Get Updates
Get notified of breaking news, exclusive insights, and must-see stories!

ദുരന്തത്തില്‍ മാപ്പപേക്ഷിച്ച് മന്ത്രി; പൊലീസിനെ കുറ്റപ്പെടുത്തിയില്ല; സര്‍ക്കാരിനെ വിമര്‍ശിച്ച് ബിജെപി

ബെംഗളുരു: ഐപിഎല്ലില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവിന്റെ ആദ്യ കിരീട നേട്ടം ആഘോഷിക്കുന്നതിനിടെ ഉണ്ടായ ദുരന്തത്തില്‍ കര്‍ണാടക സര്‍ക്കാരിനെതിരേ പ്രതിഷേധം ശക്തം. സംഭവ സ്ഥലത്തെത്തിയ കര്‍ണാടക ഉപമുഖ്യമന്ത്രി ഡികെ ശിവകുമാര്‍ കര്‍ണാടകയിലെ ജനങ്ങളോട് ക്ഷമ ചോദിച്ചു. ജനക്കൂട്ടം നിയന്ത്രണാതീതമായ അവസ്ഥയിലായിരുന്നുവെന്ന് ഡികെ ശിവകുമാര്‍ പറഞ്ഞു.

'ഇത് നിയന്ത്രിക്കാവുന്ന ജനക്കൂട്ടമല്ലായിരുന്നു. ദുരന്തത്തില്‍ ബെംഗളൂരുവിലെയും കര്‍ണാടകയിലെയും എല്ലാ ജനങ്ങളോടും ഞാന്‍ ക്ഷമ ചോദിക്കുന്നു. ഞങ്ങള്‍ 5,000-ത്തിലധികം പൊലീസുകാരെ വിന്യസിച്ചിരുന്നു. ജനക്കൂട്ടത്തിന് നേരെ ലാത്തി ഉപയോഗിക്കരുതെന്ന് നിര്‍ദേശം നല്‍കിയിരുന്നു. കാരണം അവര്‍ ആഘോഷത്തിന് വന്നവരാണ്. പൊലീസിനെ കുറ്റപ്പെടുത്താനില്ലെന്നും ഡികെ ശിവകുമാര്‍ പറഞ്ഞു.

stampede

പ്രതിപക്ഷ നേതാവ് ആര്‍ അശോക് സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷമായ വിമര്‍ശനമുന്നയിച്ചു. ഈ മരണങ്ങള്‍ക്ക് ഉത്തരവാദി സംസ്ഥാന സര്‍ക്കാരാണെന്ന് അദ്ദേഹം ആരോപിച്ചു. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 25 ലക്ഷം രൂപ വീതം നഷ്ടപരിഹാരം നല്‍കണമെന്നും പരിക്കേറ്റവരുടെ ചികിത്സാ ചെലവ് വഹിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ശരിയായ തയാറെടുപ്പോ ആസൂത്രണമോ ഇല്ലാതെ, പൊലീസിന് വേണ്ടത്ര സമയം നല്‍കാതെ സ്വീകരണ ചടങ്ങ് നടത്താന്‍ സംസ്ഥാന സര്‍ക്കാര്‍ തിടുക്കം കാട്ടിയതാണ് ദുരന്തത്തിലേക്ക് നയിച്ചതെന്ന് അദ്ദേഹം ആരോപിച്ചു.

ചിന്നസ്വാമി സ്റ്റേഡിയത്തിനു സമീപമുണ്ടായ ദുരന്തത്തില്‍ 11 പേരാണ് മരിച്ചത്. 27 പേര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു ടീമിന്റെ കന്നി ഐപിഎല്‍ കിരീട നേട്ടം ആഘോഷിക്കാന്‍ ലക്ഷക്കണക്കിന് ആരാധകര്‍ ഒത്തുകൂടിയിരുന്നു. ജനക്കൂട്ടം നിയന്ത്രണാതീതമായതോടെ ഉണ്ടായ തിക്കും തിരക്കുമാണ് വന്‍ ദുരന്തത്തിലേക്കു നയിച്ചത്.

'സര്‍ക്കാരിന്റെ മോശം ആസൂത്രണവും കെടുകാര്യസ്ഥതയും കാരണം ഇത്രയും വലിയ ദുരന്തം ഉണ്ടായത് ഹൃദയഭേദകമാണെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി എക്സിലിട്ട പോസ്റ്റില്‍ പറഞ്ഞു. കര്‍ണാടകയിലെ സംസ്ഥാന സര്‍ക്കാര്‍ ഉത്തരവാദിത്തം നിര്‍വഹിക്കുന്നതില്‍ പൂര്‍ണമായും പരാജയപ്പെട്ടതായും അദ്ദേഹം പറഞ്ഞു.

അതേസമയം, ഇത്ര വലിയ ദുരന്തമുണ്ടായ ശേഷവും ആര്‍സിബി ടീം ആഘോഷം തുടര്‍ന്നതിലും പ്രതിഷേധം ശക്തമാണ്. കിരീടവുമായുള്ള ആഘോഷത്തിന്റെ ദൃശ്യങ്ങള്‍ ആര്‍സിബിയുടെ സമൂഹ മാധ്യമ പ്ലാറ്റ്ഫോമുകളില്‍ പങ്കുവയ്ക്കുകയും ചെയ്തിരുന്നു. എന്നാല്‍ പിന്നീട് വിവാദമായതോടെ പിന്‍വലിച്ചു.

കോണ്‍ഗ്രസ് സര്‍ക്കാരിന്റെ നിരുത്തരവാദിത്വം മൂലമാണ് അപകടം ഉണ്ടായതെന്ന് കര്‍ണാടക ബിജെപി പ്രസിഡന്റ് ബിവൈ വിജയേന്ദ്ര കുറ്റപ്പെടുത്തി. പലരും ജീവനു വേണ്ടി മല്ലിടുകയാണ്. ജനക്കൂട്ടം നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ നടപടികള്‍ സ്വീകരിച്ചില്ല. സര്‍വ്വത്ര കുഴപ്പങ്ങള്‍ മാത്രം. നിരപരാധികള്‍ മരിച്ചപ്പോള്‍, മുഖ്യമന്ത്രി സിദ്ധരാമയ്യയും ഡികെ ശിവകുമാറും ക്രിക്കറ്റ് താരങ്ങളുമായി റീലുകള്‍ ഷൂട്ട് ചെയ്യുന്ന തിരക്കിലായിരുന്നു. കോണ്‍ഗ്രസ് സര്‍ക്കാരിനോട് ലജ്ജ തോന്നുന്നു. ഇത് കുറ്റകരമായ അവഗണനയാണ്. കോണ്‍ഗ്രസ് സര്‍ക്കാരിന്റെ കൈകളില്‍ രക്തം പുരണ്ടിരിക്കുന്നു' - ബിവൈ വിജയേന്ദ്ര പറഞ്ഞു. ദുരന്തത്തിന്റെ പൂര്‍ണ ഉത്തരവാദിത്തം സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

താരങ്ങളെ കാണാനെത്തിയ ആരാധകരുടെ അനിയന്ത്രിതമായ തിരക്കും അത് കൈക്കാര്യം ചെയ്യാന്‍ മതിയായ സംവിധാനങ്ങള്‍ ഇല്ലാത്തതുമാണ് ഇത്രയും വലിയ ദുരന്തത്തില്‍ കലാശിച്ചതെന്ന വിമര്‍ശനം ശക്തമാണ്. തിക്കിലും തിരക്കിലും പെട്ട് വീണവര്‍ നെഞ്ചിലും മുഖത്തും തലയിലുമൊക്കെ മറ്റുള്ളവരുടെ ചവിട്ടേറ്റ് ദാരുണമായി പിടഞ്ഞാണ് മരണത്തിന് കീഴടങ്ങിയത്. പരിക്കേറ്റവര്‍ ബൗറിങ്, ലേഡി കഴ്സണ്‍ ആശുപത്രികളിലാണ് ചികിത്സയില്‍ കഴിയുന്നത്.

പൊലീസ് അനുമതി നിഷേധിച്ചിട്ടും സ്വീകരണ പരിപാടി നടത്തണമെന്ന കര്‍ണാടക ക്രക്കറ്റ് അസോസിയേഷന്റെ പിടിവാശിയാണ് 11 പേരുടെ ജീവനെടുത്ത ദുരന്തത്തിന് കാരണം. ടീമിനെ വിധാന്‍ സൗധയില്‍ നിന്നും ചിന്നസ്വാമി സ്റ്റേഡിയത്തിലേക്ക് പരേഡായി എത്തിച്ച ശേഷം സ്വീകരണം ഒരുക്കുക ആയിരുന്നു ലക്ഷ്യം. എന്നാല്‍ സുരക്ഷാ പ്രശ്‌നം ചൂണ്ടിക്കാട്ടി കര്‍ണാടക പൊലീസ് ആദ്യം മുതല്‍ എതിര്‍ത്തു. എന്നാല്‍ കെസിഎയുടെ സമ്മര്‍ദത്തിന് വഴങ്ങിയാണ് പരിപാടിയുമായി സര്‍ക്കാര്‍ മുന്നോട്ടു പോയത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+