വോട്ട് വിഭജിക്കുന്ന പാര്‍ട്ടിയല്ലേ നിങ്ങള്‍? പ്രിയങ്കയ്ക്ക് മായാവതിയുടെ മറുപടി
ലഖ്നൗ: ഉത്തര്‍പ്രദേശില്‍ ബി എസ് പി പ്രചരണത്തില്‍ സജീവമല്ലെന്ന എ ഐ സി സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുടെ വിമര്‍ശനത്തിന് മറുപടിയുമായി ബി എസ് പി അധ്യക്ഷ മായാവതി. യു പിയില്‍ കോണ്‍ഗ്രസിന്റെ അവസ്ഥ ദയനീയമാണെന്നും കോണ്‍ഗ്രസിന് വോട്ട് നല്‍കി പാഴാക്കരുതെന്നും മായാവതി ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു. മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് മണിക്കൂറുകള്‍ക്കം നിലപാട് മാറ്റേണ്ടിവന്നത് കോണ്‍ഗ്രസിന്റെ ദയനീയ അവസ്ഥയാണ് വെളിവാക്കുന്നതെന്നും മായാവതി പറഞ്ഞു.
ബി ജെ പിയ്‌ക്കെതിരായ പ്രതിപക്ഷ വോട്ടുകള്‍ ഭിന്നിപ്പിക്കുക എന്നതാണ് കോണ്‍ഗ്രസിന്റെ ലക്ഷ്യമെന്നും ജനങ്ങള്‍ കോണ്‍ഗ്രസിനെ അവഗണിക്കണമെന്നും മായാവതി പറഞ്ഞു. ബി ജെ പിയെ അധികാരത്തില്‍ നിന്ന് മാറ്റി നിര്‍ത്തി എല്ലാവര്‍ക്കും നീതി ഉറപ്പാക്കുന്ന സര്‍ക്കാര്‍ വരണമെങ്കില്‍ ബി എസ് പിയ്ക്ക് വോട്ട് ചെയ്യണമെന്നും മായാവതി കൂട്ടിച്ചേര്‍ത്തു. വോട്ട് വിഭജിക്കുന്ന പാര്‍ട്ടിയായാണ് കോണ്‍ഗ്രസിനെ ഉത്തര്‍പ്രദേശിലെ ജനങ്ങള്‍ കാണുന്നതെന്നും അവര്‍ പരിഹസിച്ചു.

കഴിഞ്ഞ ദിവസം കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെക്കുറിച്ചുള്ള ചോദ്യത്തിന്, 'ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്ന് മറ്റൊരു മുഖം നിങ്ങള്‍ കാണുന്നുണ്ടോ? എന്റെ മുഖം നിങ്ങള്‍ക്ക് എല്ലായിടത്തും കാണാന്‍ സാധിക്കും' എന്നായിരുന്നു പ്രിയങ്ക നല്‍കിയ മറുപടി. എന്നാല്‍ പിറ്റേദിവസം തന്നെ ഇതില്‍ മലക്കം മറിഞ്ഞ് പ്രിയങ്ക രംഗത്തെത്തി. പാര്‍ട്ടിയുടെ മുഖം താന്‍ മാത്രമല്ലെന്നും വേറെയും ഒരുപാട് പേര്‍ പാര്‍ട്ടിയിലുണ്ടെന്നും പ്രിയങ്ക പറഞ്ഞിരുന്നു. അതേസമയം ബി എസ് പി സംസ്ഥാനത്ത് നടത്തുന്ന നിര്‍ജീവമായ പ്രചരണമാണെന്നും പ്രിയങ്ക കുറ്റപ്പെടുത്തിയിരുന്നു.

മായാവതി 'നിശബ്ദ'യാകുന്നത് തന്നെ ആശ്ചര്യപ്പെടുത്തുന്നുവെന്നാണ് പ്രിയങ്ക പറഞ്ഞത്. മായാവതി തന്റെ പതിവ് ശൈലിയിലല്ല പ്രചാരണം നടത്തുന്നതെന്ന് ഉത്തര്‍പ്രദേശിലെ ജനങ്ങള്‍ വിശ്വസിക്കുന്നുവെന്നും താനും അതിനോട് യോജിക്കുന്നുവെന്നും പ്രിയങ്ക പറഞ്ഞിരുന്നു. ഇത് തന്നെയും അത്ഭുതപ്പെടുത്തിയെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഞാനും ആശ്ചര്യപ്പെട്ടു... ആറേഴ് മാസങ്ങള്‍ക്ക് മുമ്പ് തന്നെ അവരുടെ പാര്‍ട്ടി സജീവമല്ലായിരുന്നു, ഒരുപക്ഷേ അവര്‍ തെരഞ്ഞെടുപ്പ് അടുത്താല്‍ സജീവമാകും എന്നാണ് കരുതിയത്. എന്നാല്‍ ഇപ്പോള്‍ നമ്മള്‍ തെരഞ്ഞെടുപ്പിന് നടുവിലാണ്. എന്നിട്ടും അവര്‍ സജീവമായിട്ടില്ല. ബി ജെ പി സര്‍ക്കാര്‍ അവര്‍ക്ക് മേല്‍ സമ്മര്‍ദ്ദം ചെലുത്താന്‍ സാധ്യതയുണ്ടെന്നും പ്രിയങ്ക കൂട്ടിച്ചേര്‍ത്തു.

മുന്‍ മുഖ്യമന്ത്രി കൂടിയായ മായാവതി ഇത്തവണ മത്സരിക്കാനില്ലെന്ന് നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. തെരഞ്ഞെടുപ്പു നടക്കുന്ന 5 സംസ്ഥാനങ്ങളിലെയും പാര്‍ട്ടി സ്ഥാനാര്‍ഥികളുടെ വിജയത്തിനു വേണ്ടിയുള്ള പ്രവര്‍ത്തനങ്ങളാകും മായാവതി നടത്തുകയെന്ന് ബി എസ് പി ദേശീയ ജനറല്‍ സെക്രട്ടറി എസ് സി മിശ്ര പറഞ്ഞിരുന്നു. നാല് തവണ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായിരുന്ന മായാവതി നിലവില്‍ എം പിയോ എം എല്‍ എയോ അല്ല. 2007 ല്‍ പാര്‍ട്ടി നേടിയ വിജയം ആവര്‍ത്തിക്കുമെന്ന് പ്രഖ്യാപിച്ച് ഉത്തര്‍പ്രദേശിലെ 403 സീറ്റിലും ഒറ്റയ്ക്ക് മത്സരിക്കാനാണ് ബി എസ് പിയുടെ തീരുമാനം.
Recommended Video

കഴിഞ്ഞ ദിവസം ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടത്തിലേക്കുള്ള 51 സ്ഥാനാര്‍ത്ഥികളുടെ പട്ടിക ബി എസ് പി പുറത്തിറക്കിയിരുന്നു. ഫെബ്രുവരി 10, ഫെബ്രുവരി 14, ഫെബ്രുവരി 20, ഫെബ്രുവരി 23, ഫെബ്രുവരി 27 , മാര്‍ച്ച് 3, മാര്‍ച്ച് 7 വരേയുള്ള തിയതികളിലാണ് തെരഞ്ഞെടുപ്പ്. മാര്‍ച്ച് 10 ന് ഫലമറിയാം. തെരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്കനുസരിച്ച് ഉത്തര്‍പ്രദേശില്‍ 15.06 കോടി വോട്ടര്‍മാരാണുള്ളത്.












Click it and Unblock the Notifications