മോഡി ഏഴ് ലക്ഷത്തില്‍ നിന്നും 7000 ത്തിലേക്ക്
ഭോപ്പാല്‍: ഒന്നരമാസം കൊണ്ട് നരേന്ദ്രമോഡിയുടെ ഡിമാന്‍ഡ് ഇടിഞ്ഞത് ഏഴ് ലക്ഷത്തിനടുത്ത്? കൃത്യം ഏഴ് മാസം മുന്‍പ് മധ്യപ്രദേശില്‍ മോഡി പ്രസംഗിക്കാനെത്തിയപ്പോള്‍ തടിച്ചുകൂടിയത് ഏഴ് ലക്ഷത്തോളം പേരാണ്. എന്നാല്‍ തിങ്കളാഴ്ച വീണ്ടും ദസറ മൈതാനത്തെത്തിയ മോഡിയുടെ പ്രസംഗം കേള്‍ക്കാന്‍ ഉണ്ടായിരുന്നത് കഷ്ടി ഏഴായിരത്തോളം ആളുകള്‍ മാത്രമാണ് എന്നാണ് റിപ്പോര്‍ട്ട്.
കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ പ്രസംഗം കേള്‍ക്കാതെ ആളുകള്‍ എഴുന്നേറ്റ് പോയതിനെ കളിയാക്കിയ മോഡിക്ക് കിട്ടിയ തിരിച്ചടിയായി ഇതിനെ കാണുന്നവരാണ് ഏറെയും. മറ്റു ചിലര്‍ പറയുന്നത് മോഡി ഉണ്ടാക്കിയ പ്രഭാവം പതുക്കെ നഷ്ടമാകുന്നു എന്നാണ്. എന്തായാലും റാലിക്ക് ആളുകള്‍ കുറയുന്നതില്‍ മോഡിയും തീരെ സന്തോഷവാനല്ല എന്നാണ് റിപ്പോര്‍ട്ട്.

ബി ജെ പിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി വന്നിറങ്ങുമ്പോള്‍ മൈതാനം മിക്കവാറും കാലിയായിരുന്നത്രെ. പാര്‍ട്ടിയുടെ പ്രാദേശിക നേതാക്കള്‍ പരക്കം പാഞ്ഞാണ് ഇത്രയെങ്കിലും ആളുകളെ സംഘടിപ്പിച്ചത്. പോരാത്തതിന് അടുത്തുള്ള ഒരു കോളേജില്‍ നിന്നും രണ്ടായിരത്തോളം വിദ്യാര്‍ഥികളെ കൊണ്ടുവന്നാണ് സ്‌റ്റേഡിയം നിറച്ചത് എന്നും പറയപ്പെടുന്നു.
സാഗറില്‍ മോഡി നേരത്തെയെത്തിയതുകൊണ്ടാണ് ആളുകള്‍ കുറഞ്ഞതെന്നാണ് സംഘാടകരുടെ വിശദീകരണം. എന്നാല്‍ സാഗറില്‍ മാത്രമല്ല, ഛത്തര്‍പൂരിലും ഗുണയിലും ഭോപ്പാലിലും മോഡി റാലികള്‍ക്ക് ആളുകള്‍ പ്രതീക്ഷിച്ചതിലും കുറവായിരുന്നു എന്ന് പാര്‍ട്ടി നേതാക്കള്‍ തന്നെ സമ്മതിക്കുന്നു. മധ്യപ്രദേശിലെ സ്ഥാനാര്‍ഥിയും പാര്‍ട്ടി എം പിയുമായ ഭൂപേന്ദ്ര സിംഗിനോട് ആളുകള്‍ കുറഞ്ഞതില്‍ മോഡി പരിഭവം പറഞ്ഞതായും റിപ്പോര്‍ട്ടുണ്ട്.












Click it and Unblock the Notifications