'സത്യമാണ് എന്റെ ദൈവം': കോടതി വിധിക്ക് പിന്നാലെ രാഹുലിന്റെ ആദ്യ പ്രതികരണം, ട്വീറ്റ് ഇങ്ങനെ

ദില്ലി: മാനനഷ്ടക്കേസില്‍ കോടതി രണ്ട് വര്‍ഷത്തെ തടവ് ശിക്ഷ വിധിച്ചതിന് പിന്നാലെ പ്രതികരണവുമായി രാഹുല്‍ ഗാന്ധി രംഗത്ത്. മഹാത്മാഗാന്ധിയുടെ വാക്കുകള്‍ കടമെടുത്താണ് അദ്ദേഹം ടിറ്ററില്‍ പ്രതികരണവുമായി രംഗത്തെത്തിയത്. 'എന്റെ മതം സത്യത്തിലും അഹിംസയിലും അധിഷ്ഠിതമാണ്, സത്യമാണ് എന്റെ ദൈവം, അഹിംസയാണ് അത് നേടാനുള്ള മാര്‍ഗമെന്നാണ് രാഹുല്‍ ട്വിറ്ററില്‍ കുറിച്ചത്.
അതേസമയം, ലണ്ടനില്‍ വച്ച് രാഹുല്‍ ഗാന്ധി നടത്തിയ പരാമര്‍ശത്തില്‍ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് ബി ജെ പി രംഗത്തെത്തിയതിന് പിന്നാലെയാണ് ഇന്ന് കോടതി വിധി പുറത്തുവന്നത്. പാര്‍ലമെന്റില്‍ പ്രതിപക്ഷത്തെ സംസാരിക്കാന്‍ അനുവദിക്കുന്നില്ലെന്ന തരത്തില്‍ രാഹുല്‍ നടത്തിയ പരാമര്‍ശത്തിനെതിരെയാണ് ബി ജെ പി നേതാക്കള്‍ രംഗത്തെത്തിയത്. ലണ്ടനിലെ ഒരു പൊതുപരിപാടിക്കിടെ ഇന്ത്യയിലെ ജനാധിപത്യം കടുത്ത വെല്ലുവിളി നേരിടുന്നുവെന്നും ഇന്ത്യയിലെ ഭരണസംവിധാനങ്ങള്‍ അട്ടിമറിക്കപ്പെടുന്നുവെന്നുമാണ് രാഹുല്‍ പറഞ്ഞത്.
ഇതിന് പിന്നാലെ രാഹുല്‍ ഗാന്ധിയെ പാര്‍ലമെന്റില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യാനുള്ള നീക്കം ബി ജെ പി നടത്തിയിരുന്നു. ഇതിന്റെ ഭാഗമായി രാഹുലിന്റെ ലോക്‌സഭ അംഗത്വം റദ്ദാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാന്‍ കമ്മിറ്റി രൂപീകരിക്കണമെന്നാവശ്യപ്പെട്ട് ബി ജെ പി എം പി നിഷികാന്ത് ദുബെ ലോക്‌സഭ സ്പീക്കര്‍ക്ക് കത്ത് നല്‍കിയിരുന്നു.
അതേസമയം, മോദി സമുദായത്തെ അപകീര്‍ത്തിപ്പെടുത്തിയെന്ന് ആരോപിച്ച് കേസില്‍ രാഹുല്‍ ഗാന്ധിക്ക് കോടതി രണ്ട് വര്‍ഷത്തെ തടവ് ശിക്ഷയാണ് വിധിച്ചത്. ഐ പി സി 499, 500 എന്നീ വകുപ്പുകള്‍ പ്രകാരമാണ് രാഹുല്‍ കുറ്റക്കാരനാണെന്ന് കോടതി വിധിച്ചത്. തുടര്‍ന്ന് ജാമ്യം അനുവദിക്കുകയും ചെയ്തിരുന്നു. അപ്പീല്‍ നല്‍കുന്നതിന് 30 ദിവസത്തേക്ക് ശിക്ഷ നടപ്പാക്കുന്നത് മരവിപ്പിക്കുകയും ചെയ്തു. രണ്ട് വര്‍ഷത്തെ ശിക്ഷ ശരിവച്ചാല്‍ രാഹുല്‍ ഗാന്ധി ലോക്‌സഭയില്‍ നിന്ന് അയോഗ്യമാകും. വിധി പറയുമ്പോള്‍ രാഹുല്‍ ഗാന്ധി കോടതിയില്‍ ഉണ്ടായിരുന്നു.
2019 ഏപ്രിന്‍ 13ന് ആയിരുന്നു രാഹുല്‍ ഈ പ്രസംഗം നടത്തിയത്. നീരവ് മോദി, ലളിത് മോദി , നരേന്ദ്ര മോദി... ഇവരുടെ എല്ലാവരുടെ പേരിലും എങ്ങനെ മോദി എന്ന് വന്നു. എല്ലാ കള്ളന്മാരുടെയും പേരിനൊപ്പം മോദി എന്നുണ്ടല്ലോ എന്ന് രാഹുല്‍ പറഞ്ഞത്. ഈ പരാമര്‍ശം മോദി സമുദായത്തില്‍പ്പെടുന്നവര്‍ക്ക് അപകീര്‍ത്തികരമാണെന്ന് പറഞ്ഞായിരുന്നു കേസ്. സൂറത്ത് എം എല്‍ എ പൂര്‍ണേഷ് മോദിയാണ് കോടതിയെ സമീപിച്ചത്.












Click it and Unblock the Notifications