'ഭർത്താവ് മുസ്ലീമല്ല എന്ന് പറഞ്ഞാണ് കൊലപ്പെടുത്തിയത്, ഞങ്ങൾ ഭേൽപുരി കഴിക്കുകയായിരുന്നു'
ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ വിനോദ സഞ്ചാരികള്‍ക്കുനേരെയുണ്ടായ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 25 ആയി. എന്നാൽ ഇവരുടെ പേരുവിവരങ്ങൾ ലഭിച്ചിട്ടില്ല. കൊല്ലപ്പെട്ടവരിൽ വിദേശികളും ഉണ്ടെന്നാണ് സൂചന. അതിദാരുണമായ ആക്രമണമാണ് വിനോദസഞ്ചാരികൾക്ക് നേരെ ഉണ്ടായത്. ആക്രമണിത്തിനിടയിൽ സഹായം അഭ്യർത്ഥിക്കുന്ന വിനോദസഞ്ചാരികളുടെ ദൃശ്യങ്ങൾ പുറത്തുവന്നു.
ഭക്ഷണം കഴിക്കുന്നതിനിടയിലാണ് തന്റെ ഭർത്താവിനെ ഭീകരർ കൊലപ്പെടുത്തിയതെന്ന് കൊല്ലപ്പെട്ടവരിൽ ഒരാളുടെ ഭാര്യയെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 'ഞങ്ങൾ ഭേൽപുരി കഴിക്കുകയായിരുന്നു. ഇതിനിടയിലാണ് ഭർത്താവിനെ ഭീകരർ കൊലപ്പെടുത്തിയത്. എന്റെ ഭർത്താവ് മുസ്ലീം അല്ല അതിനാലാണ് കൊലപ്പെടുത്തുന്നത് എന്നാണ് പറഞ്ഞത്', അവർ പറഞ്ഞു.

മോദിയോട് പോയി പറയൂ എന്ന് ആക്രോശിച്ചുകൊണ്ടാണ് ഭീകരർ തന്റെ ഭർത്താവിന് നേരെ വെടിയുതിർത്തതെന്ന് കൊല്ലപ്പെട്ട കർണാടക സ്വദേശിയായ മഞ്ജുനാഥ് റാവുവിന്റെ ഭാര്യ പല്ലവി വെളിപ്പെടുത്തി. ' ഞാനും ഭർത്താവും മകനുമാണ് കാശ്മീരിലേക്ക് പോയത്. ഉച്ചയ്ക്ക് 1.30 ഓടെയാണ് ആക്രമണം ഉണ്ടായത്. ഞങ്ങൾ പഹൽഗാമിലായിരുന്നു. അദ്ദേഹം സംഭവസ്ഥലത്ത് തന്നെ എന്റെ കൺമുന്നിൽ മരിച്ചു, ഒരു ദുസ്വപ്നം പോലെയാണ് തോന്നുന്നത്', കരച്ചിലടക്കാനാവാതെ പവിത്ര പറഞ്ഞു.
പ്രാദേശികരായ ആളുകളാണ് രക്ഷയ്ക്കെത്തിയത്. അവരാണ് എന്നെ രക്ഷിച്ചത്. ഹിന്ദുക്കളെയാണ് അവർ ആക്രമിച്ചത്. 'മൂന്നോ നാലോ പേരാണ് ഞങ്ങളെ ആക്രമിച്ചത്. എന്റെ ഭർത്താവിനെ കൊന്നൂ, എന്നേയും കൊല്ലൂവെന്ന് ഞാൻ അയാളോട് പറഞ്ഞു. എന്നാൽ നിന്നെ കൊല്ലില്ല നീ ഇത് പോയി മോദിയോട് പറയൂവെന്നാണ് അയാൾ ആക്രോശിച്ചത്', പവിത്ര വെളിപ്പെടുത്തി. എന്റെ ഭർത്താവിന്റെ മൃതദേഹം എത്രയും പെട്ടെന്ന് നാട്ടിലെത്തിക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്നും അവർ അഭ്യർത്ഥിച്ചു.
അതേസമയം കാശ്മീരിലേക്ക് കർണാടകയിൽ നിന്നുള്ള സംഘത്തെ അയച്ചതായി മുഖ്യമന്ത്രി സിദ്ധരാമയ്യ അറിയിച്ചു. ' മരിച്ചവരിൽ കന്നഡിഗരും ഉണ്ട്. വിവരം അറിഞ്ഞ ഉടൻ തന്നെ സാഹചര്യം വിലയിരുത്താൻ ഉന്നത തലയോഗം വിളിച്ച് ചേർത്തു. ചീഫ് സെക്രട്ടറിയും ഉന്നത പോലീസ് ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു. റെസിഡന്റ് കമ്മീഷ്ണറുമായും ബന്ധപ്പെട്ടിട്ടുണ്ട്. ആവശ്യമായ എല്ലാ സഹായങ്ങളും നൽകു. ബാധിക്കപ്പെട്ടവർക്കൊപ്പം തന്നെ സർക്കാരുണ്ട്', സിദ്ധരാമയ്യ പറഞ്ഞു.
ഉച്ചയോടെയാണ് പഹൽഗാമിലെ ബൈസാരൻ താഴ്വരയിലുണ്ടായിരുന്ന വിനോദസഞ്ചാരികൾക്ക് നേരെ ഭീകരാക്രമണം ഉണ്ടായത്. ഇവിടെ ട്രക്കിങ്ങിന് എത്തിയ വിനോദസഞ്ചാരികളെയാണ് ഭീകരർ ആക്രമിച്ചത്. കാടിനുള്ളിൽ ഒളിച്ചിരിക്കുകയായിരുന്ന ഭീകരർ ഓടിവന്ന് തുടരെ തുടരെ വെടിയുതിർക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. സംഘത്തിൽ ഏഴോളം പേർ ഉണ്ടായിരുന്നുവെന്നാണ് സൂചന. ഇവർ സൈനിക വേഷത്തിലാണ് എത്തിയതെന്നാണ് സഞ്ചാരികൾ പറയുന്നത്.
തമിഴ്നാട്, ഒഡീഷ, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുള്ളവർ ട്രക്കിങ് സംഘത്തിൽ ഉണ്ടായിരുന്നുവെന്നാണ് വിവരം. മരിച്ചവരുടെ വിരവരങ്ങൾ തയ്യാറാക്കുകയാണ് ജില്ലാ ഭരണകുടം അറിയിച്ചു. ഇനിയും മരണസംഖ്യ ഉയരാനുള്ള സാധ്യതയുണ്ടെന്ന് മുഖ്യമന്ത്രി ഒമർ അബ്ദുള്ള പറഞ്ഞു. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്.
പരിക്കേറ്റ പതിമൂന്ന് പേരെ തെക്കൻ കശ്മീരിലെ സർക്കാർ ആശുപത്രികളിൽ പ്രവേശിപ്പിച്ചതായി ജമ്മുകാശ്മീർ ആരോഗ്യമന്ത്രി അറിയിച്ചു. നാല് പേർ അനന്ത്നഗറിലെ ആശുപത്രിയിലാണ്. ഗുരുതരമായി പരിക്കേറ്റ ഒരാളെ ശ്രീനഗറിലേക്ക് മാറ്റിയിട്ടുണ്ട്. നിസരാമായി പരിക്കേറ്റവരെ ഡിസ്ചാർജ് ചെയ്തതായും ആരോഗ്യമന്ത്രി അറിയിച്ചു.
അതേസമയം ഭീകരർക്കായി സൈന്യം തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്. ജമ്മു കാശ്മീർ പോലീസ് സേനയും സംഘത്തിലുണ്ട്. ഭീകരെ വെറുതെ വിടില്ലെന്നും ശക്തമായ നടപടി സ്വീകരിക്കുമെന്നും പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും അറിയിച്ചു. സാഹചര്യങ്ങൾ വിലയിരുത്താനായി ആഭ്യന്തര മന്ത്രി അമിത് ഷാ ശ്രീനഗറിലേക്ക് പുറപ്പെട്ടിട്ടുണ്ട്. രാത്രിയോടെ അദ്ദേഹം അവിടെയെത്തും.












Click it and Unblock the Notifications