മെഹുല്‍ ചോക്‌സിയെ റെഡ് നോട്ടീസ് പട്ടികയില്‍ നിന്ന് ഒഴിവാക്കി ഇന്റര്‍പോള്‍

ദില്ലി: പിഎന്‍ബി ബാങ്ക് വായ്പാ തട്ടിപ്പ് കേസിലെ പ്രതിയും, പിടികിട്ടാപ്പുള്ളിയുമായ മെഹുല്‍ ചോക്‌സിയെ ഇന്റര്‍പോള്‍ റെഡ് നോട്ടീസ് പട്ടികയില്‍ നിന്ന് ഒഴിവാക്കി. ഇന്റര്‍പോളാണ നോട്ടീസ് പിന്‍വലിച്ചത്. ചോക്‌സിക്കെതിരെ 2018ലാണ് റെഡ് കോര്‍ണര്‍ നോട്ടീസ് ഇന്റര്‍പോള്‍ പുറപ്പെടുവിക്കുന്നത്.
തന്നെ ഇന്ത്യന്‍ അന്വേഷണ ഏജന്‍സികള്‍ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിക്കുന്നു എന്നാരോപിച്ചായിരുന്നു ആന്റിഗ്വയിലെ ഹൈക്കോടതിയില്‍ ചോക്‌സി ഹര്‍ജി നല്‍കിയത്. ഇതിന് പിന്നാലെയായിരുന്നു നടപടി.
അതേസമയം ചോക്‌സിയെ ഇന്ത്യക്ക് കൈമാറാന്‍ ഇത് തടസ്സമയേക്കില്ല. ഇന്ത്യന്‍ ഏജന്‍സികള്‍ നടപടികളെ എതിര്‍ത്തെങ്കിലും, ഇന്റര്‍പോള്‍ അനുകൂല നടപടി സ്വീകരിക്കാത്തത് തിരിച്ചടിയായി.

13000 കോടിയുടെ പഞ്ചാബ് നാഷണല്‍ ബാങ്ക് വായ്പാ തട്ടിപ്പ് കേസിലാണ് ചോക്‌സി പിടിക്കിട്ടാപ്പുള്ളിയായിട്ടുള്ളത്. അതേസമയം വിഷയത്തില്‍ മൗനം പാലിക്കുകയാണ് സിബിഐ. ഇന്റര്‍പോളിന്റെ ഏറ്റവും ഉയര്‍ന്ന അലര്‍ട്ടാണ് റെഡ് നോട്ടീസ്.
ഒരു വ്യക്തിയെ ലോകത്ത് എവിടെ നിന്നും കണ്ടെത്തി, അറസ്റ്റ് ചെയ്യാനും, ആവശ്യം വന്നാല്‍ ഇന്റര്‍പോള്‍ ആസ്ഥാനത്തെത്തിച്ച് ചോദ്യം ചെയ്യാനുള്ള അധികാരമാണ് ഇതിലൂടെ ലഭിക്കുക. തനിക്കെതിരെയുള്ള സിബിഐ കേസ് രാഷ്ട്രീയ ഗൂഢാലോചനയാണ് എന്നായിരുന്നു ചോക്‌സി ആരോപിച്ചത്. ഇന്ത്യയിലെ ജയിലുകളിലെ സുരക്ഷയും, മറ്റ് സാഹചര്യങ്ങളും മോശമാണെന്ന് ചോക്‌സി കോടതിയില്‍ ഉന്നയിക്കുകയും ചെയ്തിരുന്നു.
ചോക്‌സിയുടെ ആവശ്യം അഞ്ചംഗ ഇന്റര്‍പോള്‍ കമ്മിറ്റിയുടെ കോടതിയാണ് പരിഗണിച്ചത്. ഇവരാണ് റെഡ് നോട്ടീസ് പിന്‍വലിച്ചത്. സിബിഐ ഈ തട്ടിപ്പില്‍ ചോക്‌സിക്കും, നീരവ് മോദിക്കുമെതിരെ പ്രത്യേകം കേസാണ് എടുത്തിരിക്കുന്നത്.
11356 കോടി രൂപയുടെ വായ്പാ തട്ടിപ്പ് കേസിലാണ് ചോക്‌സ് പ്രതിയായിട്ടുള്ളത്. വജ്ര വ്യാപാരിയായിരുന്ന ചോക്‌സി കേസ് നേരിട്ടതോടെ രാജ്യത്ത് നിന്ന് മുങ്ങുകയായിരുന്നു. പിന്നീട് ആന്റിഗ്വയിലായിരുന്നു താമസം.
ചോക്‌സിയുടെ മരുമകനാണ് നീരവ് മോദി. ഇയാളാണ് കേസിലെ മുഖ്യപ്രതി. ഇതുവരെ മെഹുല്‍ ചോക്‌സിയെ ഇന്ത്യയിലേക്ക് കൊണ്ടുവരാനുള്ള ശ്രമങ്ങളൊന്നും വിജയിച്ചിട്ടില്ല.












Click it and Unblock the Notifications