21 സൈനികര്‍ക്കെതിരെ കേസ്; വെടിവച്ചത് കൊല്ലാന്‍ തന്നെ എന്ന് പോലീസ്, നാഗാലാന്റില്‍ ബന്ദ്
കൊഹിമ: ഗ്രാമീണരെ കൊലപ്പെടുത്തിയ സംഭവത്തില്‍ 21 സൈനികര്‍ക്കെതിരെ നാഗാലാന്റ് പോലീസ് കേസെടുത്തു. കൊലപ്പെടുത്തുക എന്ന ഉദ്ദേശത്തോടെ തന്നെയാണ് വെടിയുതിര്‍ത്തതെന്ന് എഫ്‌ഐആറില്‍ പറയുന്നു. മ്യാന്‍മര്‍ അതിര്‍ത്തിയോട് ചേര്‍ന്ന മോന്‍ ജില്ലയില്‍ ശനിയാഴ്ച വൈകീട്ടാണ് ഗ്രാമീണര്‍ കൊല്ലപ്പെട്ടത്. ജനങ്ങള്‍ ക്ഷുഭിരായതോടെ സംഘഷത്തില്‍ ഒരു സൈനികനും കൊല്ലപ്പെട്ടിരുന്നു. സായുധ സംഘങ്ങളെ കുറിച്ച് വിവരം ലഭിച്ചിരുന്നു എന്നാണ് സൈന്യം പറയുന്നത്. എന്നാല്‍ സൈനികര്‍ പോലീസിന്റെ സഹായം ചോദിച്ചിരുന്നില്ലെന്ന് എഫ്‌ഐആര്‍ ഉദ്ധരിച്ച് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു.
Recommended Video
ശനിയാഴ്ച ഉച്ചയ്ക്ക് ശേഷം 3.30നാണ് കേസിന് ആസ്പദമായ സംഭവമുണ്ടായത്. ഒട്ടിങ് ഗ്രാമത്തിലുള്ളവര്‍ കല്‍ക്കരി ഖനിയിലെ ജോലി കഴിഞ്ഞ് പിക്ക് അപ്പില്‍ മടങ്ങി വരികയായിരുന്നു. ലോങ്കാവോയിലെത്തിയപ്പോഴാണ് സൈനികര്‍ വാഹനത്തിന് നേരെ വെടിവച്ചത്. യാതൊരു പ്രകോപനവുമില്ലാതെയാണ് വെടിയുതിര്‍ത്തതെന്ന് എഫ്‌ഐആറില്‍ പറയുന്നു. പലരും കൊല്ലപ്പെട്ടു. പലര്‍ക്കും പരിക്കേല്‍ക്കുകയും ചെയ്തുവെന്നും എഫ്‌ഐആറില്‍ പറയുന്നു. മോന്‍ ജില്ലയില്‍ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. അഞ്ചില്‍ കൂടുതല്‍ പേര്‍ കൂട്ടം ചേരരുതെന്നാണ് നിര്‍ദേശം. അവശ്യ കാര്യങ്ങള്‍ക്കല്ലാതെ വാഹനങ്ങള്‍ നിരത്തിലിറക്കാന്‍ പാടില്ലെന്നും പോലീസ് അറിയിച്ചു.

അതേസമയം, വെടിയേറ്റ് പരിക്കേറ്റിരുന്ന ഒരാള്‍ കൂടി ഇന്ന് മരിച്ചു. ഇതോടെ കൊല്ലപ്പെട്ട ഗ്രാമീണരുടെ എണ്ണം 14 ആയി. സംസ്ഥാനത്ത് സൈനികര്‍ക്ക് പ്രത്യേക അധികാരം നല്‍കുന്ന അഫ്‌സപ നിയമം റദ്ദാക്കണമെന്ന് വിദ്യാര്‍ഥി സംഘടനകള്‍ ആവശ്യപ്പെട്ടു. നാഗാലാന്റിലെ ഗോത്ര സമൂഹങ്ങള്‍ എല്ലാ ആഘോഷങ്ങളും നിര്‍ത്തിവച്ചിരിക്കുകയാണ്. ഹോണ്‍ബെല്‍ ഉല്‍സവത്തില്‍ നിന്ന് അവര്‍ പിന്മാറിയതോടെ ഉല്‍സവം നിര്‍ത്തിവച്ചു. വിദേശ വിനോദ സഞ്ചാരികള്‍ വരെ എത്തുന്ന ഉല്‍സവമായിരുന്നു ഇത്. നാഗാ സംഘടനയായ എന്‍എസ്എഫ് ആറ് മണിക്കൂര്‍ ബന്ദ് പ്രഖ്യാപിച്ചിട്ടുണ്ട്. ആറ് ദിവസത്തെ ദുഃഖാചരണവും അവര്‍ ആഹ്വാനം ചെയ്തു.
സന്തോഷം നിറച്ച് നൈല ഉഷ; പ്രിയ നടിയുടെ രസകരമായ ചിത്രങ്ങള്‍
കൊല്ലപ്പെട്ടവരുടെ സംസ്‌കാരം ഇന്ന് നടക്കും. മുഖ്യമന്ത്രി നിഫിയു റിയോ പങ്കെടുക്കും. പാര്‍ലമെന്റില്‍ ഇന്ന് നാഗാലാന്റ് വെടിവയ്പ്പ് ചര്‍ച്ചയാക്കുമെന്ന് എംപിമാര്‍ പറഞ്ഞു. ആഭ്യന്തര മന്ത്രി അമിത് ഷാ നാഗാലാന്റ് വെടിവയ്പ് സംബന്ധിച്ച് പാര്‍ലമെന്റില്‍ പ്രസ്താവന നടത്തും. സംഭവത്തെ അപലപിച്ച് രാഹുല്‍ ഗാന്ധി രംഗത്തുവന്നിരുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രാലയം എന്തു ചെയ്യുന്നു എന്നാണ് രാഹുല്‍ ഗാന്ധി ചോദിച്ചത്. നാഗാലാന്റ് സര്‍ക്കാരും സൈന്യവും വിഷയത്തില്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. സംഭവത്തെ മുഖ്യമന്ത്രിയും ഗവര്‍ണറും അപലപിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ദുഖം രേഖപ്പെടുത്തി. ബിജെപിയും സൈനിക വെടിവയ്പിനെതിരെ രംഗത്തുവന്നു.












Click it and Unblock the Notifications