ബിജെപിക്ക് കഴിയാത്തത് സുമലതയ്ക്ക് സാധിക്കുമോ? ജെഡിസ് കോട്ട പൊളിക്കാന്‍ താരം മാണ്ഡ്യയിലിറങ്ങും
ബംഗളൂരു: കർണാടക നിയമസഭ തിരഞ്ഞെടുപ്പില്‍ ഏത് വിധേനയും ഭരണം പിടിച്ചെടുക്കാനുള്ള ശ്രമത്തിലാണ് ബി ജെ പി. ഇതിനായി ശക്തി കേന്ദ്രങ്ങള്‍ക്ക് പുറമെ തെക്കൻ കർണാടക മേഖല, പ്രത്യേകിച്ച് ജെഡി (എസ്) കോട്ടയായി കണക്കാക്കപ്പെടുന്ന മാണ്ഡ്യ ജില്ലയില്‍ ഉള്‍പ്പടെ സീറ്റുകള്‍ വർധിപ്പിക്കാനാണ് ബി ജെ പിയുടെ പദ്ധതി. ഇതിന്റെ ഭാഗമായാണ് വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി എംപി സുമലത അംബരീഷിനെ സംസ്ഥാന രാഷ്ട്രീയത്തിലേക്ക് കൊണ്ടുവരാൻ ബി ജെ പി ആലോചിക്കുന്നത്. നിയമസഭ തിരഞ്ഞെടുപ്പില്‍ ഇവരെ മത്സരിപ്പിക്കാനാണ് ബി ജെ പിയുടെ ശ്രമം.
മാണ്ഡ്യ നിയമസഭാ സീറ്റിൽ നിന്ന് നടിയെ മത്സരിപ്പിക്കാൻ പാർട്ടി ആലോചിക്കുന്നതായാണ് ബി ജെ പി നേതാക്കള്‍ സൂചിപ്പിക്കുന്നത്. മെയ് 10 ന് നടക്കുന്ന തിരഞ്ഞെടുപ്പിൽ മത്സരിക്കുക മാത്രമല്ല, ജില്ലയിലെ മറ്റ് ആറ് നിയമസഭാ സീറ്റുകളിൽ സ്റ്റാർ പ്രചാരകയായി പ്രവർത്തിക്കുകയും ചെയ്യും. ഇതോടെ മേഖലയില്‍ നിന്നും കൂടുതല്‍ സീറ്റുകള്‍ നേടാന്‍ സാധിക്കുമെന്നാണ് ബി ജെ പി കണക്ക് കൂട്ടുന്നത്.

ബി ജെ പി പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും മാണ്ഡ്യയില്‍ മേധാവിത്വം സാധിക്കാന്‍ ഇതുവരെ സാധിച്ചിട്ടില്ല. ഈ സാഹചര്യത്തിലാണ് കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പില്‍ ജെ ഡി എസ് കോട്ട പൊളിച്ച സുമലതയെ ബി ജെ പി ഇത്തവണ നിയമസഭയിലേക്ക് ഇറക്കുന്നത്. അടുത്തിടെ ബിജെപിയിൽ ചേർന്ന സുമലത 2019 ലെ പാർലമെന്റ് തിരഞ്ഞെടുപ്പിൽ മാണ്ഡ്യയിൽ നിന്ന് സ്വതന്ത്ര സ്ഥാനാർത്ഥിയായിട്ടായിരുന്നു വിജയിച്ചത്.
2019ലെ തെരഞ്ഞെടുപ്പിൽ ബി ജെ പി പിന്തുണയോടെ മത്സരിച്ച സമുലത മുൻ മുഖ്യമന്ത്രി എച്ച്‌ഡിയുടെ മകൻ നിഖിൽ കുമാരസ്വാമിയെയായിരുന്നു പരാജയപ്പെടുത്തിയത്. അന്തരിച്ച കന്നട സൂപ്പർസ്റ്റാറും കോണ്‍ഗ്രസ് നേതാവുമായ അംബരീഷിന്റെ വിധവയാണ് സുമലത, സീറ്റിനായി സുമലത കോണ്‍ഗ്രസിനെ സമീപിച്ചിരുന്നെങ്കിലും സഖ്യധാരണ പ്രകാരം സീറ്റ് കോണ്‍ഗ്രസ് ജെ ഡി എസിന് നല്‍കുകയായിരുന്നു.

വൊക്കലിഗ സമുദായത്തിന്റെ പ്രതീകമായും സുമലതയെ കണക്കാക്കുന്നുണ്ട്. മൂന്ന് പതിറ്റാണ്ടോളം രാഷ്ട്രീയ ജീവിതം നയിച്ചിരുന്ന അംബരീഷിന് നിരവധി ആരാധകർ മേഖലയില്‍ നിന്നുണ്ട്. സുമലതയെ രംഗത്ത് ഇറക്കുന്നതോടെ ഈ പിന്തുണയും ബി ജെ പിക്ക് ലഭിക്കുമെന്നാണ് പ്രതീക്ഷ. 57 നിയമസഭാ സീറ്റുകളുള്ള ദക്ഷിണ കർണാടക മേഖലയിൽ മുന്നേറ്റം നടത്താനാണ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ തീരുമാനം.
മികച്ച പ്രവർത്തനം കാഴ്ചവെച്ചാല്‍ ഇവിടെ നിന്നും ഇവിടെ നിന്ന് 20ൽ അധികം സീറ്റുകൾ നേടാനാകുമെന്ന പ്രതീക്ഷയിലാണ് ബിജെപി. മാണ്ഡ്യ, ഹാസൻ ജില്ലകളിൽ ഏഴ് വീതം സീറ്റുകളാണുള്ളത്. ഈ ജില്ലകളിൽ കഴിഞ്ഞ തവണ ബി ജെ പി ഓരോ സീറ്റുകള്‍ നേടിയപ്പോൾ ബാക്കിയുള്ള സീറ്റുകൾ ജെഡിഎസ് സ്വന്തമാക്കി. ജെഡി (എസ്) പാർട്ടിയുടെ പ്രധാന ശക്തി ഈ ജില്ലകളിൽ നിന്നാണ്.
സുമലതയുടെ വരവ് തെക്കൻ ജില്ലകളിലെ കണക്കുകൂട്ടലുകൾ മാറ്റിമറിച്ചേക്കുമെന്നാണ് വിലയിരുത്തല്‍. എംപിയുടെ പ്രചാരണം ശക്തമാക്കുന്നത് വൊക്കലിഗ വോട്ട് ബാങ്ക് ഉറപ്പിക്കുന്നതിനും സഹായകമാകും. കുമാരസ്വാമിക്കും കോൺഗ്രസ് അധ്യക്ഷൻ ശിവകുമാറിനുമെതിരെ വൊക്കലിഗയുടെ മുഖമായി അവരെ അവതരിപ്പിക്കാനാണ് ബി ജെ പി ആലോചിക്കുന്നത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ താന്‍ വിശ്വസിക്കുന്നുവെന്ന് വ്യക്തമാക്കിക്കൊണ്ടായിരുന്നു സുമലത ബി ജെ പിക്കുള്ള പിന്തുണ പ്രഖ്യാപിച്ചത്. 200-ലധികം തമിഴ്, തെലുങ്ക്, കന്നഡ സിനിമകളിൽ അഭിനയിച്ചിട്ടുള്ള സ്വതന്ത്ര ലോക്‌സഭാ എംപി, സാങ്കേതിക കാരണങ്ങളാൽ തനിക്ക് ബിജെപിയിൽ ചേരാൻ കഴിയില്ലെന്നും എന്നാൽ പാർട്ടിയെ പിന്തുണയ്ക്കുമെന്നും പറഞ്ഞു.












Click it and Unblock the Notifications