Get Updates
Get notified of breaking news, exclusive insights, and must-see stories!

രാജ്യത്ത് പൗരത്വ ഭേദഗതി നിയമം പ്രാബല്യത്തിൽ; സർക്കാർ പ്രഖ്യാപനം ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി

ന്യൂഡൽഹി: രാജ്യത്ത് പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കിയതായി പ്രഖ്യാപിച്ച് നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള എൻഡിഎ സർക്കാർ. പാര്‍ലമെന്റ് പാസാക്കിയ പൗരത്വഭേദഗതി നിയമത്തിന്റെ ചട്ടങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനം ചെയ്‌തതോടെയാണ് നിയമം പ്രാബല്യത്തിലായത്. ബിജെപിയുടെ 2019 പ്രകടനപത്രികയിലെ അവിഭാജ്യ ഘടകമായിരുന്നു ഇത്. അയൽ രാജ്യങ്ങളിൽ പീഡിപ്പിക്കപ്പെടുന്നവർക്ക് ഇന്ത്യയിൽ പൗരത്വം ലഭിക്കുന്നതിന് ഇത് വഴിയൊരുക്കും എന്നാണ് കേന്ദ്രം ചൂണ്ടിക്കാണിക്കുന്നത്.

അയൽ രാജ്യങ്ങളായ പാകിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിൽനിന്നുള്ള ഹിന്ദു, ക്രിസ്ത്യൻ, സിഖ്, ബുദ്ധ, ജൈന, പാഴ്സി മതക്കാർക്കാണ് പൗരത്വ നിയമപ്രകാരം ഇന്ത്യൻ പൗരത്വം ലഭിക്കുക. മതിയായ രേഖകളില്ലാത്തവർക്ക് ദീർഘകാല വിസ നൽകുന്നതിന് ജില്ലാ ഭരണകൂടങ്ങൾക്ക് അധികാരമുണ്ടാവുമെന്നും വിവിധ റിപ്പോർട്ടുകൾ സൂചിപ്പിച്ചിരുന്നു. 2019 ഡിസംബർ 11നാണ് പാർലമെന്റ് പൗരത്വനിയമം പാസാക്കിയത്.

pmmodiannouncement

ഏപ്രിൽ/മെയ് മാസങ്ങളിൽ നടക്കാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പ് സിഎഎ നടപ്പാക്കുമെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞ് ഒരു മാസത്തിനുള്ളിലാണ് ഈ സംഭവ വികാസം. "സിഎഎ രാജ്യത്തിന്റെ കാര്യമാണ്... അത് തീർച്ചയായും അറിയിക്കും. തിരഞ്ഞെടുപ്പിന് മുമ്പ് സിഎഎ പ്രാബല്യത്തിൽ വരും (ഒപ്പം) ആരും ഇതിനെക്കുറിച്ച് ആശയക്കുഴപ്പത്തിലാകരുത്," ഡൽഹിയിൽ നടന്ന ഒരു പരിപാടിയിൽ അമിത് ഷാ പറഞ്ഞു.

ഇതോടെ പൗരത്വത്തിനുള്ള അപേക്ഷകള്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉടന്‍ സ്വീകരിച്ചുതുടങ്ങും. 2020 ജനുവരി 10ന് ഇത് നിലവില്‍ വന്നെങ്കിലും ചട്ടങ്ങള്‍ രൂപവത്കരിക്കാത്തതിനാല്‍ നടപ്പാക്കിയിരുന്നില്ല. 2014 ഡിസംബര്‍ 31ന് മുമ്പ് ഇന്ത്യയില്‍ എത്തിയവര്‍ക്കാണ് പൗരത്വത്തിനായി അപേക്ഷ നല്‍കാന്‍ കഴിയുകയെന്നാണ് നിയമത്തില്‍ വ്യവസ്ഥ ചെയ്‌തിരിക്കുന്നത്‌.

അതേസമയം പൗരത്വ ഭേദഗതി നിയമം നടപ്പാക്കില്ലെന്നാണ് തൃണമൂൽ കോൺഗ്രസ് നേതാവും, ബംഗാൾ മുഖ്യമന്ത്രിയുമായ മമത ബാനർജിയും ഡിഎംകെ നേതാവും തമിഴ്‌നാട് മുഖ്യമന്ത്രിയുമായി എംകെ സ്‌റ്റാലിനും ഉൾപ്പെടെയുള്ള പ്രതിപക്ഷ നേതാക്കൾ വ്യക്തമാക്കിയത്. പ്രതിപക്ഷ എതിർപ്പ് വകവെക്കാതെയാണ് നരേന്ദ്ര മോദി സർക്കാരിന്റെ തിരഞ്ഞെടുപ്പിന് മുൻപുള്ള ഈ നീക്കം എന്നതാണ് ശ്രദ്ധേയം.

കേരളം, പഞ്ചാബ് തുടങ്ങിയ ബിജെപി ഇതര ഭരിക്കുന്ന സംസ്ഥാനങ്ങളും സിഎഎയെ എതിർത്തു കൊണ്ട് രംഗത്ത് വന്നിരുന്നു. ഇതിന് പുറമെ പല സംസ്ഥാനങ്ങളും നിയമത്തിനെതിരെ നിയമസഭകളിൽ പ്രമേയം ഉൾപ്പെടെ പാസാക്കുകയും ചെയ്‌തിരുന്നു.

പൗരത്വ നിയമം രാജ്യമെമ്പാടും തീവ്രമായ ചര്‍ച്ചകള്‍ക്കും വ്യാപക പ്രതിഷേധങ്ങള്‍ക്കും കാരണമായിരുന്നു. ഡല്‍ഹിയിലെ ഷഹീന്‍ ബാഗില്‍ നിരവധി സമരങ്ങളും അസമിലെ ഗുവാഹത്തിയില്‍ പ്രതിഷേധ സമ്മേളനങ്ങളും നടന്നു. കൂടാതെ പ്രക്ഷോഭ സമരങ്ങളുമായി ബന്ധപ്പെട്ട അക്രമ സംഭവങ്ങളിൽ നിരവധി പേർക്ക് ജീവൻ നഷ്‌ടമാവുകയും ചെയ്‌തിരുന്നു. എന്നിട്ടും നിയമത്തിൽ നിന്ന് പിന്നോട്ട് പോവാൻ കേന്ദ്ര സർക്കാർ തയ്യാറായിരുന്നില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+