അവിശ്വസനീയം അത്ഭുതകരം! ഗുജറാത്ത് വിമാനദുരന്തത്തിൽ ജീവനോടെ രക്ഷപ്പെട്ട് ഒരാൾ, രക്ഷപ്പെട്ടത് ഇങ്ങനെ
അഹമ്മദാബാദ്: ഗുജറാത്തിലുണ്ടായ വിമാന ദുരന്തത്തില്‍ അത്ഭുതകരമായ രക്ഷപ്പെടൽ. അപകടത്തിൽ ഒരാള്‍ രക്ഷപ്പെട്ടതായാണ് വിവരം. 11എ സീറ്റില്‍ യാത്ര ചെയ്തിരുന്ന രമേശ് വിശ്വാസ് കുമാര്‍ ആണ് ജീവനോടെ രക്ഷപ്പെട്ടത്. 38കാരനായ രമേശ് പൊള്ളലേറ്റ് ആശുപത്രിയില്‍ ചികിത്സയിലാണ്. ബ്രിട്ടീഷ് പൗരത്വമുളള ഇന്ത്യന്‍ വംശജനാണ് രമേശ് വിശ്വാസ് കുമാര്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍. വിമാനം കത്തിയമരും മുന്‍പ് എമര്‍ജന്‍സി എക്‌സിറ്റ് വഴി പുറത്തേക്ക് ചാടിയാണ് രമേശിന്റെ അത്ഭുതകരമായ രക്ഷപ്പെടല്‍.
20 വര്‍ഷമായി കുടുംബത്തോടൊപ്പം ലണ്ടനില്‍ താമസിക്കുകയാണ് രമേശ് വിശ്വാസ്. ഭാര്യയും കുഞ്ഞും അടങ്ങുന്നതാണ് അദ്ദേഹത്തിന്റെ കുടുംബം. നാട്ടിലുളള കുടുംബത്തെ കാണാനായാണ് അദ്ദേഹം ഇന്ത്യയിലേക്ക് അവധിക്ക് എത്തിയത്. തിരികെ ലണ്ടനിലേക്ക് പോകാനുളള യാത്രയാണ് ദുരന്തത്തില്‍ കലാശിച്ചത്. സഹോദരനും രമേശിന് ഒപ്പം വിമാനത്തില്‍ ഉണ്ടായിരുന്നു. എന്നാല്‍ അദ്ദേഹത്തിന്റെ ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. എല്ലാം വളരെ പെട്ടെന്ന് ആയിരുന്നുവെന്ന് ചികിത്സയില്‍ കഴിയുന്ന രമേശ് പറയുന്നു. 30 സെക്കന്‍ഡിനുളളില്‍ വിമാനം തകര്‍ന്നു. പുറത്തേക്ക് എടുത്ത് ചാടുകയായിരുന്നു. സഹോദരനെ കണ്ടെത്താന്‍ സാധിച്ചില്ല. ചുറ്റും കണ്ടത് മൃതദേഹങ്ങള്‍ ആണെന്നും രമേശ് പറയുന്നു.
വീണിടത്ത് നിന്നും താന്‍ എഴുന്നേറ്റ് ഓടുകയായിരുന്നു. അതിനിടെ ആരോ തന്നെ പിടിച്ച് നിര്‍ത്തി, ആംബുലന്‍സില്‍ കയറ്റി ആശുപത്രിയില്‍ എത്തിക്കുകയായിരുന്നുവെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു. അഹമ്മദാബാദിലെ സിവില്‍ ആശുപത്രിയിലാണ് രമേശ് ഇപ്പോഴുളളത്.

രമേശ് വിശ്വാസിന് അപകടത്തില്‍ കാര്യമായ പരിക്കുകള്‍ പറ്റിയിട്ടില്ല എന്നതും അത്ഭുതകരമാണ്. കയ്യിലുളള ഫോണിന് പോലും തകരാറുകളൊന്നും സംഭവിക്കാതെയാണ് രമേശിന്റെ രക്ഷപ്പെടല്‍. വിമാനത്തിലുണ്ടായിരുന്ന ആരും രക്ഷപ്പെട്ടില്ല എന്ന് കരുതിയിരിക്കെയാണ് രമേശ് വിശ്വാസ് ജീവനോടെ രക്ഷപ്പെട്ട് വന്നത്. അപകടം നടന്നതിന് തൊട്ട് പിന്നാലെ രമേശ് വിശ്വാസ് ആ പരിസരത്ത് നടക്കുന്നതിന്റെ വീഡിയോ പുറത്ത് വന്നിട്ടുണ്ട്. കാലിന് പരിക്കേറ്റ് ബുദ്ധിമുട്ടിയാണ് അദ്ദേഹം നടക്കുന്നത്. ധരിച്ചിരിക്കുന്ന വേഷത്തില്‍ രക്തക്കറയുളളതായും വീഡിയോയില്‍ വ്യക്തമാണ്.
യാത്രക്കാരും ജീവനക്കാരും അടക്കം 242 പേരാണ് അപകടത്തില്‍പ്പെട്ട എയര്‍ ഇന്ത്യയുടെ എയര്‍ ഇന്ത്യ വിമാനത്തില്‍ ഉണ്ടായിരുന്നത്. സംഭവ സ്ഥലത്ത് നിന്ന് ഇതുവരെ 204 മൃതദേഹങ്ങള്‍ ആണ് കണ്ടെടുത്തിട്ടുളളത് എന്ന് അഹമ്മദാബാദ് പോലീസ് കമ്മീഷണര്‍ റോയിട്ടേഴ്‌സിനോട് പ്രതികരിച്ചു. രാജ്യത്തെ നടുക്കിയ വിമാന ദുരന്തത്തില്‍ ബിജെപി നേതാവും ഗുജറാത്ത് മുന്‍ മുഖ്യമന്ത്രിയുമായ വിജയ് രൂപാണിയും ഉള്‍പ്പെട്ടിട്ടുണ്ട്. മകളെ കാണാനായി ലണ്ടിനേക്ക് പോവുകയായിരുന്നു വിജയ് രൂപാണി.












Click it and Unblock the Notifications