രാഹുല്‍ ഗാന്ധി വയനാട്ടിലേക്ക്; എംപി സ്ഥാനം തിരിച്ചുകിട്ടിയ ശേഷമുള്ള ആദ്യ സന്ദര്‍ശനം
ന്യൂദല്‍ഹി: മോദി പരാമര്‍ശത്തില്‍ സൂറത്ത് കോടതിയുടെ ശിക്ഷാ വിധി സുപ്രീംകോടതി സ്‌റ്റേ ചെയ്തതിന് പിന്നാലെ രാഹുല്‍ ഗാന്ധി സ്വന്തം മണ്ഡലമായ വയനാട്ടിലേക്ക്. ശിക്ഷ സ്‌റ്റേ ചെയ്തതോടെ രാഹുല്‍ ഗാന്ധിയുടെ എം പി സ്ഥാനത്തെ അയോഗ്യത നീങ്ങിയിരുന്നു. ഇതിന് പിന്നാലെ ലോക്‌സഭയുടെ വര്‍ഷകാല സമ്മേളനത്തില്‍ രാഹുല്‍ ഗാന്ധി ഇന്നലെ മുതല്‍ പങ്കെടുക്കുന്നുണ്ട്.
ഇതിന് പിന്നാലെയാണ് വയനാട് സന്ദര്‍ശനവും ക്രമീകരിച്ചിരിക്കുന്നത്. എ ഐ സി സി സംഘടനാകാര്യ ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. രാഹുലിന്റെ പാര്‍ലമെന്റ് അംഗത്വം പുനസ്ഥാപിച്ചതിന് ശേഷമുള്ള ആദ്യ മണ്ഡലം സന്ദര്‍ശനമാണിത്. ഓഗസ്റ്റ് 12, 13 തീയതികളില്‍ രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായാണ് രാഹുല്‍ ഗാന്ധി എത്തുന്നത്.

'ഒാഗസ്റ്റ് 12, 13 തീയതികളില്‍ രാഹുല്‍ ഗാന്ധി തന്റെ മണ്ഡലമായ വയനാട്ടില്‍ ഉണ്ടാകും. ജനാധിപത്യം വിജയിച്ചതില്‍ വയനാട്ടിലെ ജനങ്ങള്‍ ആഹ്ലാദിക്കുന്നു, അവരുടെ ശബ്ദം പാര്‍ലമെന്റിലേക്ക് തിരിച്ചെത്തി. രാഹുല്‍ വെറുമൊരു എം പി മാത്രമല്ല, അവരുടെ കുടുംബാംഗവുമാണ്!', എന്നാണ് രാജ്യസഭാംഗവും കോണ്‍ഗ്രസ് നേതാവുമായ കെ സി വേണുഗോപാല്‍ ട്വിറ്ററില്‍ കുറിച്ചത്.
നേരത്തെ അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കാന്‍ രാഹുല്‍ ഗാന്ധി കേരളത്തില്‍ എത്തിയിരുന്നു. 2019-ലെ മാനനഷ്ടക്കേസില്‍ 'മോദി കുടുംബപ്പേര്' പരാമര്‍ശം നടത്തിയത് സംബന്ധിച്ച കേസില്‍ സുപ്രീം കോടതി ശിക്ഷ വിധി സ്റ്റേ ചെയ്തത് കഴിഞ്ഞ ആഴ്ചയാണ്. എന്നാല്‍ ഇന്നലെ രാവിലെ 11 മണിയോടെയാണ് രാഹുലിന്റെ എം പി സ്ഥാനം പുനസ്ഥാപിച്ചത്.
രാഹുല്‍ ഗാന്ധിയെ എം പി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കിയ നടപടി പിന്‍വലിച്ച് ലോക്സഭാ സെക്രട്ടേറിയറ്റ് വിജ്ഞാപനം പുറപ്പെടുവിക്കുകയായിരുന്നു. രാഹുല്‍ എം പി സ്ഥാനം നഷ്ടപ്പെട്ടതിന് പിന്നാലെ പ്രിയങ്ക ഗാന്ധിക്കൊപ്പം വയനാട്ടില്‍ റോഡ് ഷോ നടത്തിയിരുന്നു. വലിയ ജനപിന്തുണയാണ് രാഹുലിന് വയനാട്ടില്‍ ലഭിച്ചത്. അതേസമയം പാര്‍ലമെന്റ് അംഗത്വം പുനഃസ്ഥാപിച്ചതിന് ശേഷം പാര്‍ലമെന്റില്‍ എത്തിയ രാഹുലിന് പ്രതിപക്ഷ എംപിമാരില്‍ നിന്ന് വന്‍ സ്വീകരണമാണ് ലഭിച്ചത്.
മഹാത്മാഗാന്ധിയുടെ പ്രതിമയ്ക്ക് മുന്നില്‍ എത്തി ആദരമര്‍പ്പിച്ച ശേഷമാണ് രാഹുല്‍ ഗാന്ധി പാര്‍ലമെന്റിലേക്ക് എത്തിയത്. രാഹുല്‍ ഗാന്ധിയുടെ പാര്‍ലമെന്റ് അംഗത്വം പുനഃസ്ഥാപിക്കാനുള്ള തീരുമാനത്തെ സ്വാഗതാര്‍ഹമായ നടപടിയെന്നാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ വിശേഷിപ്പിച്ചത്. മാര്‍ച്ച് 23 ന് ആണ് രാഹുല്‍ ഗാന്ധിയെ എം പി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കിയത്.












Click it and Unblock the Notifications