കൊവിഡ് രണ്ടാം തരംഗം അവസാനിച്ചിട്ടില്ല, ജാഗ്രത കൈവിടരുത്; മുന്നറിയിപ്പുമായി ആരോഗ്യമന്ത്രാലയം
ദില്ലി: മാര്‍ച്ച്- ഏപ്രില്‍ മാസങ്ങളില്‍ രോഗികളുടെ എണ്ണം കുത്തനെ ഉയര്‍ത്തിയ കൊവിഡിന്റെ രണ്ടാം തരംഗം അവസാനിച്ചിട്ടില്ലെന്ന് കേന്ദ്ര സര്‍ക്കാരിന്റെ മുന്നറിയിപ്പ്. സാമൂഹിക അകലം പാലിക്കര്‍, മാസ്‌ക് ധരിക്കല്‍, കൂട്ടം കൂടാതിരിക്കല്‍ തുടങ്ങിയ മുന്‍കരുതല്‍ പൊതുജനങ്ങള്‍ സ്വീകരിക്കണമെന്നും കേന്ദ്ര സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കുന്നു. ഈ യുദ്ധം ഇതുവരെ അവസാനിച്ചിട്ടില്ലെന്ന് കൊവിഡ് ടാസ്‌ക് ഫോഴ്‌സ് മേധാവി ഡോ വികെ പോള്‍ ആരോഗ്യമന്ത്രാലയത്തിന്റെ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.
രണ്ടാം തരംഗം അവസാനിച്ചിട്ടില്ല. ഇപ്പോഴുള്ള അവസ്ഥ അപകടകരമാണ്. കൊവിഡ് രണ്ടാം തരംഗത്തില്‍ നിന്ന് പൂര്‍ണമായും പുറത്തുകടക്കാന്‍ കൊവിഡ് പ്രോട്ടോക്കോള്‍ പാലിക്കേണ്ടത് അത്യാവശ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി. മുസൂറിയിലെ വെള്ളച്ചാട്ടത്തിന് സമീപം മാസ്‌ക് ധരിക്കാത്ത വലിയൊരു കൂട്ടത്തിന്റെ വീഡിയോ ശ്രദ്ധയില്‍പ്പെട്ടു. വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ നിന്നുള്ള ദൃശ്യങ്ങള്‍ ആശങ്കയുളവാക്കുന്നതാണ്, അത്തരം അശ്രദ്ധ വൈറസ് വ്യാപനത്തിന് കാരണമാകുന്നു- ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.

അതേസമയം, രാജ്യത്തെ കൊവിഡ് കേസുകളില്‍ പകുതിയില്‍ ഏറെയും കേരളം, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലാണെന്ന് ആരോഗ്യമന്ത്രാലയം ജോയിന്റ് സെക്രട്ടറി ലവ് അഗര്‍വാള്‍ പറഞ്ഞു. ഓരോ ദിവസവും റിപ്പോര്‍ട്ട് ചെയ്യുന്ന കൊവിഡ് കേസുകളില്‍ 32 ശതമാനം കേരളത്തില്‍ നിന്നും മഹാരാഷ്ട്രയില്‍ 21 ശതമാനവുമാണ്. ഇത് ആശങ്കയുളവാക്കുന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി.
രാജ്യത്തെ 66 ജില്ലകളില്‍ വ്യാഴാഴ്ച 10 ശതമാനത്തിലധികം പോസിറ്റീവിറ്റി റിപ്പോര്‍ട്ട് ചെയ്തതായി സര്‍ക്കാര്‍ പറയുന്നു. 100ല്‍ താഴെ മാത്രം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന 100 ജില്ലകളാണുള്ളത്. 80 ശതമാനം കേസുകളും റിപ്പോര്‍ട്ട് ചെയ്യുന്നത് 90 ജില്ലകളില്‍ നിന്നാണെന്നും ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്കില്‍ വ്യക്തമാക്കുന്നു. അതേസമയം, രോഗവ്യാപന ശേഷി കൂടുതലുള്ള കാപ്പ വകഭേദത്തിലുള്ള വൈറസ് ഉത്തര്‍ പ്രദേശില്‍ റിപ്പോര്‍ട്ട് ചെയ്തത് ഭീതി പരത്തുന്നുണ്ട്., ലക്‌നൗ കിംഗ് ജോര്‍ജ് മെഡിക്കല്‍ കോളേജില്‍ നിന്നും അയച്ച 109 സാമ്പിളുകളില്‍ നിന്നാണ് 2 പേര്‍ക്ക് കാപ്പ വകഭേദം സ്ഥിരീകരിച്ചത്.












Click it and Unblock the Notifications