കശ്മീരിന് വേണ്ടി അണിയറിയില്‍ ഒരുങ്ങുന്നതെന്ത്? വികസനവും തൊഴിലവസരവും ലക്ഷ്യം!! ദൗത്യം ഏല്‍പ്പിച്ചു!
ദില്ലി: ജമ്മു കശ്മീരിന്റെ വികസനത്തിന് പദ്ധതികള്‍ ആസൂത്രണം ചെയ്ത് കേന്ദ്രസര്‍ക്കാര്‍. മോദി സര്‍ക്കാര്‍ ഒരു സംഘം മന്ത്രിമാരെയാണ് കശ്മീരിനുള്ള വികസന പദ്ധതികള്‍ രൂപ കല്‍പ്പന ചെയ്യാന്‍ നിയോഗിച്ചിട്ടുള്ളതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്ത്യാ ഗവണ്‍മെന്റ് കശ്മീരിലെ യുവാക്കളുടെ വികസനം ലക്ഷ്യമിട്ട് രണ്ട് തവണ യോഗം ചേര്‍ന്നുവെന്നാണ് ചില വിശ്വസനീയ വൃത്തങ്ങളെ ഉദ്ധരിച്ച് ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നത്.
മാധ്യമ നിയന്ത്രണം: 7 ദിവസത്തിനുള്ളില്‍ മറുപടി വേണം, കേന്ദ്രത്തോട് സുപ്രീം കോടതി
കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ്, തവാര്‍ ചന്ദ് ഗെലോട്ട്, നരേന്ദ്ര ടോമര്‍, ധര്‍മേന്ദ്ര പ്രധാന്‍ എന്നിവരാണ് മന്ത്രിമാരുടെ സംഘത്തിലുണ്ട്. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിന് പിന്നാലെ വികസന പദ്ധതികള്‍ ആവിഷ്കരിക്കാനാണ് ഈ സംഘത്തോട് ആവശ്യപ്പെട്ടിട്ടുള്ളത്. ജമ്മു കശ്മീരിനെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളാക്കിയതോടെ ഭരണപരമായ കാര്യങ്ങളെക്കുറിച്ചും കേന്ദ്ര ആഭ്യന്തര മന്ത്രാലയം ചര്‍ച്ചകള്‍ നടത്തിവരുന്നുണ്ട്.

കശ്മീരിന്റെ വികസനത്തിന് പദ്ധതി!
രവിശങ്കര്‍ പ്രസാദിന്റെ നിയമമന്ത്രാലയം, ഐടി മന്ത്രാലയം, തവാര്‍ ചന്ദ് ഘെലോട്ടിന്റെ സോഷ്യല്‍ ജസ്റ്റിസ് ആന്‍ഡ് എംപവര്‍ മന്ത്രാലയം, ധര്‍മേന്ദ്ര പ്രധാന്റെ പെട്രോളിയം& നാച്ചുറല്‍ ഗ്യാസ് മന്ത്രാലയം, എന്നീവയോട് പ്രമയേം തയ്യാറാക്കി സമര്‍പ്പിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. ജമ്മു കശ്മീരിന്റെ വികസനത്തിന് വേണ്ടി ഓരോ മന്ത്രാലയത്തോടും പദ്ധതി തയ്യാറാക്കാനാണ് കേന്ദ്രം ആവശ്യപ്പെട്ടിട്ടുള്ളത്. ഒക്ടോബര്‍ 31ന് മുമ്പായി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും സംഘത്തിന് നിര്‍ദേശം ലഭിച്ചിട്ടുണ്ട്. പ്രധാനമന്ത്രി പ്രഖ്യാപിക്കാനിരിക്കുന്ന സാമ്പത്തിക പാക്കേജിന് അനുസൃതമായിട്ടായിരിക്കും മന്ത്രിമാരുടെ റിപ്പോര്‍ട്ട്. കശ്മീരിലെ യുവാക്കളുടെ നൈപുണ്യവികസനത്തിനുള്ള പദ്ധതികള്‍ ആവിഷ്കരിക്കുന്നത് സംബന്ധിച്ച് ഈ കമ്മറ്റി രണ്ട് തവണ യോഗം ചേര്‍ന്നുവെന്നും ചില റിപ്പോര്‍ട്ടുകളുണ്ട്.

ഹര്‍ജികള്‍ ഭരണഘടനാ ബെഞ്ചിന്
ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ നടപടി ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജികള്‍ സുപ്രീം കോടതി പരിഗണിച്ചിരുന്നു. സുപ്രീം കോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് ഇത് സംബന്ധിച്ച ഹര്‍ജികളില്‍ വാദം കേള്‍ക്കുന്നത്. എന്നാല്‍ ഹര്‍ജികളില്‍ വാദം കേള്‍ക്കുന്നത് സുപ്രീം കോടതി ഒക്ടോബര്‍ ആദ്യ വാരത്തിലേക്ക് മാറ്റിയിട്ടുണ്ട്. എന്നാല്‍ ഹര്‍ജികള്‍ പരിഗണിച്ച സുപ്രീം കോടതി കേന്ദ്രസര്‍ക്കാരിനും കശ്മീര്‍ ഭരണകൂടത്തിനും നോട്ടീസ് അയച്ചിട്ടുണ്ട്.

കശ്മീരില്‍ കോടതി ഇടപെടല്‍
ജമ്മു കശ്മീരില്‍ വീട്ടുതടങ്കലില്‍ കഴിയുന്ന സിപിഎം കേന്ദ്ര കമ്മിറ്റി അംഗം മുഹമ്മദ് യൂസഫ് തരിഗാമിയെ കാണാന്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്കും കോടതി അനുമതി നല്‍കിയിട്ടുണ്ട്. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് അധ്യക്ഷനായ ബെഞ്ചാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചിട്ടുള്ളത്. തരിഗാമിയെ കാണാനില്ലെന്ന് കാണിച്ച് യെച്ചൂരി നേരത്തെ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി സമര്‍പ്പിച്ചിരുന്നു. സ ഇതെത്തുടര്‍ന്നാണ് കോടതി വിഷയത്തില്‍ ഇടപെട്ടത്.

നിയന്ത്രണങ്ങള്‍ നീക്കാന്‍ നിര്‍ദേശം
ജമ്മുകശ്മീരില്‍ ആഗസ്റ്റ് നാല് മുതല്‍ തുടര്‍ന്നുവരുന്ന നിയന്ത്രണങ്ങള്‍ക്ക് വലിയ തോതില്‍ അയവില്ലെന്നാണ് കശ്മീരില്‍ നിന്ന് വരുന്ന റിപ്പോര്‍ട്ടുകള്‍. ഈ സാഹചര്യത്തിലാണ് ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയത് സംബന്ധിച്ച ഹര്‍ജികള്‍ പരിഗണിച്ച കോടതി നിര്‍ണായക നിര്‍ദേശം നല്‍കിയിട്ടുള്ളത്. വരുന്ന ഏഴ് ദിവസത്തിനുള്ളില്‍ കശ്മീരിലെ ഫോണ്‍,ഇന്റര്‍നെറ്റ് നിയന്ത്രണങ്ങള്‍ സംബന്ധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് കോടതി കേന്ദ്രത്തോട് നിര്‍ദേശിച്ചിട്ടുള്ളത്. കശ്മീരി ടൈംസ് എക്സിക്യൂട്ടീവ് എഡിറ്റര്‍ അനുരാധ ഭാസിനിന്റെ ഹര്‍ജി പരിഗണിച്ച ശേഷമാണ് കോടതി നിര്‍ദേശം.