സിദ്ധരാമയ്യയ്ക്ക് കനത്ത തിരിച്ചടി; വിചാരണയ്ക്ക് അനുമതി നല്‍കിയ ഗവര്‍ണറുടെ നടപടി ശരിയെന്ന് ഹൈക്കോടതി
ബെംഗളൂരു: മൈസൂര്‍ അര്‍ബന്‍ ഡെവലപ്മെന്റ് അതോറിറ്റി (മുഡ) ഭൂമിയിടപാട് കേസില്‍ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്ക് കനത്ത തിരിച്ചടി. സിദ്ധരാമയ്യയെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി നല്‍കിയ ഗവര്‍ണറുടെ നടപടി ബെംഗളൂരു ഹൈക്കോടതി ശരിവെച്ചു. തനിക്കെതിരായ അന്വേഷണത്തിന് ഗവര്‍ണര്‍ താവര്‍ചന്ദ് ഗെഹ്ലോട്ട് അനുമതി നല്‍കിയതിലെ നിയമസാധുത ചോദ്യം ചെയ്ത സിദ്ധരാമയ്യയുടെ ഹര്‍ജി ഹൈക്കോടതി തള്ളി.
ജസ്റ്റിസ് എം നാഗപ്രസന്ന അധ്യക്ഷനായ സിംഗിള്‍ ജഡ്ജി ബെഞ്ചാണ് കേസില്‍ വിധി പ്രസ്താവിച്ചത്. അഴിമതി നിരോധന നിയമത്തിലെ സെക്ഷന്‍ 17 എ പ്രകാരം അനുമതി തേടേണ്ടത് പരാതിക്കാരന്റെ കടമയാണെന്നും ഗവര്‍ണര്‍ക്ക് സ്വതന്ത്രമായ തീരുമാനങ്ങള്‍ എടുക്കാമെന്നും ബെഞ്ച് പറഞ്ഞു. ഹര്‍ജിയില്‍ പറഞ്ഞിരിക്കുന്ന വസ്തുതകള്‍ അന്വേഷിക്കേണ്ടതുണ്ട് എന്നും ഹൈക്കോടതി പറഞ്ഞു.

ഗവര്‍ണറുടേത് തിടുക്കപ്പെട്ടുള്ള ഉത്തരവല്ലെന്നും കോടതി പറഞ്ഞു. അതേസമയം വിധി രണ്ടാഴ്ചത്തേക്ക് സ്‌റ്റേ ചെയ്യണം എന്ന സിദ്ധരാമയ്യയ്ക്ക് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ അഭിഷേക് മനു സിംഗ്വിയുടെ അപേക്ഷ കോടതി തള്ളിക്കളഞ്ഞു. സെപ്തംബര്‍ 12 ന് എല്ലാ ഹിയറിംഗുകളും അവസാനിപ്പിച്ച ശേഷം, കേസില്‍ വിധി പറയാന്‍ ഹൈക്കോടതി ഇന്നത്തേക്ക് മാറ്റുകയായിരുന്നു.
അതേസമയം ഹൈക്കോടതി വിധി മാനിക്കുന്നു എന്നും എന്നാല്‍ ഡിവിഷന്‍ ബെഞ്ചിലും മറ്റ് ബെഞ്ചിലും സുപ്രീം കോടതിയിലും വിധിയെ ചോദ്യം ചെയ്യും എന്നും കര്‍ണാടക മന്ത്രി രാമലിംഗ റെഡ്ഡി പറഞ്ഞു. അതേസമയം ഹൈക്കോടതി നടപടി തങ്ങളെ സംബന്ധിച്ച് വിജയമാണ് എന്ന് ഹര്‍ജിക്കാരില്‍ ഒരാളായ ആക്ടിവിസ്റ്റ് സ്‌നേഹമയി കൃഷ്ണ പറഞ്ഞു. നീതിക്കുവേണ്ടിയുള്ള പോരാട്ടം തുടരും എന്നും അവര്‍ പറഞ്ഞു.
സിദ്ധരാമയ്യയുടെ ഭാര്യ പാര്‍വതിക്ക് 'മുഡ' മൈസൂരുവില്‍ 14 പാര്‍പ്പിടസ്ഥലങ്ങള്‍ അനുവദിച്ച് നല്‍കിയതില്‍ ക്രമക്കേടുണ്ടായി എന്നതാണ് പരാതി. ഭാര്യാസഹോദരന്‍ മല്ലികാര്‍ജുന്‍ പാര്‍വതിക്ക് നല്‍കിയ 3.16 ഏക്കര്‍ ഭൂമി മുഡ ഏറ്റെടുക്കുകയും പകരം മൈസൂരുവിലെ വിലയേറിയ സ്ഥലത്ത് പാര്‍പ്പിടസ്ഥലങ്ങള്‍ നല്‍കി എന്നുമാണ് പരാതിയില്‍ പറയുന്നത്. 2014-ല്‍ സിദ്ധരാമയ്യ മുഖ്യമന്ത്രിയായിരിക്കെയായിരുന്നു പാര്‍വതി 'മുഡ'യില്‍ അപേക്ഷ നല്‍കിയത്.
2022 ജനുവരി അഞ്ചിന് സ്ഥലങ്ങള്‍ കൈമാറുകയും ചെയ്തു. സിദ്ധരാമയ്യയുടെ സ്വാധീനമുപയോഗിച്ചാണ് ഇവ നേടിയതെന്നും സര്‍ക്കാര്‍ ഖജനാവിന് ഇതുവഴി 55.8 കോടി രൂപയുടെ നഷ്ടമുണ്ടായി എന്നുമാണ് പരാതിയില്‍ പറയുന്നത്. ഇതേതുടര്‍ന്ന് സിദ്ധരാമയ്യയെ വിചാരണ ചെയ്യാന്‍ ഗവര്‍ണര്‍ അനുമതി നല്‍കിയിരുന്നു. ഇത് ചോദ്യം ചെയ്ത് കൊണ്ടായിരുന്നു സിദ്ധരാമയ്യ കോടതിയെ സമീപിച്ചത്.












Click it and Unblock the Notifications