മിഷനറീസ് ഓഫ് ചാരിറ്റിക്ക് വിദേശ സഹായം സ്വീകരിക്കാം; എഫ്ആര്‍സിഎ രജിസ്‌ട്രേഷന്‍ പുനഃസ്ഥാപിച്ചു
ദില്ലി: നോബല്‍ സമ്മാന ജേതാവായ മദര്‍ തെരേസ സ്ഥാപിച്ച മിഷനറീസ് ഓഫ് ചാരിറ്റിയുടെ വിദേശ സഹായങ്ങള്‍ തടഞ്ഞ നടപടി കേന്ദ്ര സര്‍ക്കാര്‍ പുനസ്ഥാപിച്ചു. മിഷനറീസ് ഓഫ് ചാരിറ്റിയുടെ എഫ്ആര്‍സിഎ രജിസ്‌ട്രേഷന്‍ ജനുവരി 7 ന് പുനഃസ്ഥാപിച്ചതായി ആഭ്യന്തര മന്ത്രാലയം സ്ഥിരീകരിച്ചു. ഡിസംബര്‍ 25-ന് ലൈസന്‍സ് പുതുക്കുന്നതിനുള്ള അഭ്യര്‍ത്ഥന കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിരസിച്ചതിന് ശേഷം, രജിസ്‌ട്രേഷന്‍ നിലച്ചുപോയ 6,000 സ്ഥാപനങ്ങളില്‍ മിഷനറീസ് ഓഫ് ചാരിറ്റിയും ഉള്‍പ്പെട്ടിരുന്നു. ഈ തീരുമാനമാണ് കേന്ദ്ര സര്‍ക്കാര്‍ ഇപ്പോള്‍ പുനസ്ഥാപിച്ചത്.

ചില പ്രതികൂല സാഹചര്യങ്ങള്‍ കണക്കിലെടുത്ത് എഫ്ആര്‍സിഎ രജിസ്‌ട്രേഷന്‍ പുതുക്കി നല്‍കില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചിരുന്നു. കേന്ദ്ര സര്‍ക്കാരിന്റെ ഏറ്റവും പുതിയ നടപടിയോടെ, മദര്‍ തെരേസ സ്ഥാപിച്ച ചാരിറ്റി, നിലവില്‍ എഫ്സിആര്‍എ രജിസ്ട്രേഷന്‍ സജീവമായ 16,000-ത്തിലധികം എന്‍ജിഒകളുടെ പട്ടികയില്‍ തിരിച്ചെത്തി. ഏതൊരു അസോസിയേഷനും എന്‍ജിഒയ്ക്കും വിദേശ ധനസഹായം സ്വീകരിക്കുന്നതിനും ഉപയോഗിക്കുന്നതിനും എഫ്സിആര്‍എ രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാണ്.
ഇന്ത്യയില്‍ ഉടനീളം, മിഷനറീസ് ഓഫ് ചാരിറ്റിയുടെ 240-ലധികം വീടുകള്‍ അനാഥര്‍ക്കും അഗതികള്‍ക്കും എയ്ഡ്സ് രോഗികള്‍ക്കുമായി ഉണ്ട്. കഴിഞ്ഞ വര്‍ഷം മിഷനറീസ് ഓഫ് ചാരിറ്റി ഇന്ത്യയില്‍ 71 വര്‍ഷം പൂര്‍ത്തിയാക്കി. അതേസമയം, വിദേശ സഹായം തടഞ്ഞതിന് പിന്നാലെ മിഷനറീസ് ഓഫ് ചാരിറ്റിക്ക് 79 ലക്ഷം രൂപയുടെ ഫണ്ട് ഒഡിഷ സര്‍ക്കാര്‍ അനുവദിച്ചിരുന്നു.
മുഖ്യമന്ത്രി നവീന്‍ പട്‌നായിക്കാണ് ദുരിതാശ്വസ നിധിയില്‍ നിന്ന് സഹായം അനുവദിച്ചത്. മദര്‍ തെരേസ സ്ഥാപിച്ച ജീവ കാരുണ്യ പ്രസ്ഥാനമായ മിഷനറീസ് ഓഫ് ചാരിറ്റീസിന് വിദേശ സഹായം ഉള്‍പ്പെടെ നേടുന്നതിനാണ് സാങ്കേതിക കാരണം പറഞ്ഞ് കേന്ദ്രം വിലക്കേര്‍പ്പെടുത്തിയത്. ഇതേ തുടര്‍ന്ന് സഹായം അനുവദിക്കുമെന്ന് പട്‌നായിക്ക് പ്രഖ്യാപിച്ചിരുന്നു.












Click it and Unblock the Notifications