പ്ലാറ്റിനം ജൂബിലി; വാടകയ്ക്കെടുത്ത ട്രെയിനിൽ ലീഗ് പ്രവർത്തകർ ചെന്നൈ സമ്മേളന നഗരിയിലേക്ക്, ചെലവ് 60 ലക്ഷം
വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് രണ്ടായിരത്തോളം പ്രതിനിധികളാണ് പരിപാടിയിൽ പങ്കെടുക്കുക. കേരളത്തില്‍ നിന്ന് 700 പ്രതിനിധികളുണ്ടാകും

കോഴിക്കോട്: ചെന്നൈയിൽ നടക്കുന്ന പ്ലാറ്റിനം ജൂബിലി ആഘോഷത്തിന്‍റെ സമ്മേളന നഗരിയിലേക്ക് പ്രവര്‍ത്തകരെ എത്തിക്കാൻ ട്രെയിൻ വാടകയ്ക്കെടുത്ത് മുസ്‌ലിം ലീഗ്. 60 ലക്ഷത്തോളം രൂപ മുടക്കി മംഗളൂരുവില്‍ നിന്നും ചെന്നൈയിലേക്കാണ് പ്രത്യേക ചാര്‍ട്ടേഡ് ട്രെയിൻ വാടകയ്ക്കെടുത്തിരിക്കുന്നത്.
17 സ്ലീപ്പർ കോച്ച്, മൂന്ന് എസി കോച്ച്, 24 പ്രവർത്തകരെ വീതം ഉൾക്കൊള്ളുന്ന രണ്ട് പ്രത്യേക കോച്ചുകൾ എന്നിങ്ങനെയാണ് ഈ ചാർട്ടേഡ് ട്രെയിനില്‍ ഉള്ളത്. മംഗളൂരു സെൻട്രൽ റെയിൽവേ സ്റ്റേഷനിൽനിന്ന് വ്യാഴാഴ്ച ഉച്ചയോടെയാകും ട്രെയിൻ പുറപ്പെടുക. 1416 പ്രവർത്തകർക്ക് ട്രെയിനിൽ യാത്ര ചെയ്യും.
വെള്ളിയാഴ്ച രാവിലെയോടെ ട്രെയിൻ ചെന്നൈ എഗ്മോറിലെത്തും. സമ്മേളന നഗരിയിലേക്ക് പോകാൻ തമിഴ്നാട് സർക്കാരിന്റെ 30 ബസുകളും വാടകയ്ക്കെടുത്തിട്ടുണ്ട്. സമ്മേളനവും പൊതുപരിപാടിയും കഴിഞ്ഞ് വെള്ളിയാഴ്ച രാത്രി 11-ന് ഇതേ ചാര്‍ട്ടേഡ് ട്രെയിൻ തിരിച്ച് പ്രവർത്തകരുമായി മംഗളൂരുവിലേക്ക് പുറപ്പെടും.
വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് രണ്ടായിരത്തോളം പ്രതിനിധികളാണ് പരിപാടിയിൽ പങ്കെടുക്കുക. കേരളത്തില്‍ നിന്ന് 700 പ്രതിനിധികളുണ്ടാകും. ദേശീയ ഭാരവാഹികള്‍, സംസ്ഥാന പ്രവര്‍ത്തക സമിതി അംഗങ്ങള്‍ ജനപ്രതിനിധികള്‍ നിയോജകമണ്ഡലം പ്രസിഡന്‍റുമാര്‍ സെക്രട്ടറിമാര്‍ തുടങ്ങിയവരും പരിപാടിയിൽ പങ്കെടുക്കും.
അതേസമയം ഇന്ത്യയിലെ ഏറ്റവും വലിയ ന്യൂനപക്ഷത്തെ മതനിരപേക്ഷ പാതയില്‍ രാഷ്ട്രീയമായി ശക്തിപ്പെടുത്തുകയാണ് പ്ലാറ്റിനം ജൂബിവി കൊണ്ട് ലക്ഷ്യം വെയ്ക്കുന്നതെന്ന് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി എംഎല്‍എ പറഞ്ഞു.മുസ്ലീം ലീഗ് സ്ഥാപക നേതാവ് ഖാഇദെ മില്ലത്തിന്റെ പേരില്‍ ഡല്‍ഹിയില്‍ ആസ്ഥാനം തുടങ്ങുന്നത് അജണ്ടയിലുണ്ട്. വിദ്യാഭ്യാസ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലൂടെ മറ്റു സംസ്ഥാനങ്ങളില്‍ വളരാനുള്ള വലിയ ശ്രമം മുസ്ലീം ലീഗ് നടത്തുന്നുണ്ട്. കെഎംസിസിയുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ രാജ്യത്തെമ്പാടുമുണ്ട്. ഇതെല്ലാം ഏകോപിപ്പിക്കാന്‍ കഴിയുന്ന ഒന്നായാണ് ഡല്‍ഹി കേന്ദ്രത്തെ വിഭാവനം ചെയ്യുന്നതെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.
ഇന്ന് അധികാരം മറ്റ് രീതിയില്‍ പ്രയോഗിക്കപ്പെടുമ്പോള്‍ സന്നദ്ധ സംഘടനകള്‍ക്കും ഭീഷണികളുണ്ടെന്നും ന്യൂനപക്ഷങ്ങള്‍ക്കാണ് കഷ്ടപ്പാടുകളെന്നും നാളെയെക്കുറിച്ചുള്ള ആശങ്ക നിഷേധിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. മുന്നണി മാറ്റത്തെക്കുറിച്ച് ലീഗ് ആലോചിക്കുന്നില്ലെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേർത്തു.












Click it and Unblock the Notifications