കോണ്‍ഗ്രസ് ബിജെപി എംഎല്‍എമാര്‍ക്ക് പണവും അധികാരവും വാഗ്ദാനം ചെയ്തെന്ന് കമല്‍നാഥ്
ദില്ലി: പണവും അധികാരവും നല്‍കാമെന്ന വാഗ്ദാനവുമായി നിരവധി ഫോണ്‍ കോളുകള്‍ തന്റെ എംഎല്‍എമാര്‍ക്ക് വരുന്നെന്ന അവകാശവാദവുമായി മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥ്. എംഎല്‍എമാര്‍ തന്നെയാണ് ഇക്കാര്യം തന്നോട് നേരിട്ട് പറഞ്ഞതെന്നും തന്റെ പാര്‍ട്ടിയിലെ എംഎല്‍എമാരില്‍ തനിക്ക് പൂര്‍ണ വിശ്വാസമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ചിരി നഷ്ടപ്പെട്ട് രാഹുൽ ഗാന്ധി, ലണ്ടനിലേക്ക് രണ്ട് ദിവസത്തെ യാത്ര, അവസാന നിമിഷം റദ്ദാക്കപ്പെട്ടു!
മധ്യപ്രദേശിലെ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള സര്‍ക്കാര്‍ സംസ്ഥാനത്ത് ന്യൂനപക്ഷമാണെന്നും ഒരു വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്നും ബിജെപി ആവശ്യപ്പെട്ടതിന് തൊട്ടുപിന്നാലെയാണ് കമല്‍നാഥിന്റെ പ്രസ്താവന. ഭാരതീയ ജനതാപാര്‍ട്ടി ഒരു വന്‍ ഭൂരിപക്ഷത്തോടെ ജയിക്കുമെന്നാണ് എക്സിറ്റ് പോള്‍ പ്രവചനങ്ങള്‍. ഇന്ത്യ ടുഡേ-അക്സീസ് മൈ ഇന്‍ഡ്യന്‍ എക്സിറ്റ് പോള്‍ പ്രകാരം 2019 ലെ ലോക്സഭ തിരഞ്ഞെടുപ്പില്‍ ബി ജെ പി നേതൃത്വത്തിലുള്ള എന്‍ഡിഎ സര്‍ക്കാര്‍ 542 ലോക്സഭ സീറ്റുകളില്‍ 339-365 ല്‍ കൂടുതല്‍ ഭൂരിപക്ഷം നേടുമെന്ന് പ്രവചിക്കുന്നു.
മധ്യപ്രദേശിന്റെ കാര്യമെടുത്താല്‍ വന്‍ അട്ടിമറിയാണ് പ്രവചനങ്ങള്‍ സൂചിപ്പിക്കുന്നത്. ബിജെപിക്ക് 26 മുതല്‍ 28 വരെ സീറ്റുകളും കോണ്‍ഗ്രസിന് 1 മുതല്‍ 3 വരെയുള്ള സീറ്റുകളും മാത്രമേ ലഭിക്കുകയുള്ളൂവെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. 2014 ലെ ലോക്സഭ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് 26 സീറ്റും കോണ്‍ഗ്രസിന് 3 സീറ്റും ലഭിച്ചു.
അതേസമയം കമല്‍നാഥ് സര്‍ക്കാരിനോട് നിയമസഭയില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ ബിജെപി ആവശ്യപ്പെട്ടിരുന്നു. വിശ്വാസ വോട്ടെടുപ്പിന് തയ്യാറാണെന്ന് മുഖ്യമന്ത്രി അറിയിച്ചു. കഴിഞ്ഞ അഞ്ച് മാസത്തിനിടയില്‍ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള സര്‍ക്കാര്‍ നാലു തവണ ഭൂരിപക്ഷം തെളിയിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സംസ്ഥാനത്ത് കോണ്‍ഗ്രസ് അധികാരത്തില്‍ വന്നത് മുതല്‍ മധ്യപ്രദേശ് സര്‍ക്കാരിനെ തകര്‍ക്കാന്‍ ബിജെപി ശ്രമിക്കുന്നതായും അദ്ദേഹം ആരോപിച്ചു. അധികാരത്തിലേറി ഒന്നാം ദിവസം മുതല്‍ അവര്‍ ഇതിന് ശ്രമിച്ചു കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ അഞ്ചുമാസത്തിനുള്ളില്‍ ഞങ്ങള്‍ നാലു തവണ ഭൂരിപക്ഷം തെളിയിച്ചിട്ടുണ്ട്, അവര്‍ വീണ്ടും വീണ്ടും ചെയ്യാന്‍ ആഗ്രഹിക്കുന്നു, ഞങ്ങള്‍ക്ക് യാതൊരു പ്രശ്നവുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.