ന് ഐഎംഎ അഭ്യര്‍ഥിച്ചു. ജാഗ്രത വേണമെന്നും അവര്‍ പ്രസ്താവനയില്‍ പറഞ്ഞു. അന്താരാഷ്ട്ര യാത്രകള്‍ ഒഴിവാക്കണം. കൊവിഡ് വാക്‌സിന്‍ എല്ലാവരും എടുക്കണം. സാമൂഹിക അകലം പാലിക്കണം, മാസ്‌ക് ധരിക്കണം. കൂടുതല്‍ ആളുകള്‍ ഒത്തുചേരുന്ന പരിപാടികള്‍ ഒഴിവാക്കണമെന്നും ഐഎംഎ ആവശ്യപ്പെട്ടു.
അതേസമയം, അനാവശ്യ ഭീതി പരത്താനാണ് ചിലര്‍ ശ്രമിക്കുന്നത് എന്ന റിപ്പോര്‍ട്ടുകളും വരുന്നുണ്ട്. രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര മാനദണ്ഡങ്ങള്‍ പാലിക്കാന്‍ സാധിക്കുന്നില്ലെങ്കില്‍ നിര്‍ത്തണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ആവശ്യപ്പെട്ടിരുന്നു. ഭാരത് ജോഡോ യാത്രയ്ക്ക് ലഭിച്ച ജനസ്വീകാര്യതയാണ് സര്‍ക്കാര്‍ നിലപാട് കടുപ്പിക്കാന്‍ കാരണമെന്ന് കോണ്‍ഗ്രസ് വൃത്തങ്ങള്‍ ആരോപിക്കുന്നു. ബിജെപി നടത്തുന്ന റാലിയില്‍ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചോ എന്നും അവര്‍ ചോദിച്ചു.












Click it and Unblock the Notifications